in

അതിജീവന സന്ദേശം പകരാന്‍ ചലച്ചിത്ര അക്കാദമി ഹ്രസ്വചിത്ര മല്‍സരം

കൊറോണ എന്ന മഹാമാരി മൂലം ലോകം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ജനങ്ങളില്‍ പ്രത്യാശയും അതിജീവനസന്ദേശവും പകരുക എന്ന സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒരു ഹ്രസ്വചിത്ര തിരക്കഥാ രചനാമല്‍സരം നടത്തുന്നു. ലോക് ഡൗണ്‍ കാലത്ത് കലാകാരന്മാരുടെ സര്‍ഗാത്മകമായ ആവിഷ്കാരങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുക, ഈ ദുരിതകാലത്തോടുള്ള കേരളത്തിലെ ചലച്ചിത്രപ്രവര്‍ത്തകരുടെ കലാപരമായ പ്രതികരണം ചരിത്രപരമായി രേഖപ്പെടുത്തുക എന്നീ സാംസ്കാരിക ദൗത്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മല്‍സരം സംഘടിപ്പിക്കുന്നത്.

‘ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് തിരക്കഥകള്‍ രചിക്കേണ്ടത്. കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് മലയാളികള്‍ അഭിമുഖീകരിക്കുന്ന ഏകാന്തവാസത്തിന്‍റയും അതിജീവനശ്രമങ്ങളുടെയും കലാപരമായ ആവിഷ്കാരങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പംതന്നെ പ്രവാസി മലയാളികള്‍ നേരിടുന്ന ലോക് ഡൗണ്‍ കാല അനുഭവങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യാം. സമീപകാലത്ത് പ്രളയവും നിപയും പോലുള്ള ദുരന്തങ്ങളെ അതിജീവിച്ച നമ്മള്‍ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഈ ദുരിതകാലത്തെയും അതിജീവിക്കുന്നതിന്‍റ പ്രതീക്ഷാനിര്‍ഭരവും പ്രത്യാശാഭരിതവുമായ അടയാളപ്പെടുത്തലായിരിക്കണം അത്. ഈ വിഷയത്തിന്‍റ പശ്ചാത്തലത്തില്‍ ഏകാന്തവാസം എന്ന അനുഭവത്തെ വ്യത്യസ്തതലങ്ങളില്‍ വ്യാഖ്യാനിക്കുകയുമാവാം.

മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി 10 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകള്‍ മലയാളത്തിലോ ഇംഗ്ളീഷിലോ സമര്‍പ്പിക്കാം. ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് ഈ മല്‍സരത്തില്‍ പങ്കെടുക്കാം. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍ എന്നീ രണ്ടു കാറ്റഗറികളിലാണ് മല്‍സരം നടക്കുക. പൊതുവിഭാഗത്തിന് പ്രായപരിധിയില്ല. ഹൈസ്കൂള്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാമത്തെ വിഭാഗത്തില്‍പെടും. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു ജൂറിയായിരിക്കും മികച്ച സ്ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുക. രണ്ടു വിഭാഗങ്ങളില്‍നിന്നുമായി 10 തിരക്കഥകളാണ് തെരഞ്ഞെടുക്കുക. ഇതില്‍ 3 എണ്ണം വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്നായിരിക്കും.
ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച തിരക്കഥകള്‍ ഹ്രസ്വചിത്രമാക്കുന്നതിന് അക്കാദമി പരമാവധി 50,000 രൂപ സാമ്പത്തിക സഹായം നല്‍കും.

തിരക്കഥാകൃത്തുക്കള്‍ക്കോ അവര്‍ തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്കോ സംവിധാനം നിര്‍വഹിക്കാം. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്നവയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങള്‍ അടുത്ത രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്രമേളയില്‍ (IDSFFK) പ്രത്യേക പാക്കേജ് ആയി പ്രദര്‍ശിപ്പിക്കും. [email protected] എന്ന ഇ-മെയിലില്‍ സ്ക്രിപ്റ്റുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 മെയ് 5 ആണ്. വിശദവിവരങ്ങള്‍ അക്കാദമിയുടെ വെബ്സൈറ്റായ www.keralafilm.com ലും https://www.facebook.com/chalachitraacademy എന്ന ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കൊറോണ വൈറസ് വ്യാപനത്തിനിടയിൽ സൈബർ സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് ടി ഗ്ലോബലിൻ്റെ സൈബർ പ്രൂഫ്

പിസ ഡെലിവറി ബോയ്ക്ക് കൊറോണ, ഡൽഹിയിൽ 89 പേർ ക്വാറൻ്റൈനിൽ