Movie prime

ഇന്ത്യയുടെ അടുത്ത ഐ ടി മേഖലയായി ആരോഗ്യ വ്യവസായ രംഗത്തെ കാണണമെന്ന് ബയോകോൺ മേധാവി കിരൺ മസുംദാർ ഷാ

പ്രൊഫഷണൽ സർവീസസ് മേഖലയിൽ ലോകത്തെ അതികായരായ ഏൺസ്റ്റ് ആൻ്റ് യങ്ങിൻ്റെ ഈ വർഷത്തെ എൻട്രപ്രണർ ഓഫ് ദി ഇയർ അവാർഡ് നേടിയത് ബയോകോൺ മേധാവി കിരൺ മസുംദാർ ഷാ [ Kiran Mazumdar Shaw] ആണ്. വിഖ്യാതമായ ഈ പുരസ്കാരം കരസ്ഥമാക്കുന്ന ലോകത്തെ രണ്ടാമത്തെ വനിതയും മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് കിരൺ മസുംദാർ ഷാ. 2005-ൽ ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിക്കും 2014-ൽ കൊടക് മഹീന്ദ്രയുടെ ഉദയ് കൊടക്കിനുമാണ് മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. സിംഗപ്പൂരിലെ ഹൈഫ്ലക്സ് ലിമിറ്റഡ് മേധാവി More
 
ഇന്ത്യയുടെ അടുത്ത ഐ ടി മേഖലയായി ആരോഗ്യ വ്യവസായ രംഗത്തെ കാണണമെന്ന്  ബയോകോൺ മേധാവി കിരൺ മസുംദാർ ഷാ

പ്രൊഫഷണൽ സർവീസസ് മേഖലയിൽ ലോകത്തെ അതികായരായ ഏൺസ്റ്റ് ആൻ്റ് യങ്ങിൻ്റെ ഈ വർഷത്തെ എൻട്രപ്രണർ ഓഫ് ദി ഇയർ അവാർഡ് നേടിയത് ബയോകോൺ മേധാവി കിരൺ മസുംദാർ ഷാ [ Kiran Mazumdar Shaw] ആണ്. വിഖ്യാതമായ ഈ പുരസ്കാരം കരസ്ഥമാക്കുന്ന ലോകത്തെ രണ്ടാമത്തെ വനിതയും മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് കിരൺ മസുംദാർ ഷാ. 2005-ൽ ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിക്കും 2014-ൽ കൊടക് മഹീന്ദ്രയുടെ ഉദയ് കൊടക്കിനുമാണ് മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. സിംഗപ്പൂരിലെ ഹൈഫ്ലക്സ് ലിമിറ്റഡ് മേധാവി ഒലിവിയ ലുമ്മിനുശേഷം, പ്രശസ്തമായ ഈ അംഗീകാരം നേടുന്ന ലോകത്തെ രണ്ടാമത്തെ വനിതാ സംരംഭകയുമാണ് കിരൺ മസുംദാർ ഷാ.

ഇന്ത്യയുടെ അടുത്ത ഐ ടി മേഖലയായി ആരോഗ്യ വ്യവസായ രംഗത്തെ കാണണമെന്ന്  ബയോകോൺ മേധാവി കിരൺ മസുംദാർ ഷാ

സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിൽ, കുറഞ്ഞ വിലയിൽ ജീവൻ രക്ഷാ ഔഷധങ്ങളുടെ സാർവത്രിക ലഭ്യത ഉറപ്പു വരുത്തിയതിനാണ് ബയോ കോൺ മേധാവിക്ക് ഇ വൈ പുരസ്കാരം സമ്മാനിച്ചത്. കോവിഡിൻ്റെ പ്രത്യേക പശ്ചാത്തലത്തിൽ വെർച്വലായാണ് അവാർഡ് ദാനച്ചടങ്ങ് സംഘടിപ്പിച്ചത്.

സംരംഭക ലോകത്തിന് പ്രചോദനം നല്കുന്ന വ്യക്തിത്വമാണ് കിരൺ മസുംദാർ ഷായുടേതെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. നിശ്ചയ ദൃഢതയും സ്ഥിരോത്സാഹവുമാണ് അവരുടെ വ്യക്തിത്വത്തിൻ്റെ സവിശേഷമായ പ്രത്യേകതകൾ. ദീർഘകാല മൂല്യം പകരുന്ന ഉല്പന്നങ്ങൾക്കായുള്ള നിരന്തര അന്വേഷണമാണ് അവരുടെ ജീവിതം. മനുഷ്യ സ്നേഹ തത്പരതയിൽ ഊന്നിയുള്ള അവരുടെ സേവനങ്ങൾ ആഗോളതലത്തിൽ സ്വാധീനം സൃഷ്ടിക്കാൻ കഴിഞ്ഞതായും അവാർഡ് സമിതി വിലയിരുത്തി.

