Movie prime

ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനുമായി ഊബര്‍

 

ഊബര്‍ പ്ലാറ്റ്‌ഫോമിലെ 37,000ത്തിലധികം ഡ്രൈവര്‍മാര്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു കഴിഞ്ഞതായി ഊബര്‍. 18.5 കോടി രൂപയുടെ സംരംഭത്തിന്റെ ഭാഗമാണിത്.

കഴിഞ്ഞ ഏതാനും നാളുകളായി ഊബര്‍, ഡ്രൈവര്‍മാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനുള്ള മടി മാറ്റുന്നതിനും വ്യാജ പ്രചാരണങ്ങളിലുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും വാക്‌സിന്‍ കൊണ്ടുള്ള ഗുണങ്ങള്‍ മനസിലാക്കി കൊടുക്കുന്നതിനുമായി ബോധവല്‍ക്കരണ വീഡിയോ ക്ലാസും സന്ദേശങ്ങളും മറ്റും ആപ്പിലൂടെ നല്‍കുന്നു.

പകര്‍ച്ചവ്യാധിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്ന ഊബറിന്റെ നിര്‍ണായക ചുവടുവയ്പ്പുകളാണ് ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും വാക്‌സിന്‍ പ്രതിഫലവും. വാക്‌സിന്‍ എടുക്കാന്‍ റൈഡര്‍മാരെയും ഡ്രൈവര്‍മാരെയും സഹായിക്കുന്നുണ്ടെന്നും ഡ്രൈവര്‍മാരില്‍ നിന്നും ലഭിച്ച പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും പിന്തുണ തുടരുമെന്നും ഊബര്‍ പ്ലാറ്റ്‌ഫോമിലെ സുരക്ഷയ്ക്ക് ഇത് കൂടുതല്‍ ശക്തി പകര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയാണെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത്ത് സിങ് പറഞ്ഞു.

ഡ്രൈവര്‍മാര്‍ക്ക് വാക്‌സിന്‍ പാരിതോഷികം നല്‍കാനുള്ള 18.5 കോടി രൂപയുടെ ഈ സംരംഭം കൂടാതെ മെയ് 28ന് ഊബര്‍ കോവിഡ് സ്ഥിരീകരിച്ച ഡ്രൈവര്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. ഇവര്‍ക്ക് 14 ദിവസത്തെ വരുമാനം ക്ലെയിം ചെയ്യാം. നിര്‍ഭാഗ്യ വശാല്‍ ഏതെങ്കിലും ഡ്രൈവര്‍ കോവിഡ്-19ന് ഇരയായാല്‍ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായമായി 75,000 രൂപ നല്‍കുന്നതിനും പദ്ധതിയുണ്ട്.