in

ചാമ്പ്യന്‍സ് ബോട്ട്ലീഗ്: കോര്‍പ്പറേറ്റുകളും പ്രശസ്ത വ്യക്തികളും ഫ്രാഞ്ചൈസികളാകും

കൊച്ചി: ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കേരള ടൂറിസം സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ (സിബിഎല്‍) ഫ്രാഞ്ചൈസികളാകാന്‍  രാജ്യത്തെ പ്രമുഖ കോര്‍പറേറ്റുകളും വിശിഷ്ട വ്യക്തികളുമെത്തുമെന്നു . 

ഒന്‍പതു ടീമുകളുടെ ഫ്രാഞ്ചൈസിയ്ക്കായി ലേലത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി വ്യാഴാഴ്ച (ജൂലായ് 25) ആണ്. ജൂലായ് 29 ന് കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരിക്കും ലേലം നടക്കുക.

ലോകമെങ്ങുമറിയപ്പെടുന്നതും എന്നാല്‍ ഏകീകൃതമല്ലാത്തതുമായ  തനതു ജലവിനോദമായ ചുണ്ടന്‍ വള്ളംകളിയെ കൂടുതല്‍ മികച്ചതാക്കാനും ഐപിഎല്‍ മാതൃകയില്‍ വാണിജ്യവത്ക്കരിക്കാനുമുള്ള സിബിഎല്‍ ശ്രമങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും വിശിഷ്ടവ്യക്തികളുടെയും പങ്കാളിത്തം  ഊര്‍ജം പകരുമെന്ന്   ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന്‍റെ മഴക്കാലത്തെ ടൂറിസത്തിന്‍റെ കാഴ്ചപ്പാടിലൂടെ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ സിബിഎല്‍ വഴി സാധിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ക്കൂടി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളുടെ പട്ടികയിലേക്ക് കേരളമെത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

എല്ലാ പങ്കാളികള്‍ക്കും ഫ്രാഞ്ചൈസി ഉടമകള്‍ക്കും ബോട്ട് ക്ലബ്ബുകള്‍ക്കും ഉടമസ്ഥര്‍ക്കും തുഴച്ചിലുകാര്‍ക്കും സിബിഎല്‍-ലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ പ്രശസ്ത ജലാശയങ്ങളില്‍ നടക്കുന്ന വള്ളംകളികളുടെ പ്രേക്ഷകരാകാനുള്ള അവസരം വിനോദസഞ്ചാരികള്‍ക്ക് ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

മൂന്നുമാസം നീളുന്ന സിബിഎല്‍-ല്‍ ഒമ്പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12  വേദികളിലായി, 12 മത്സരങ്ങളാണ് സിബിഎല്‍-ല്‍ ഉണ്ടാകുന്നത്. ഓഗസ്റ്റ് 10 മുതല്‍ നവംബര്‍ ഒന്നു വരെയാണ് മത്സരങ്ങള്‍. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന  കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്‍റ്. 

രണ്ടു ലക്ഷ്യങ്ങളോടെയാണ് കേരള ടൂറിസം സിബിഎല്‍ എന്ന അനുപമമായ ഉല്പന്നത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം നല്‍കാനും നാട്ടുകാര്‍ക്ക് നേട്ടമുണ്ടാകാനുമാണിത്.  കേരളത്തിന്‍റെ  സാമൂഹികമായ കാഴ്ചപ്പാടുകള്‍ക്കും വള്ളംകളികള്‍ക്ക് നാട്ടിലുള്ള സ്വാധീനത്തിനും കോട്ടം വരാതെയാണ് കേരള ടൂറിസം ഇത് സംഘടിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. 

നെഹൃ ട്രോഫി വള്ളംകളി നാലു ലക്ഷം പേര്‍ നേരിട്ടു കാണുന്നുണ്ടെന്ന് ടൂറിസം ഡയറക്ടര്‍  പി ബാല കിരണ്‍ പറഞ്ഞു. ക്രിക്കറ്റ് മൈതാനങ്ങളായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 60,000 പേരും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 90,000 പേരുമാണ് കളി കാണുന്നത്.  തത്സമയം കാണുന്ന ഏറ്റവും വലിയ മത്സരങ്ങളിലൊന്നാണ് വള്ളംകളി. 

പള്ളാത്തുരുത്തി ബോട്ട് ക്ലബ്; പോലീസ് ബോട്ട് ക്ലബ്; യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം, കൈനകരി; എന്‍സിഡിസി/കുമരകം; വില്ലേജ് ബോട്ട് ക്ലബ്, എടത്വ; കെബിസി/എസ്എഫ്ബിസി കുമരകം; വേമ്പനാട് ബോട്ട് ക്ലബ് കുമരകം; ടൗണ്‍ ബോട്ട് ക്ലബ് കുമരകം; ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ എന്നിവയാണ് മത്സരിക്കുന്ന സിബിഎല്‍-ല്‍ മത്സരിക്കുന്ന ഒന്‍പതു  ടീമുകള്‍.ഓഗസ്റ്റ് പത്തിന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹൃ ട്രോഫി വള്ളം കളിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ആദ്യ കളി തുടങ്ങുന്നത്. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കൊല്ലത്തു നടക്കുന്ന പ്രസിഡന്‍റ്സ് ബോട്ട് റൈസിനൊപ്പം സിബിഎല്‍ സമാപിക്കും. 

ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5 മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.  ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പ്രഥമ നിശാഗന്ധി സംഗീത പുരസ്കാര സമര്‍പ്പണം ഇന്ന്

റോബോട്ടിക് പ്രോസസ്  ഓട്ടോമോഷന്‍  കോഴ്‌സില്‍ സൗജന്യ പരിശീലന കളരി