Movie prime

നയൻ‌സിന് തിരക്കോടു തിരക്ക് 

 

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻ‌താര. അഭിനയ മികവ് കൊണ്ടും  സൗന്ദര്യം കൊണ്ടും  അതിവേഗം തന്നെ മലയാളത്തിലും അന്യ ഭാഷാ ചിത്രങ്ങളിലും തന്റേതായ ഇടം നേടാൻ നയൻസിന് കഴിഞ്ഞു. ഇതാ ഇപ്പോൾ, തമിഴിലെ ഏതൊരു സൂപ്പർ നായകന്മാരെയും വെല്ലുന്ന തരത്തിൽ കൈനിറയെ ചിത്രങ്ങളാണ് നയൻസിനുള്ളത്. 

ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത 'മൂക്കുത്തി അമ്മന്‍' ആണ്  തമിഴിൽ നയൻതാരയുടേതായി ഒടുവിൽ തിയേറ്ററുകളിൽ വന്ന ചിത്രം . ബോക്സ് ഓഫീസിൽ  മികച്ച വിജയം കൈവരിച്ച ചിത്രം കൂടിയാണ്  ഇത്.  റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താര തന്നെ നിര്‍മിയ്ക്കുന്ന ചിത്രം 'നെട്രിക്കൺ' ആണ്  അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.  ഒ ടി ടി പ്ലാറ്റ്ഫോമിലുടെയാവും റിലീസ് ചെയ്യുക. കൂടാതെ, രജനികാന്തിനൊപ്പമുള്ള 'അണ്ണാത്തെ' എന്ന  ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്.

ഇവ കൂടാതെ 6 ചിത്രങ്ങൾക്ക്  വേണ്ടി തമിഴിലെ മൂന്ന് മുന്‍നിര നിര്‍മാണ കമ്പനികളാണ് നയൻതാരയുടെ ഡേറ്റിനായി സമീപിച്ചിരിക്കുന്നത്.  എസ് ആര്‍ പ്രഭുവിന്റെ പാഷന്‍ സ്റ്റുഡിയോ നയന്‍താരയുടെ രണ്ട് ചിത്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇഷാരി ഗണേഷിന്റെ വെല്‍സ് ഫിലിംസ് ഇന്റര്‍നാഷണല്‍, രമേഷ് എസ് പിള്ളൈയുടെ അഭിഷേക് ഫിലിംസ്‌ എന്നിവയാണ് മറ്റ് നാല് ചിത്രങ്ങള്‍ക്ക് വേണ്ടി നയന്‍താരയുടെ ഡേറ്റ് വാങ്ങിയിരിയ്ക്കുന്നത്.  മലയാള സിനിമയായ  'പാട്ടിന്' പുറമെ  കാത്ത് വാക്കില് രണ്ട് കാതല്‍, കോഴാങ്കല്‍ എന്നിവയാണ് നിലവിൽ  ചിത്രീകരണം നടക്കുന്ന ചിത്രങ്ങൾ.