in

മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ജീനിയസ്സായി വിക്രം; കോബ്രയുടെ ടീസർ പുറത്തിറങ്ങി

Cobra
കാത്തിരിപ്പിന് വിരാമമിട്ട് വിക്രം നായകനായ കോബ്ര എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ഒരു ഗണിത ശാസ്ത്ര പ്രതിഭയായാണ്  ചിത്രത്തിൽ വിക്രം വേഷമിടുന്നത്. ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കണക്ക് പറഞ്ഞു കൊടുക്കുന്ന അധ്യാപകൻ. എന്നാൽ ഒരു മോസ്റ്റ് വാണ്ടഡ് ഇൻ്റർനാഷണൽ ക്രിമിനലാണ് അയാളെന്ന് ആർക്കുമറിയില്ല. കുറ്റകൃത്യങ്ങൾക്ക് ഗണിത ശാസ്ത്ര സമവാക്യങ്ങൾ സമർഥമായി ഉപയോഗപ്പെടുത്തുന്ന ഒരു അസാമാന്യ ജീനിയസ് ആണ് അയാൾ. “എല്ലാ പ്രശ്‌നങ്ങൾക്കും ഒരു ഗണിതശാസ്ത്ര പരിഹാരമുണ്ട് ” എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. Cobra

കഥാപാത്രത്തിൻ്റെ സ്വഭാവത്തെപ്പറ്റി വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും തമിഴ് സിനിമയിലെ ആൻ്റി ഹീറോ ക്യാരക്റ്ററുകളുടെ ചരിത്രമെടുത്താൽ റോബിൻഹുഡിനും ബാറ്റ് മാനും ഇടയിലാവും കോബ്രയിൽ വിക്രം ചെയ്യുന്ന കഥാപാത്രത്തിൻ്റെ സ്വഭാവമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതിവേഗം വേഷപ്രച്ഛന്നനാവാൻ കഴിവുള്ളവനാണ് കോബ്രയിലെ നായകൻ. ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് അതിവേഗം സഞ്ചരിക്കുന്നവൻ. വ്യത്യസ്ത തരത്തിലുള്ള ഇരുപതോളം ഗെറ്റപ്പുകളിൽ താരത്തെ കാണാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആദ്യമായല്ല ഒരേ ചിത്രത്തിൽ വ്യത്യസ്ത അവതാരങ്ങളിൽ താരമെത്തുന്നത്. കണ്ടസ്വാമിയിൽ പെൺവേഷമുൾപ്പെടെ ചെയ്തിരുന്നു. അന്യനിൽ പ്രത്യക്ഷപ്പെട്ടത് മൂന്ന് ഗെറ്റപ്പുകളിൽ. ഐ എന്ന ചിത്രത്തിലെ കൂനുളള കഥാപാത്രത്തെ അവതരിപ്പിക്കാൻ ശരീരഭാരം വളരെയധികം കുറയ്ക്കാനും വിക്രം തയ്യാറായി.

ഇമൈക നൊടികൾ ഫെയിംഅജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും. തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.   ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ്ങ് ഭുവൻ ശ്രീനിവാസനാണ്.

രാജ്യത്തെ വ്യത്യസ്ത ലൊക്കേഷനുകളിലായി കഥ പറയുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരിച്ചത് കേരളത്തിലാണ്. ചില ഭാഗങ്ങൾ റഷ്യയിലും ചിത്രീകരിച്ചിട്ടുണ്ട്. കെജിഎഫ്  ഫെയിം ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള നിരവധി അഭിനേതാക്കളും  വേഷമിടുന്നുണ്ട്. മിയ, കെ എസ് രവികുമാർ, മുഹമ്മദ് അലി ബെയ്ഗ്, പദ്മപ്രിയ, മൃണാളിനി രവി, കനിക, ബാബു ആൻ്റണി, റോഷൻ മാത്യു, മാമുക്കോയ എന്നിവരാണ് മുഖ്യ അഭിനേതാക്കൾ.

മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനയരംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്നു എന്ന സവിശഷത കൂടി ചിത്രത്തിനുണ്ട്. യസ്ലാൻ യിംലാസ് എന്ന ഫ്രഞ്ച് ഇന്റർപോൾ ഓഫീസറുടെ വേഷത്തിലാണ് ഇർഫാൻ പത്താൻ. 2020 മെയ് മാസത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് തീർത്ത പ്രതിസന്ധി മൂലമാണ്  നീണ്ടുപോയത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

നമ്മുടെ മനോഭാവങ്ങൾ പാർക്കുന്ന ഭവനമാണ് വാക്കുകൾ; കർഷക സമരത്തെ അധിക്ഷേപിച്ച സുഹൃത്തിനെ വിമർശിച്ച് ശിഹാബുദ്ധീൻ പൊയ്‌ത്തുംകടവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് കെ. ജി. എഫ് 2 ട്രൈലർ