നാല്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള നാല്പത്തിയാറ് സംരംഭകരിൽ നിന്നാണ് അവർ ഇ വൈ അംഗീകാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

അറുപത്തേഴുകാരിയായ കിരൺ മസുംദാർ ഷാ 1978-ലാണ് ബയോകോൺ കമ്പനി സ്ഥാപിക്കുന്നത്. രണ്ടു ജീവനക്കാരും കേവലം അഞ്ഞൂറ് ഡോളർ പ്രാരംഭ മൂലധനവുമായി ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ച കമ്പനി ഇന്ന് ഏഷ്യയിലെ തന്നെ ഈ രംഗത്തെ മുൻനിര കമ്പനികളിൽ ഒന്നാണ്. 800 ദശലക്ഷം ഡോളറാണ് കമ്പനിയുടെ വാർഷിക വരുമാനം. ബയോകോണിലും അതിനു കീഴിലുള്ള വിവിധ കമ്പനികളിലുമായി 11,000-ത്തോളം ജീവനക്കാർ ജോലി ചെയ്യുന്നു. ബെംഗളൂരുവിൽ ഒരു ടെക്നോളജി ഹബ്ബ് പ്രവർത്തിക്കുന്നു. ആഗോള ഹെൽത്ത് കെയർ വ്യവസായത്തിൽ നിർണായക പങ്കാണ് ബയോകോൺ വഹിക്കുന്നത്. പ്രമേഹം, കാൻസർ, റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കുള്ള മരുന്നുകൾ മിതമായ വിലയിൽ ലഭ്യമാക്കുന്നു എന്നതാണ് ബയോകോണിൻ്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ പതിനഞ്ചു വർഷക്കാലയളവിൽ ബയോ കോൺ ലോകത്തിനു നല്കിയത് രണ്ടു ബില്യൺ ഡോസ് ഇൻസുലിനാണ്; അതും നടപ്പുവിലയുടെ മൂന്നിലൊന്ന് വിലയ്ക്ക്. കാൻസർ ചികിത്സാരംഗത്തും ബയോകോൺ മരുന്നുകൾക്ക് വലിയ ഡിമാൻഡാണ്.

കമ്പനിയുടെ തന്നെ ആൻ്റി വൈറൽ മരുന്നായ ഇറ്റിലോസുമാബിനെ കോവിഡ് ചികിത്സയിൽ പ്രയോജനപ്പെടുത്താനുള്ള പരീക്ഷണങ്ങളിലാണ് കമ്പനി. “കുഴപ്പം പിടിച്ച കാലത്താണ് ഏറ്റവും മികച്ച അവസരങ്ങൾ ഉയർന്നുവരുന്നത് ” എന്നാണ് കിരൺ മസുംദാർ ഷാ എന്ന വിജയം കൈവരിച്ച സംരംഭകയുടെ പക്ഷം. ഏൺസ്റ്റ് & യങ്ങിൻ്റെ മഹത്തായ ഈ അംഗീകാരം തൻ്റെ സഹപ്രവർത്തകർക്കും രാജ്യത്തിനും ഉള്ളതാണെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. ലോകത്തെ ഏറ്റവും ശക്തരായ നൂറ് വനിതകളുടെ ഫോർബ്സ് പട്ടികയിലും ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറ് പ്രഗത്ഭവ്യക്തിത്വങ്ങളുടെ ടൈംസ് മാഗസിൻ പട്ടികയിലും അവർ ഇടം പിടിച്ചിട്ടുണ്ട്.

“ഒരു ആക്സിഡൻ്റൽ എൻട്രപ്രണർ” എന്നാണ് കിരൺ മസുംദാർ ഷാ സ്വയം വിശേഷിപ്പിക്കുന്നത്. പുരുഷമേധാവിത്ത മനോഭാവം കൂടുതലുള്ള മേഖലയാണ് നിക്ഷേപം. പുരുഷന്മാരുടെ കൈകളിലാണ് ധനം ഉള്ളത്. പുരുഷ സംരംഭകർക്ക് പണം നല്കാനാണ് സകലർക്കും താത്പര്യം. അത് സ്ത്രീകളോടുള്ള അനീതിയാണ്. സംരംഭക രംഗത്ത് വിജയിക്കാൻ ശേഷിയുള്ള ഒട്ടേറെ വനിതകൾ നമുക്കിടയിലുണ്ട്. കൈയിൽ പണമില്ല എന്ന പരിമിതി മാത്രമാണ് അവർ നേരിടുന്നത്. നാല്പത് കൊല്ലം മുമ്പ് ബയോകോണിന് തുടക്കം കുറിക്കുമ്പോൾ താനിത് അനുഭവിച്ചതാണ്. ഈ മനോഭാവം മാറിയില്ലെങ്കിൽ ഈ രംഗത്ത് സ്ത്രീകളുടെ കടന്നുവരവ് അസാധ്യമാകും.

