Movie prime

ചരിത്രം വളച്ചൊടിക്കുന്നവർ 

 

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍. രാജ്യത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി പോരാടിയവരെ ജാതിയും മതവും നോക്കി ചരിത്രരേഖകളില്‍ നിന്ന് ഒഴിവാക്കുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കതിരെ ശക്തമായ മുന്നറിയിപ്പായി കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍. സ്‌പോര്‍ട്‌സ് ലേഖകന്‍ എന്ന നിലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ജോബി ജോര്‍ജ്ജ് രാഷ്ട്രീയ വിഷയങ്ങളിലും മികച്ച അവതാരകനാണ് താനെന്ന് ചര്‍ച്ചയിലൂടെ തെളിയിച്ചു. വിഷയത്തില്‍ സ്പീക്കര്‍ എം.ബി.രാജേഷിന്റെ അഭിപ്രായ പ്രകടനവും ഏറെ ശ്രദ്ധേയമായി.

ചര്‍ച്ചയില്‍ പങ്കെടുത്ത സംഘപരിവാര്‍ അനുകൂലിയായ ശ്രീജിത്ത് പണിക്കരുടെ ന്യായങ്ങളെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഒ.അബ്ദുള്ള ഓരോന്നോയി പൊളിച്ചടുക്കി. നിലമ്പൂര്‍ രാജകുടുംബത്തിലെ ഒരംഗവും ന്യൂസ് അവറില്‍ പങ്കെടുത്തത് ചര്‍ച്ചയ്ക്ക് കൂടുതല്‍ ആധികാരികത നല്‍കി. 

Madhyama lokamഇന്ത്യയില്‍ നടന്ന പല സ്വാതന്ത്യസമരങ്ങളേയും ലഹള എന്ന സംജ്ഞയില്‍ പെടുത്താനാനായിരുന്നു ബ്രിട്ടീഷുകാരുടെയും പില്‍ക്കാലത്തെ ഇന്ത്യന്‍ ഭരണാധികാരികളുടേയും ചരിത്രകാരന്‍മാര്‍ക്ക് ഏറെ പ്രിയം. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തെ വെറും ശിപായി ലഹളയായി തരംതാഴ്ത്തിക്കാട്ടിയ 
ഇവര്‍, മാപ്പിള ലഹളയെന്ന് ഏറനാട്ടിലെ പ്രക്ഷോഭങ്ങള്‍ക്ക് പേരിട്ടതില്‍ അത്ഭുതപ്പെടാനില്ല.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ വീരമൃത്യു വരിച്ചപ്പോള്‍ ആര്‍ഷ ഭാരത സംസ്‌ക്കാരത്തിന്റെ ഇന്നത്തെ വക്താക്കളുടെ അന്നത്തെ തലമുറ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് സ്വന്തം തടി രക്ഷിക്കാന്‍ മാപ്പെഴുതിക്കൊടുക്കുന്ന തിരക്കിലായിരുന്നു എന്നതും ചരിത്രസത്യം. ചര്‍ച്ചയില്‍ സ്പീക്കര്‍ എം.ബി.രാജേഷ് മുഴുവന്‍ സമയവും ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് തോന്നിപ്പോയി. കൃത്യവും ആധികാരികവുമായിട്ടായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച് നടത്തിയ പ്രതികരണം.

പല വിഷയങ്ങളിലും പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിന് അയച്ച സംസ്ഥാന സര്‍ക്കാര്‍ ഈ നടപടിയെ ഒരു പ്രമേയത്തിലൂടെ പ്രതിഷേധിക്കേണ്ടതാണെന്ന് ചര്‍ച്ച കണ്ടപ്പോള്‍ തോന്നിപ്പോയി.  ഭഗത് സിംഗിനെ സംഘിയാക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും ചര്‍ച്ചയില്‍ ആരും അധികം പരാമര്‍ശിച്ച് കണ്ടില്ല. 

രാജ്യത്തെ ചരിത്രകാരന്‍മാര്‍ക്ക് ഇപ്പോള്‍ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്? യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവനെ കള്ള് ചെത്തുകാരുടെ നേതാവ്  എന്ന നിലയില്‍ പരാമര്‍ശിക്കുന്ന ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ പുസ്തകത്തിന് എതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഗുരുദേവന്റെ ജന്മനാടും കര്‍മ്മ ഭൂമിയും ആയിരുന്ന കേരളത്തില്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇനിയും പ്രതിഷേധം ഉയരാത്തത്. ഈ വിഷയം കേരളത്തിലെ ഒരു മാധ്യമവും ഇനിയും ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്നും മനസിലാകുന്നില്ല.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് അര്‍ദ്ധരാത്രിയില്‍ അല്ല, വെളുപ്പാന്‍ കാലത്താണെന്ന നിഗമനത്തിൽ ചരിത്ര ഗവേഷണ കൗണ്‍സിലിലെ ആസ്ഥാന പണ്ഡിതന്‍മാര്‍ ഇനി എത്തുമോ എന്നാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. കാരണം, ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതിന്റെ അട്ടിപ്പേറവകാശം അന്ന് സമരം ചെയ്തവര്‍ക്ക് അല്ല, മാപ്പ് പറഞ്ഞ് എസ്‌കേപ്പ് ആയവര്‍ക്കാണ് എന്നത് തന്നെ.