Movie prime

തീരദേശങ്ങളിലെയും ദുരന്തസാധ്യതാ പ്രദേശങ്ങളിലെയും വനവൽക്കരണത്തിന് പുതിയ പദ്ധതികൾ

 

​​സംസ്ഥാനത്ത് ജൂലൈ ഒന്നുമുതൽ ഏഴുവരെ നടക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായി തീരദേശങ്ങളിലെയും ദുരന്തസാധ്യതാ പ്രദേശങ്ങളിലെയും ത്വരിതവനവൽക്കരണം ലക്ഷ്യമിട്ട് വനംവകുപ്പ്. തീരശോഷണത്തിനും കടൽക്ഷോഭത്തിനുമെതിരെ വനംവകുപ്പ് ആലുപ്പുഴയിൽ പരീക്ഷിച്ചു ഫലം കണ്ട കാറ്റാടി തോട്ടം പദ്ധതി വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്താകെ വ്യാപകമാക്കുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം​.  

പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങളെ മുൻകൂട്ടി കണ്ട് സാധ്യതാപ്രദേശങ്ങളിൽ ദുരന്തലഘൂകരണവനവൽക്കരണ പദ്ധതിക്കും ഈ വനമഹോത്സവകാലത്ത് വകുപ്പ് തുടക്കമിടും. ഓരോ പ്രദേശങ്ങൾക്കും അനുയോജ്യമായ തദ്ദേശീയ വൃക്ഷെൈത്തകൾ വച്ചുപിടിപ്പിച്ച് ജൈവകവചം സൃഷ്ടിക്കാനുള്ള നടപടികൾക്കാണ് തുടക്കമാവുക.

പുഴകളുടെ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനത്തെ പുഴയോരങ്ങളിൽ വ്യാപകമായി വൃക്ഷത്തൈകളും മുളകളും വച്ചുപിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമാവും, കഴിഞ്ഞ വനമഹോത്സവകാലത്ത്  ആരംഭിച്ച പരിസ്ഥിതിപുനസ്ഥാപന  പരിപാടികളുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും​, എന്ന് വനം വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു 

പരിക്ഷീണ വനങ്ങളുടെ പുനരുദ്ധാരണം, ആദിവാസികോളനികളിലെ വൃക്ഷതൈ നടീൽ,  നഗരവനം, വിദ്യാവനം, ചകിരിനാര് കൂടകൾ , സ്ഥാപനങ്ങളിലെ വനവത്കരണം, കുറിഞ്ഞി , ചോല, പുൽമേട് പുനസ്ഥാപനങ്ങൾ, വി എസ് എസുകളുടെയും ഇ ഡി സി കളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈ നടീലും പരിപാലനവും തുടങ്ങി വിവിധ പദ്ധതികളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കാ ണ് വനമഹോത്സവ വാരത്തിൽ വനംവകുപ്പ് തുടക്കം കുറിക്കുക.

തൃശ്ശൂർ ചേലക്കരയിൽ  ചെമ്പിക്കുന്ന് പരിസ്ഥിതി പുനസ്ഥാപന ഒന്നാഘട്ട പ്രവർത്തനങ്ങൾ ജൂലായ് ഒന്നിന് രാവിലെ വനംമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഈ വർഷത്തെ വനമഹോത്സവ പരിപാടികൾക്ക് സംസ്ഥാനത്ത് തുടക്കമാവും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ  ചടങ്ങിൽ  അദ്ധ്യക്ഷത വഹിക്കും. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് ഏകവിളതോട്ടങ്ങൾക്കായി പാട്ടത്തിന് നൽകിയ ചേലക്കരയിലെ 475 ഹെക്ടർ സ്ഥലമാണ് സ്വാഭാവികവനമാക്കി മാറ്റുക. കഴിഞ്ഞ വനമഹോത്സവകാലത്ത് തുടക്കം കുറിച്ച പദ്ധതികളുടെ തുടർച്ചയായി പുതിയ  9 നഗരവനങ്ങളും 26 വിദ്യാവനങ്ങളും ഈ വനമഹോത്സവകാലത്ത് പൂർത്തിയാക്കും. അഞ്ചരലക്ഷത്തോളം വൃക്ഷത്തൈകളാണ് ഇക്കാലയളവിൽ സംസ്ഥാനത്ത് വിതരണം ചെയ്യുക.