മാറ്റം അനിവാര്യമാണ്. വ്യവസായ രംഗത്ത് കടന്നു വരാൻ ആഗ്രഹിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. പരമ്പരാഗത വ്യവസായ മേഖലയിലല്ല, നൂതനമായ സംരംഭക മേഖലകളിലാണ് അവർ കടന്നുചെല്ലാൻ ആഗ്രഹിക്കുന്നത്. അതിനായി സ്ത്രീകൾക്ക് മതിയായ പ്രോത്സാഹനവും സാമ്പത്തിക പിന്തുണയും ആവശ്യമാണ്. സർക്കാർ തന്നെ ഇതിന് മുൻകയ്യെടുക്കണം. ശാസ്ത്ര മേഖലയിൽ കൂടുതൽ നിക്ഷേപം വേണം. വ്യവസായമെന്ന നിലയിലും അക്കാദമിക് ഗവേഷണത്തിനുമായി ശാസ്ത്രത്തിൽ കൂടുതൽ നിക്ഷേപം ആവശ്യമാണ്.

ഇന്ത്യയുടെ അടുത്ത ഐ ടി മേഖലയായി ആരോഗ്യ വ്യവസായ രംഗത്തെ കാണണമെന്ന്  ബയോകോൺ മേധാവി കിരൺ മസുംദാർ ഷാ

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ ഇന്നൊവേഷൻ്റെ കാര്യത്തിൽ മുൻനിരയിലുള്ള കാര്യം അവർ ചൂണ്ടിക്കാട്ടി. പരിശോധനാ കിറ്റുകളും വെൻ്റിലേറ്ററുകളും വ്യക്തിഗത സുരക്ഷാ കിറ്റുകളും ഉൾപ്പെടെ നൂതന രീതികളിൽ വികസിപ്പിച്ചെടുക്കുന്നതിൽ ലോകത്ത് ഒന്നാം നിരയിൽത്തന്നെ ഇന്ത്യയുണ്ട്. ശാസ്ത്ര ഗവേഷണ മേഖലയിൽ, അതിൽത്തന്നെ ഇന്നൊവേറ്റീവ് ആയ ഉല്പന്നങ്ങളിലും കൂടുതൽ ശ്രദ്ധയർപ്പിക്കേണ്ട സമയമാണിത്.

ഇന്ത്യയുടെ അടുത്ത ഐ ടി മേഖലയായി ആരോഗ്യ വ്യവസായ രംഗത്തെകാണണമെന്ന് അവർ അഭിപ്രായപ്പെട്ടു.ഹെൽത്ത് കെയർ, ഫാർമസ്യൂട്ടിക്കൽ മേഖലകളാണ് വരുംനാളുകളിൽ കരുത്താർജിക്കാൻ പോകുന്നത്.

ഐ ടിക്ക് നാം ഇപ്പോൾ നല്കുന്ന പിന്തുണയും പ്രോത്സാഹനവും ആരോഗ്യമേഖലയ്ക്കും മരുന്നുഗവേഷണ, ഉല്പാദന മേഖലകൾക്കും നല്കണം. എങ്കിൽ ലോകത്തെ ഏറ്റവും കരുത്തുറ്റ വ്യവസായമായി അവ മാറും.

ഈ രംഗത്തെ വളർച്ചയ്ക്കും വികാസത്തിനും അനുകൂലമായ ഒട്ടേറെ ഘടകങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. ലോകത്ത് ഏറ്റവുമധികം അളവ് വാക്സിനുകൾ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ജനറിക് മരുന്നുല്പാദനത്തിലും നമ്മളാണ് മുന്നിൽ. ബയോസിമിലർ മരുന്നുല്പാദനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള പ്രയാണത്തിലാണ് നാം.

ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖല കൂടിയാണ് ഹെൽത്ത് കെയറെന്ന് അവർ ചൂണ്ടിക്കാട്ടി. താഴെത്തട്ട് മുതൽ സ്പെഷ്യലിസ്റ്റുകൾ വരെയുള്ളവർക്ക് ജോലി സാധ്യതകളുണ്ട്. ആശാ വർക്കർമാരും അംഗനവാടി ജീവനക്കാരും മുതൽ ഗവേഷകരും മെഡിക്കൽ സ്പെഷ്യലിസ്റ്റുകളും ബയോ മെഡിക്കൽ എഞ്ചിനീയർമാരും വരെ ഇതിൽ ഉൾപ്പെടും.

ഐ ടി മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രോത്സാഹനം ഫാർമസ്യൂട്ടിക്കൽ, ഹോസ്പിറ്റൽ വ്യവസായ മേഖലകൾക്കും നൽകിയാൽ ആഗോളതലത്തിൽ ഇന്ത്യ വൻശക്തിയായി മാറും.

ഇന്ത്യയുടെ അടുത്ത ഐ ടി മേഖലയായി ആരോഗ്യ വ്യവസായ രംഗത്തെ കാണണമെന്ന്  ബയോകോൺ മേധാവി കിരൺ മസുംദാർ ഷാ

പ്രതിസന്ധിയുടെ കാലത്ത് രാജ്യത്തെ സ്വകാര്യ ആശുപത്രികൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന ആരോപണത്തെ അവർ തളളിക്കളഞ്ഞു. നിശ്ചിത വിലയിൽ കൂടുതൽ ഈടാക്കാൻ പാടില്ല എന്ന പ്രൈസ് കാപ്പുകൾ നിലവിലെ സാഹചര്യത്തിൽ ഫലപ്രദമല്ലെന്ന് അവർ വിശദീകരിക്കുന്നു. അത്തരം നിയന്ത്രണങ്ങൾ വന്നതോടെയാണ് ആൻ്റിബയോട്ടിക് മേഖലയിൽ നാം പിന്തള്ളപ്പെട്ടത്. പ്രൈസ് കാപ്പുകൾ കൊണ്ടുവന്ന് ആൻ്റിബയോട്ടിക് വ്യവസായത്തെ നാം ആട്ടിപ്പായിച്ചു. കോവിഡ്- 19 ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ 5000 രൂപ ഈടാക്കുന്നു എന്ന് മുറവിളി കൂട്ടുന്നവർ ചികിത്സയ്ക്ക് വരുന്ന ചിലവ് പരിഗണിക്കുന്നില്ല. പല ഘടകങ്ങളും പരിഗണിക്കാതെയാണ് സർക്കാർ മേഖലയിലെ വില നിർണയം. ചൈനയെപ്പറ്റി നാമിത് പണ്ടേ തന്നെ പറഞ്ഞു പോരുന്നതാണ്. “നമുക്ക് വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ടല്ലോ, അതിനാൽ കോസ്റ്റിങ്ങിൽ അത് ഉൾപ്പെടുത്തേണ്ട” എന്നാണ് ഇക്കാര്യത്തിലെ ചൈനീസ് നയം. നമ്മുടെ സർക്കാരും അതേ രീതിയിലാണ് കാര്യങ്ങൾ കാണുന്നത്. വില നിശ്ചയിക്കുന്നതിൽ ഇതേ മനോഭാവമാണ് ഉള്ളത്. ആ രീതിയിൽ സ്വകാര്യ മേഖലയ്ക്ക് മുന്നോട്ടുപോകാനാവില്ല. വളരെ സുതാര്യമായ രീതിയിലും യുക്തിപൂർവമായും വേണം ചികിത്സാച്ചിലവ് നിർണയിക്കേണ്ടത്. അല്ലെങ്കിൽ ഈ മേഖലയ്ക്ക് അതിജീവിക്കാൻ ആവില്ല.

ആത്മനിർഭർ ഭാരതിൻ്റെ പേരിൽ ചൈനീസ് ആപ്പുകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ അനാവശ്യമാണെന്ന് അവർ പറയുന്നു. ചൈനയുമായുള്ള വ്യാപാര ബന്ധം നമുക്ക് ഉപേക്ഷിക്കാനാവില്ല. സ്വന്തം ശേഷിയും കരുത്തും വർധിപ്പിക്കാനുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കേണ്ടത്. എല്ലാ രാജ്യങ്ങളുമായും നിലവിലുള്ള വ്യാപാര ബന്ധങ്ങൾ തുടരണം, ശക്തിപ്പെടുത്തണം. എല്ലാവരുമായും യോജിച്ചുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകണം. അത്തരം ഒരു സന്തുലനം നമുക്കാവശ്യമാണ്. അതോടൊപ്പം തന്നെ നമ്മുടെ ശക്തി വർധിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടാവണം. മത്സരക്ഷമത മെച്ചപ്പെടുത്തണം. അതിലാണ് നാം ശ്രദ്ധയൂന്നേണ്ടത്.

കടപ്പാട്: ഇടി നൗ, സിഎൻ ബിസി-ടിവി18