Movie prime

തേനും വയമ്പും” നിറഞ്ഞ ഒരു ലാലോർമ്മ

അറുപതു വയസ്സ് തികയുമ്പോഴും പഴയ കൃസൃതിക്കാരനായ യുവാവായി മോഹൻലാൽ മലയാളിമനസ്സിൽ ഓടിപ്പാടിക്കൊണ്ടേയിരിക്കുന്നു; ചുണ്ടിൽ കാലത്തിന് പോറലേൽപ്പിക്കാൻ കഴിയാത്ത ഗാനങ്ങളുമായി… അറുപതാം പിറന്നാൾ ദിനത്തിൽ മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിന് ആശംസകൾ നേർന്ന് പ്രശസ്ത പാട്ടെഴുത്തുകാരൻ രവി മേനോൻ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്. ………….. ചരിത്രത്തിന്റെ ഭാഗമാകേണ്ട ആ സൺഗ്ളാസ് ഊട്ടിയിലെ മനോഹരമായ തടാകത്തിന്റെ അടിത്തട്ടിലെങ്ങോ ചളിയിൽ പൂണ്ടു കിടപ്പുണ്ടാകും ഇപ്പോഴും. പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാറിന്റെ “തേനും വയമ്പും” നിറഞ്ഞ ഒരു ലാലോർമ്മ. നാല് പതിറ്റാണ്ടോളം മുൻപാണ്. More
 
തേനും വയമ്പും” നിറഞ്ഞ ഒരു ലാലോർമ്മ

അറുപതു വയസ്സ് തികയുമ്പോഴും പഴയ കൃസൃതിക്കാരനായ യുവാവായി മോഹൻലാൽ മലയാളിമനസ്സിൽ ഓടിപ്പാടിക്കൊണ്ടേയിരിക്കുന്നു; ചുണ്ടിൽ കാലത്തിന് പോറലേൽപ്പിക്കാൻ കഴിയാത്ത ഗാനങ്ങളുമായി…

അറുപതാം പിറന്നാൾ ദിനത്തിൽ മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിന് ആശംസകൾ നേർന്ന് പ്രശസ്ത പാട്ടെഴുത്തുകാരൻ രവി മേനോൻ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്.

…………..

ചരിത്രത്തിന്റെ ഭാഗമാകേണ്ട ആ സൺഗ്ളാസ് ഊട്ടിയിലെ മനോഹരമായ തടാകത്തിന്റെ അടിത്തട്ടിലെങ്ങോ ചളിയിൽ പൂണ്ടു കിടപ്പുണ്ടാകും ഇപ്പോഴും. പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാറിന്റെ “തേനും വയമ്പും” നിറഞ്ഞ ഒരു ലാലോർമ്മ.

നാല് പതിറ്റാണ്ടോളം മുൻപാണ്. ഊട്ടി തടാക പരിസരത്ത് “തേനും വയമ്പും” (1981) എന്ന സിനിമയിലെ “വാനിൽ പായും പനിമുകിലിണ” എന്ന ഗാനത്തിന്റെ ചിത്രീകരണം നടക്കുന്നു. സിനിമാജീവിതത്തിൽ നടാടെ ഒരു പാട്ടിനൊത്ത് ചുണ്ടനക്കി അഭിനയിക്കുകയാണ് മോഹൻലാൽ. കൂടെ പ്രണയജോഡിയായി റാണി പദ്‌മിനി. ബിച്ചു തിരുമലയും രവീന്ദ്രൻ മാസ്റ്ററും ചേർന്നൊരുക്കിയ പാട്ടിന് ശബ്ദം പകർന്നത് ഉണ്ണിമേനോനും ജെൻസിയും.

