Movie prime

​ആക്സിസ് ക്വാണ്ട് ഫണ്ട് എത്തി

 
രാജ്യത്തെ അതിവേഗം വളരുന്ന മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ  ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് 'ആക്‌സിസ് ക്വാണ്ട് ഫണ്ട്' എന്ന പേരില്‍  പുതിയ ഓപ്പണ്‍ എന്‍ഡഡ് ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ട്  പദ്ധതി പ്രഖ്യാപിച്ചു. ഇഷ്യു ജൂണ്‍ 11-ന് ആരംഭിച്ച് 25-ന് അവസാനിക്കും. 5000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം.

സിസ്റ്റമാറ്റിക് ക്വാണ്ടിറ്റേറ്റീവ് പ്രോസസിലൂടെ തെരഞ്ഞെടുക്കുന്ന ഓഹരികളിലും ഓഹരയധിഷ്ഠിത ഉപകരണങ്ങളിലുമാണ് മുഖ്യമായും ഫണ്ട് നിക്ഷേപം നടത്തുക. ഇതു വഴി ദീര്‍ഘകാലമൂലധന വളര്‍ച്ച ലക്ഷ്യമിടുന്നു. ഗുണമേന്മ, വളര്‍ച്ച, മൂല്യം എന്നിവ അടിസ്ഥാനമാക്കി എല്ലാക്കാലത്തും മുന്നേറാന്‍ സാധിക്കുന്ന ഓഹരികളാണ് ക്വാണ്ടിറ്റേറ്റീവ് സമീപനത്തിലൂടെ തെരഞ്ഞടുക്കുക.

കമ്പനികളുടെ ഭരണം, കമ്പനികളെ സംബന്ധിച്ച വിവരങ്ങളുടെ വെളിപ്പെടുത്തല്‍ തുടങ്ങിയവയില്‍ വന്‍ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. ഇങ്ങനെ  ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസറ്റ് മാനേജര്‍മാര്‍ക്ക് ഫണ്ട് മാനേജ്‌മെന്റില്‍ വലിയ അവസരമാണ് ഒരുക്കുന്നത്.  ഫണ്ട് മാനേജ്‌മെന്റ് പ്രക്രിയയെതന്നെ ഇതു മാറ്റി മറിക്കുകയാണ്. ഈ മാറ്റത്തെ ഉള്‍ക്കൊണ്ടുക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഫണ്ടുകളെയാണ് ക്വാണ്ട് ഫണ്ടുകള്‍ എന്നു വിളിക്കുന്നത്.  

നിക്ഷേപശേഖരം  തയാറാക്കാനായി ഗണിതശാസ്ത്ര മോഡലുകളും ചിട്ടയായ സമീപനവുമാണ്  ഇത്തരം ഫണ്ടുകളില്‍ സ്വീകരിക്കുന്നത്. ലഭ്യമായ വൈവിധ്യമാര്‍ന്ന വിവരങ്ങള്‍ വിലയിരുത്തിയാണ് നിക്ഷേപത്തിനുള്ള ഓഹരികള്‍ കണ്ടെത്തുന്നത്. ഫണ്ടിന്റെ റിസ്‌ക്-റിട്ടേണ്‍ ലക്ഷ്യങ്ങള്‍ക്കനുസരിച്ച്  നിക്ഷേപശേഖരം തയാറാക്കുവാന്‍ ഈ സമീപനം സഹായിക്കുന്നു. ഗുണമേന്മയും വളര്‍ച്ചാസാധ്യതയുമുള്ള ഓഹരികള്‍  ന്യായ വിലയില്‍ നിക്ഷേപത്തിനായി ഫണ്ട്  പുതിയ സമീപനത്തിലൂടെ തെരഞ്ഞെടുക്കുന്നു.

ദീര്‍ഘകാലത്തില്‍  സമ്പത്ത് സൃഷ്ടിക്കുവാന്‍ ഡാറ്റയുടെ ശക്തി ഉപയോഗപ്പെടുത്തുന്ന ഒരു പദ്ധതിയാണ് ആക്‌സിസ് ക്വാണ്ട് മ്യൂച്വല്‍ ഫണ്ടിലൂടെ തങ്ങള്‍ നിക്ഷേപകര്‍ക്കു മുന്നില്‍  അവതരിപ്പിക്കുന്നതെന്ന് ആക്‌സിസ് എഎംസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേശ് നിഗം പറഞ്ഞു.