Ruth Bader Ginsburg
അന്തരിച്ച സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദർ ജിൻസ്ബർഗിൻ്റെ മൃതദേഹത്തിന് ആദരമർപ്പിക്കാൻ എത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിനെതിരെ മുദ്രാവാക്യം മുഴക്കി ആൾക്കൂട്ടം. കറുത്ത മാസ്ക് ധരിച്ച്, ഭാര്യ മെലാനിയ ട്രമ്പിനൊപ്പമാണ് അദ്ദേഹം സുപ്രീം കോടതി കെട്ടിടത്തിലെത്തിയത്. നവംബർ 3-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ജിൻസ്ബർഗിന്റെ മരണം തിരഞ്ഞെടുപ്പ് ചർച്ചകളിൽ വലിയ വഴിത്തിരിവായിട്ടുണ്ട്. Ruth Bader Ginsberg

2017-ൽ അധികാരമേറ്റതിനുശേഷം രണ്ട് ജഡ്ജിമാരെ നിയമിച്ച റിപ്പബ്ലിക്കൻ പ്രസിഡന്റ്, ജിൻസ് ബർഗിൻ്റെ പകരക്കാരനെ ഉടൻ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
87 വയസ്സുള്ള ജസ്റ്റിസ് സെപ്റ്റംബർ 18-നാണ് മരണമടഞ്ഞത്. തിരഞ്ഞെടുപ്പിന് രണ്ട് മാസത്തിൽ താഴെ മാത്രം സമയം അവശേഷിക്കെ പകരം ജഡ്ജിയെ നിയമിക്കുന്ന കാര്യത്തിൽ വേഗത്തിൽ നീങ്ങാനുള്ള ട്രമ്പിൻ്റെ തീരുമാനം റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും ഇടയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
അമേരിക്കയിൽ ഇതുവരെ 200,000-ത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. സമ്പദ്വ്യവസ്ഥ വലിയ തിരിച്ചടികൾ നേരിടുകയാണ്. വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്ത പ്രസിഡൻ്റിൻ്റെ രീതിക്കെതിരെ വലിയ പ്രതിഷേധം അലയടിക്കുന്നതിന് ഇടയിലാണ് തിരഞ്ഞെടുപ്പ് നടക്കാൻ ഒരുങ്ങുന്നത്.
1993-ൽ ഡെമോക്രാറ്റ് പ്രസിഡൻ്റായ ബിൽ ക്ലിൻ്റനാണ് ജിൻസ്ബർഗിനെ നിയമിച്ചത്. അമേരിക്കൻ ലിബറലുകളുടെ പ്രധാനപ്പെട്ട ഐക്കണായിരുന്നു ജസ്റ്റിസ് റൂത്ത് ബദർ ജിൻസ്ബർഗ്. കോടതി കൂടുതൽ യാഥാസ്ഥിതികമായി മാറിയ പുതിയ ചുറ്റുപാടിൽ അവരുടെ വിയോഗം വലിയ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
ട്രമ്പ് പ്രസിഡന്റായ 2016-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ജിൻസ്ബർഗ് ട്രമ്പിനെ പരസ്യമായി വിമർശിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ അവർ ട്രമ്പിനെ വിശേഷിപ്പിച്ചത് “കാപട്യക്കാരൻ” എന്നാണ്. ജിൻസ്ബർഗിന്റെ മനസ്സാണ് ആ പ്രതികരണത്തിലൂടെ ചിത്രീകരിക്കപ്പെട്ടതെന്ന് അന്ന് ട്രമ്പ് തിരിച്ചടിച്ചു.