????????????????????????????????????
in

പ്രഥമ നിശാഗന്ധി സംഗീത പുരസ്കാരങ്ങള്‍ സമ്മാനിച്ചു

തിരുവനന്തപുരം: കലാസ്വാദകരും നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി പ്രഥമ നിശാഗന്ധി സംഗീത പുരസ്കാരങ്ങള്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പദ്മശ്രീ പാറശാല ബി.പൊന്നമ്മാളിനും ശാസ്ത്രീയ സംഗീതത്തിലെ ബഹുമുഖ പ്രതിഭ പദ്മഭൂഷണ്‍ ടിവി ഗോപാലകൃഷ്ണനും സമര്‍പ്പിച്ചു. 

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഞ്ചദിന നിശാഗന്ധി മണ്‍സൂണ്‍ രാഗാസ് സംഗീതോത്സവത്തിന്‍റെ സമാപന ചടങ്ങില്‍ സഹകരണ- ടൂറിസം -ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണ്  പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.  ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

വിനോദസഞ്ചാര മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും ഐപിഎല്‍ മാതൃകയില്‍  ഓഗസ്റ്റ് 10 മുതല്‍ നവംബര്‍ 2 വരെ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന്‍ വള്ളങ്ങളുടെ ഉജ്ജ്വല പ്രകടനമായിരിക്കും ലോകത്തിന് മുന്നിലെത്തിക്കുന്നതെന്നും സമാപന ചടങ്ങിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ ടൂറിസം മന്ത്രി പറഞ്ഞു.

ബാല്യം മുതല്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജന്‍മഭൂമിയില്‍ ലഭിച്ച ഈ നിശാഗന്ധി സംഗീത പുരസ്കാരമാണ് ശ്രേഷ്ഠമെന്ന് മറുപടി പ്രസംഗത്തില്‍ പുരസ്കാര ജേതാവായ പാറശാല ബി പൊന്നമ്മാള്‍ പറഞ്ഞു. ജന്‍മനാട്ടില്‍ ലഭിച്ച ഈ പുരസ്കാരം മഹാന്‍മാരായ ഗുരുനാഥന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതായും പ്രോത്സാഹനം നല്‍കിയാല്‍ മാത്രമേ സംഗീതം വളരുകയുള്ളൂയെന്നും  ടിവി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 ഈ അവാര്‍ഡ് ജേതാക്കള്‍ നമ്മുടെ വരദാനമാണെന്നും ഇന്ത്യയില്‍ മൃദംഗം വായിച്ചുകൊണ്ട് കര്‍ണാടക സംഗീതം ആലപിക്കാന്‍ കഴിയുന്ന ജീവിച്ചിരിക്കുന്ന അതുല്യ പ്രതിഭയാണ് ടിവി ഗോപാലകൃഷ്ണനെന്നും അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാനും ഗാനരചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ആയുഷ്കാലം മുഴുവനും തപസ്സുപോലെ സംഗീതത്തിനായി ഉഴുഞ്ഞുവച്ച പ്രതിഭകളെ പുരസ്കാരം നല്‍കി ആദരിക്കാനായത് ഈ തലമുറയുടെ സുകൃതമാണെന്ന്  അവാര്‍ഡ് നിര്‍ണയ സമിതി അംഗവും മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ  കെ. ജയകുമാര്‍ പറഞ്ഞു.  

കെടിഡിസി ചെയര്‍മാന്‍ ശ്രീ എം വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാംഗം ശ്രീ പാളയം രാജന്‍, ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാല കിരണ്‍ എന്നിവര്‍ പങ്കെടുത്തു.

സമാപന ചടങ്ങിനോടനുബന്ധിച്ച്  രാജേഷ് ചേര്‍ത്തലയുടെ  ഓടക്കുഴല്‍ ഫ്യൂഷന്‍ സംഗീതവും  ഉസ്താദ് റഫീഖ് ഖാന്‍ (സിത്താര്‍) നയിച്ച  ക്ലാസിക്കല്‍ ഫ്യൂഷന്‍ ബാന്‍ഡിന്‍റെ ‘ശിവ ദ മ്യൂസിക്കല്‍ തണ്ടറും’ അരങ്ങേറി.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

റോബോട്ടിക് പ്രോസസ്  ഓട്ടോമോഷന്‍  കോഴ്‌സില്‍ സൗജന്യ പരിശീലന കളരി

മൂന്നാമത് ആഗോള ആയുര്‍വേദ ഉച്ചകോടി ഒക്ടോബര്‍ 30, 31 ന്  കൊച്ചിയില്‍