സ്ഥാപനവനവൽക്കരണത്തിന്റെ ഭാഗമായി 253250 വൃക്ഷത്തൈകളും ആദിവാസി ഊരുകളിലെ വൃക്ഷവൽക്കരണത്തിന്റെ ഭാഗമായി 94855 തൈകളും വനസംരക്ഷണസമിതികളുടെയും ഇക്കോ ഡെവല്പ്മെന്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി 206925 തൈകളുമാണ് ഈ വനമഹോത്സവകാലത്ത് നട്ടു പരിപാലിക്കുക. ജൂലായ് രണ്ടിന് രാവിലെ 9.30ന് മലാപ്പറമ്പയിൽ സ്ഥാപനവൽക്കരണത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക്  മന്ത്രി തുടക്കം കുറിക്കും. 

പരിസ്ഥിതി പുനസ്ഥാപനം സംബന്ധിച്ച നയരേഖയും ഇത്തവണത്തെ വനമഹോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കും. നയരേഖയുടെ പ്രകാശനം ജൂലായ് അഞ്ചിന് രാവിലെ 10.30 ന് വനംവകുപ്പ് ആസ്ഥാനത്ത്  മന്ത്രി നിർവഹിക്കും.

പരിക്ഷീണ വനങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി  പൾപ്പ് തോട്ടങ്ങൾ,  ഉൽപാദന ക്ഷമത കുറഞ്ഞ തേക്ക് തോട്ടങ്ങൾ, പരിക്ഷീണ വനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ 339. 64 ഹെക്ടർ സ്ഥലത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങളും അധിനിവേശ വൈദേശിക സസ്യവർഗങ്ങളുടെ ഉന്മൂലനം ലക്ഷ്യമാക്കി വകുപ്പ് നടപ്പിലാക്കി വരുന്ന  പദ്ധതിയുടെ ഭാഗമായി 664 ഹെക്ടർ സ്ഥലത്ത് തദ്ദേശീയ വൃക്ഷത്തൈകളും നട്ടുവളർത്തും .ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറിഞ്ഞിമല സങ്കേതത്തിൽ നടപ്പിലാക്കി വരുന്ന കുറിഞ്ഞി, പുൽമേട് ,ചോല പുനസ്ഥാപനം പദ്ധതി പ്രദേശത്ത് കൂടുതൽ വ്യാപകമാക്കും. 

ഇടുക്കി ജില്ലയിൽ പുതിയ  5   ചെക്ക് പോസ്റ്റുകൾ, ഡോർമിറ്ററി, കഫത്തീരിയ  എന്നിവയുടെ ഉദ്ഘാടനവും എറണാകുളത്ത് ആറും ഇടുക്കിയിൽ നാലും പുതിയ ഫോറസ്റ്റ്​​ സ്റ്റേഷനുകളുടെ ശിലാസ്ഥാപനവും  വീഡിയോ കോൺഫറൻസിലൂടെയും ,പത്തനംതിട്ട ജില്ലയിലെ  റാന്നി ആർ ആർ ടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലായ് ആറിന് രാവിലെ 10 മണിക്ക് നേരിട്ടും മന്ത്രി നിർവഹിക്കും.ഏഴിന് വൈകിട്ട് അഞ്ചിന്  ആലപ്പുഴ അർത്തുങ്കലിൽ കാറ്റാടി തൈകൾ നട്ട് തീരദേശവനവൽക്കരണ പരിപാടി് വനംമന്ത്രി ഏ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഈ വർഷത്തെ  വനമഹോത്സവ പരിപാടികൾക്ക് സമാപനമാകും.

വിവിധ ചടങ്ങുകളിലായി മന്ത്രിമാർ, എം പിമാർ, എം എൽ എ മാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാണ് പരിപാടികൾ നടക്കുക.