in

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലിംഗാവബോധന പരിശീലനം

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടും ട്രാന്‍സ്‌ജെന്‍ഡര്‍മാരോടുമുള്ള മനോഭാവവും സമീപനവും ജോലി സംസ്‌കാരവും മാറ്റുന്നതിനുമായി പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ ലിംഗാവബോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും എസ്.ഐ.തലം വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് മൂന്ന്‌വര്‍ഷം കൊണ്ട് ട്രെയിനിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2019 ആഗസ്റ്റ് മാസം മുതല്‍ പരിശീലനം ആരംഭിക്കുന്നതാണ്. ഓരോ ജില്ലകളില്‍ നിന്നും മൂന്ന് പേര്‍ (രണ്ട് പോലീസും ഒരു വനിതാ പോലീസും) വീതം രണ്ട് ബാച്ചുകളിലായി 60 പേര്‍ക്ക് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലും (പി.റ്റി.സി), തൃശൂര്‍ പോലീസ് അക്കാദമിയിലും (കെ.ഇ.പി.എ) വച്ച് ട്രെയിനിംഗ് നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. 

നാനാവിധത്തിലുള്ള അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ പോലെയുള്ള പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെയും പരിരക്ഷ ഉറപ്പാക്കുന്നതിന് സ്ത്രീയുടെ ലിംഗപദവിയെ (gender status) കുറിച്ചുള്ള അവബോധം സമൂഹത്തിനാകെ അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥന്മാരെയും, പ്രത്യേകിച്ച് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരെ, ഈ വിഷയത്തില്‍ ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു സമഗ്ര പരിശീലന പരിപാടി സംസ്ഥാന വനിതാവികസന കോര്‍പറേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

പോലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി എത്തുന്ന സ്ത്രീകളോടുള്ള സമീപനത്തില്‍ കാതലായ മാറ്റം വരേണ്ടതുണ്ട്. സ്ത്രീകളുടെ മേലുള്ള ലിംഗാധിഷ്ഠിത അതിക്രമം തടയാന്‍ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാരെ സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണമെങ്കില്‍ ലിംഗപദവിയെക്കുറിച്ചുള്ള അവരുടെ അറിവിലും മനോഭാവത്തിലും സമീപനത്തിലും മാറ്റം വരണം.

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതിപ്പെടാനെത്തുമ്പോള്‍ അവരോടുള്ള സമീപനത്തിലും അതേപ്പറ്റിയുള്ള അന്വേഷണരീതിയിലും ഇപ്പോഴുള്ള ശൈലിയില്‍ ആവശ്യമായമാറ്റം വരുത്തല്‍, അതിക്രമത്തിന് ഇരയായവര്‍ക്ക് ആശ്വാസവും സ്വാഭാവിക നീതിയും ലഭിക്കുമെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ ശക്തമായ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍.) തയാറാക്കല്‍, സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും മാനസികവും സാമൂഹികവുമായ സുരക്ഷയ്ക്ക് പരിഗണന നല്‍കല്‍ മുതലായ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് തടയുന്നതിന് വനിത ശിശു വികസന വകുപ്പ് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ഗ്ലോബല്‍ പാരന്റിംഗ് ദിനമായ ജൂണ്‍ ഒന്നിന് ‘കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം’ എന്ന പേരില്‍ മെഗാ ക്യാമ്പയിന് തുടക്കമായി. ശിശുദിനമായ നവംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. ‘ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍’ എന്ന ഉദ്ദേശ്യലക്ഷ്യം മുന്‍നിര്‍ത്തി ജില്ലകള്‍ തോറും ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതുമാണ്.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

രാഷ്ട്രീയ നേതാക്കളുടെ ഹിതകരമല്ലാത്ത ട്വീറ്റുകൾക്ക് മുകളിൽ സ്‌ക്രീൻമറയിട്ട് ട്വിറ്റർ 

റിമാന്‍ഡ് പ്രതിയുടെ മരണം : ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി