Movie prime

പുരസ്കാരങ്ങളെ മറികടന്ന പ്രതിഭ

 

ബുദ്ധദേവ് ദാസ് ഗുപ്ത: പുരസ്കാരങ്ങളല്ല പ്രതിഭയുടെ അളവുകോലെന്ന് വിശ്വസിച്ച അതുല്യനായ ചലച്ചിത്രകാരൻ

വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. ദീർഘനാളായി വൃക്ക രോഗത്തിന് ചികിത്സയിലുള്ള അദ്ദേഹം ഡയാലിസിസിന് വിധേയനായിരുന്നു. ദക്ഷിണ കൊൽക്കത്തയിലെ വസതിയിൽ ഉറക്കത്തിനിടയിലായിരുന്നു അന്ത്യം.

ബംഗാളി സിനിമക്ക് ഒട്ടേറെ പുരസ്കാരങ്ങൾ നേടിക്കൊടുത്ത അതുല്യ പ്രതിഭയായിരുന്നു ബുദ്ധദേവ് ദാസ് ഗുപ്ത. 1944-ൽ പുരുലിയയിലാണ് അദ്ദേഹത്തിൻ്റെ ജനനം. കൊൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളെജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ആദ്യകാലത്ത് എക്കണോമിക്സ് അധ്യാപകനായിരുന്നു. 
1960-കളിലാണ് ചലച്ചിത്ര മേഖലയിൽ ചുവടുവെയ്ക്കുന്നത്. 1978-ൽ പുറത്തിറങ്ങിയ 'ദൂരത്വ' യാണ് ആദ്യ ചിത്രം. ചലച്ചിത്രകാരൻ എന്നതിനൊപ്പം ശ്രദ്ധേയനായ കവി എന്ന നിലയിലും അദ്ദേഹത്തിൻ്റെ സംഭാവനകൾ വലുതാണ്.

ഉത്തര(2000), ബാഗ് ബഹാദൂർ (1989), തഹാദേർ കഥ (1992), ചരാചാർ (1994), ടോപ്പേ (2016) എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. ബാഗ് ബഹാദൂർ (1989), ലാൽ ദർജ (1997), മോൻഡോ മേയേർ ഉപാഖ്യാൻ (2002), കാൽപുരുഷ്(2005) എന്നീ ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയവയാണ്.

ഗ്രാമീണ ബംഗാളിൻ്റെ നേർക്കാഴ്ചകളാണ് 'ബാഗ് ബഹാദൂർ ' എന്ന ചിത്രം ചിത്രീകരിക്കുന്നത്. ഒരു പക്ഷി പിടുത്തക്കാരന് പക്ഷികളോട് തോന്നുന്ന സഹാനുഭൂതിയും അത് അയാളുടെ ഉപജീവനത്തെ എങ്ങനെ ബാധിക്കുന്നു എന്നും 'ചരാചാർ' പറഞ്ഞു തരുന്നു.

സംവിധായകൻ്റെ കയ്യൊപ്പ് ശ്രദ്ധേയമായി പതിഞ്ഞ 'കാൽപുരുഷ് ' കഥപറച്ചിലിലെ വ്യത്യസ്തത കൊണ്ട് നിരൂപക പ്രശംസ ഏറെ പിടിച്ചുപറ്റിയതാണ്. അച്ഛൻ്റേയും മകൻ്റേയും ജീവിതം നോൺ ലീനിയർ രീതിയിലാണ് പറയുന്നത്. രണ്ടു വ്യത്യസ്ത കാലങ്ങൾ ഇടകലരുന്ന രചനാ രീതി അക്കാലത്ത് ഏറെ പ്രകീർത്തിക്കപ്പെട്ടു. 

ഉത്തര, സ്വപ്നേർ ദിൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കി. ദൂരത്വ (1978), ഫേര (1987), തഹാദേർ കഥ (1993) എന്നീ ചിത്രങ്ങൾ മികച്ച ബംഗാളി ചിത്രങ്ങൾക്കുള്ള ദേശീയ പുരസ്കാരം നേടിയവയാണ്.

1998-ൽ പുറത്തിറങ്ങിയ 'എ പെയ്ൻ്റർ ഓഫ് ഇലോക്വൻ്റ് സൈലൻസ്: ഗണേഷ് പൈനേ' മികച്ച കലാസാംസ്കാരിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. 1987-ൽ പുറത്തിറങ്ങിയ 'ഫേര' യിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം നേടി.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഉരോജഹാജ് ' ആണ് അദ്ദേഹത്തിൻ്റെ അവസാന ചിത്രം. ഒരു വനത്തിനുള്ളിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ തകർന്നു കിടക്കുന്ന ഒരു വിമാനം.  രണ്ടാം ലോക മഹായുദ്ധകാലത്തെ ജാപ്പനീസ് യുദ്ധവിമാനമാണത്.  എങ്ങനെയും അത് പറത്താനുള്ള കഥാ നായകൻ്റെ ഭ്രാന്തമായ സ്വപ്നത്തെ കുറിച്ചാണ് ഇംഗ്ലിഷിൽ The Flight എന്ന അർഥമുള്ള ഉരോജഹാജ് പറയുന്നത്.

റിയലിസവും മാജിക്കൽ റിയലിസവും സർറിയലിസവും ഇടകലർന്ന സ്വപ്നദർശനങ്ങളാണ് ബുദ്ധദേവ് ദാസ് ഗുപ്തയുടെ സിനിമകൾ.

കവിതകളെ പ്രണയിച്ച അദ്ദേഹം ഹൃദയം കൊണ്ട് ഒരു കവിയായിരുന്നു. തൻ്റെ ചലച്ചിത്ര രചനകളിലേക്ക് കൂടി ആ കാവ്യാത്മകതയെ ഇഴചേർക്കാനായി എന്നതാണ് അദ്ദേഹത്തിൻ്റെ സിനിമകളെ വേറിട്ട് നിർത്തുന്നത്. കോഫിൻ കിംബ സ്യൂട്ട് കെയ്സ്, ഗോവിർ അരാലേ, ചാറ്റ കഹിനി, ഹിം ജോഗ്, റൊബോട്ടേർ ഗാൻ, ശ്രേഷ്ഠ കബിത എന്നിവ ബംഗാളി ഭാഷയിലെ മികച്ച കവിതകളായി പരിഗണിക്കപ്പെടുന്നു. 

സിനിമയുടെ ഭാഷയിൽ കാവ്യാത്മകത കൊണ്ടുവന്ന മഹാനായ ചലച്ചിത്രകാരനായിരുന്നു ബുദ്ധദേവ് ദാസ് ഗുപ്തയെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൻ്റെ അനുസ്മരണ സന്ദേശത്തിൽ പറയുന്നത് എത്ര ശരിയാണ്. സിനിമാ മേഖലയ്ക്ക് പുറമേ സമ്പന്നമായ ബംഗാളി കവിതാ ശാഖയ്ക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നത്. 

ബുദ്ധദേവ് ദാസ് ഗുപ്തയുടെ ഭാര്യ സോഹിണി ദാസ് ഗുപ്ത ചലച്ചിത്ര സംവിധായികയാണ്. രണ്ട് പെൺമക്കളാണ് അവർക്കുള്ളത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നു നില്ക്കാൻ ബോധപൂർവം ശ്രമിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. പുരസ്കാരങ്ങൾക്ക് അമിതമായ പ്രാധാന്യം നൽകരുത് എന്ന നിർബന്ധ ബുദ്ധി ജീവിതത്തിൽ ഉടനീളം അദ്ദേഹം വെച്ചു പുലർത്തി.  

ധാരാളം അവാർഡുകൾ കരസ്ഥമാക്കി എന്നതുകൊണ്ടു മാത്രം ഒരു സിനിമയോ അതിൻ്റെ സംവിധായകനോ മഹത്വവൽക്കരിക്കപ്പെടുന്നതിനോട് താൻ യോജിക്കുന്നില്ലെന്ന് അഭിമുഖങ്ങളിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അവാർഡുകളൊന്നും ആരും ഓർക്കാറില്ലെന്നും നിങ്ങളുടെ ഭാര്യ പോലും അവാർഡുകളെപ്പറ്റി ഓർത്തിരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

"ദേശീയ അവാർഡ് ജേതാവായ സംവിധായകൻ" എന്ന പ്രയോഗത്തെ പോലും താൻ വെറുക്കുന്നതായി വർഷങ്ങൾക്കു മുമ്പ് ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഫീച്ചർ ഫിലിമുകൾക്കു പുറമേ നിരവധി ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തിട്ടുള്ള ബുദ്ധദേവ് ദാസ് ഗുപ്ത കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻ്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

സ്പെയിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഏഥൻസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ബുദ്ധദേവ് ദാസ് ഗുപ്ത എന്ന അതുല്യനായ ചലച്ചിത്ര പ്രതിഭ ആദരിക്കപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്തും തൃശൂരിലും നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മുഖ്യാതിഥിയായി എത്തിയിട്ടുള്ള അദ്ദേഹം മലയാള സിനിമകളെപ്പറ്റി ഏറെ മതിപ്പ് പുലർത്തിയിരുന്നു. വിഖ്യാതനായ ബംഗാളി ചലച്ചിത്രകാരന് ആദരാഞ്ജലികൾ...