in

കൊറോണ കാലം ഒരു അടിയന്തരാവസ്ഥാ കാലമാണ്

“ആരുടെ കൂടെ കെടക്കാനാടീ ഇന്നേരത്തെ നിൻ്റെ എഴുന്നള്ളത്ത്?”

ഒരു വനിതാ ഡോക്ടറോട് ഒരു പൊലീസുകാരൻ ചോദിച്ച ചോദ്യം!

കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ കൊറോണ വൈറസ് രാജ്യമാകെ ഭീതി വിതയ്ക്കുമ്പോൾ അതിനെതിരെ ജീവൻ പണയം വെച്ചും സ്വന്തം ഡ്യൂട്ടിക്കിറങ്ങിയ തെലങ്കാനയിലെ ഒരു വനിതാ ഡോക്ടർക്ക് നടുറോഡിൽ നിന്ന് കേൾക്കേണ്ടി വന്ന ചോദ്യമാണിത്.

ഈ ചോദ്യം ചോദിച്ചത് ആരെന്ന്  കൂടി കേൾക്കുമ്പോഴേ  സംഭവത്തിൻ്റെ നേർചിത്രം വെളിപ്പെടൂ.

തെലങ്കാനയിലെ ഖമ്മം മേഖലയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന എ സി പി ഗണേഷിൻ്റേതാണ് ചോദ്യം.

രാജ്യം മുഴുവൻ ലോക് ഡൗൺ ആയി രണ്ടാം ദിനം പിന്നിടുമ്പോൾ ഇത്തരം നിരവധി സംഭവങ്ങൾ രാജ്യത്തുടനീളം അരങ്ങേറുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും കർണാടകത്തിൽ നിന്നുമെല്ലാം ഇത്തരം പൊലീസ് അതിക്രമങ്ങളുടെ കഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അധിക്ഷേപങ്ങളുടെ, അന്യായമായ ബലപ്രയോഗങ്ങളുടെ, അതിരുവിട്ട അശ്ലീല ഭാഷാ പ്രയോഗങ്ങളുടെ ലജ്ജിപ്പിക്കുന്ന കഥകൾ.

ഇന്ത്യൻ പൊലീസ് ഇന്ത്യൻ പൊലീസ് തന്നെയാണെന്നും ഏത് സാഹചര്യത്തിലും  അതിനൊരു മാറ്റമില്ലെന്നും ആണധികാരത്തിൻ്റെ അറപ്പിക്കുന്ന അശ്ലീലഭാഷയല്ലാതെ മറ്റൊരു ഭാഷയും അതിന് വശമില്ലെന്നും ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.

കൊറോണക്കാലത്തെ പൊലീസ് അതിക്രമങ്ങളുടെ വലിയൊരു പ്രത്യേകത, അവ എളുപ്പത്തിൽ ന്യായീകരിക്കപ്പെടാൻ ഇടയുണ്ട് എന്നതാണ്.

ഏതു തരം അക്രമവും അഴിഞ്ഞാട്ടവും ജനങ്ങളുടെ ഈ സമയത്തെ വകതിരിവില്ലായ്മയുടെ കണക്കിൽ കൊള്ളിക്കാനാവും.  

അധികാര ദുർവിനിയോഗവും പരിധി കടന്ന ബലപ്രയോഗവും അതിനിരയാവുന്നവരുടെ പെരുമാറ്റ ദോഷത്തിൻ്റെ ഫലമായി ചിത്രീകരിക്കപ്പെടും.

വിശ്വസനീയമായ ന്യായീകരണങ്ങളാണ് അതിനു വേണ്ടി ചമയ്ക്കപ്പെടുക.

പെണ്ണൊറ്റയ്ക്കോ സുഹൃത്തൊന്നിച്ചോ ഉള്ള യാത്രകൾ ആശുപത്രിയിലേക്കായാൽ പോലും എ സി പി ഗണേശിനെ പോലുള്ളവർ അത് അവിഹിതത്തിൻ്റെ കണക്കിലേ കൊള്ളിക്കൂ.

അതായത് കൊറോണക്കാലത്തെ പൊലീസ് അതിക്രമങ്ങൾ ഒന്നും തന്നെ പൊലീസ് അതിക്രമങ്ങളായി പുറത്തു വരില്ല.

ചോദ്യം ചെയ്യാനുള്ള, വിരട്ടാനുള്ള, ബലം പ്രയോഗിക്കാനുള്ള പൊലീസിൻ്റെ  അധികാരം ഇക്കാലത്ത് നിരുപാധികമായി മാറും.

പൊലീസ് അതിക്രമങ്ങൾ  പൊലീസ് അതിക്രമങ്ങളായി ചിത്രീകരിക്കപ്പെടാതെ വരികയും, അങ്ങിനെ വന്നാൽ തന്നെ അസാധാരണമായ ഒരു സാഹചര്യത്തെ നേരിടുമ്പോൾ സംഭവിച്ച ഒറ്റപ്പെട്ട പാളിച്ചകളായി വിലയിരുത്തപ്പെടുകയും ചെയ്യും.

അതിനാൽ വരുന്ന മൂന്നാഴ്ചക്കാലം  ഇന്ത്യയിലെ ജനങ്ങൾ കൊറോണയെ മാത്രമല്ല ഇന്ത്യൻ പൊലീസിനേയും ഭയക്കേണ്ടതുണ്ട്.  

ജാഗ്രത പോര, നിശ്ചയമായും ഭയപ്പെടണം!  

കൊറോണ കാലത്ത് കഴിവതും പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.

ഖമ്മമിലായാലും ഗുവാഹത്തിയിലായാലും പറശ്ശിനിക്കടവിലോ പാപ്പനംകോടോ ആയാലും  യാത്ര യാത്ര തന്നെ! പൊലീസുകാർ പൊലീസുകാർ തന്നെ!

മുന്നറിയിപ്പ് – കൊറോണ കാലം ഒരു അടിയന്തരാവസ്ഥാ കാലമാണ്.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഭക്ഷ്യവസ്തുക്കൾ ഓൺലൈൻ വഴി വീടുകളിൽ എത്തിക്കും: സപ്ലൈകോ സിഎംഡി

കോവിഡ്-19: 8 ഉപഗ്രഹങ്ങളുടെ പ്രവർത്തനവും അനിശ്ചിതത്വത്തിൽ