സിനിമയിലെ ആദ്യത്തെ ഗാനാഭിനയം കൊഴുപ്പിക്കാൻ വേണ്ടി ക്യാമറാമാൻ എസ് കുമാറിന്റെ കയ്യിൽ നിന്ന് പുതുപുത്തൻ സൺഗ്ളാസ്‌ കടം വാങ്ങുന്നു ലാൽ. തുടക്കക്കാരന്റെ നിഷ്കളങ്ക മോഹം. “പടത്തിൽ നായകനായി അഭിനയിക്കുന്ന നസീർ സാർ മറ്റൊരാൾക്ക് സമ്മാനിക്കാൻ വേണ്ടി എന്നെ ഏൽപ്പിച്ച കണ്ണടയാണ്. എങ്കിലും ലാൽ ചോദിച്ചപ്പോൾ മറുത്തുപറയാൻ തോന്നിയില്ല.”- കുമാറിന്റെ ഓർമ്മ. “സൂക്ഷിക്കണം എന്ന ഉപദേശത്തോടെ സൺഗ്ളാസ്‌ ലാലിന് കൈമാറി ഞാൻ. തുടക്കക്കാരന്റെ പരിഭ്രമമൊന്നും കൂടാതെ ലാൽ കണ്ണടവെച്ച് തകർത്തഭിനയിക്കുകയും ചെയ്തു.”

ഷൂട്ടിംഗ് കഴിഞ്ഞു ലാൽ കുമാറിന് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മുഖത്ത് കണ്ണടയില്ല. പ്രശസ്തമായ ആ നാണംകുണുങ്ങിച്ചിരി മാത്രം. കൊണ്ടുപിടിച്ച അഭിനയത്തിനിടെ തടാകത്തിന്റെ വക്കത്തു ചെന്ന് കുനിഞ്ഞപ്പോൾ താഴെ വീണുപോയതാണത്രേ. ആഴമുള്ള തടാകമായതുകൊണ്ട് വെള്ളത്തിൽ തപ്പിനോക്കിയിട്ടും കണ്ണടയുടെ പൊടിപോലുമില്ല. “സങ്കടം വന്നു എന്നത് സത്യം. പക്ഷേ എന്തു ചെയ്യാൻ? ലാലിൻറെ ചിരിക്കുന്ന മുഖത്ത് നോക്കി ഒന്നും പറയാനും വയ്യ. പിന്നീടെപ്പോൾ കാണുമ്പോഴും അന്ന് കൊഴിഞ്ഞുപോയ കണ്ണടയ്ക്ക് പകരം വേറൊരു ഉഗ്രൻ സൺഗ്ലാസ് വാങ്ങിത്തരാം എന്ന് പറയാറുണ്ട് ലാൽ. ഇതുവരെ കിട്ടിയിട്ടില്ലെന്ന് മാത്രം..” – കുമാർ ചിരിക്കുന്നു. “അത് ഒരുകണക്കിന് നന്നായി. ആ കടം നിലനിൽക്കുന്നത് കൊണ്ടാണല്ലോ ഇക്കഥ ഇവിടെ പറയാൻ പറ്റിയത്..” ഇന്നും ആ ഗാനരംഗം കാണുമ്പോൾ ചിരിപൊടിയും കുമാറിന്റെ ഉള്ളിൽ.

ലാലിന്റ ആദ്യചിത്രമായ “തിരനോട്ട”ത്തിലും എസ് കുമാറായിരുന്നു ഛായാഗ്രാഹകൻ. “വാനിൽ പായും” എന്ന ഗാനം വർണ്ണപ്പകിട്ടാർന്ന ഒരു ഗാനമഹോത്സവത്തിന്റെ തുടക്കം മാത്രമായിരുന്നുവെന്ന് സങ്കൽപ്പിച്ചിരിക്കില്ല കുമാർ. അടുത്ത നാല് ദശകങ്ങൾക്കിടെ കുമാറിന്റെ ക്യാമറയിൽ പതിഞ്ഞ മോഹൻലാൽ ഗാനങ്ങൾ എത്രയെത്ര. പലതും മലയാളികൾ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്നവ: കിലുക്കം, ചിത്രം, താളവട്ടം, ഉണ്ണികളേ ഒരു കഥ പറയാം, വന്ദനം, കിരീടം, ബോയിങ് ബോയിങ്, സുഖമോ ദേവി, നിന്നിഷ്ടം എന്നിഷ്ടം, ആര്യൻ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഏയ് ഓട്ടോ, മിഥുനം, ഉദയനാണു താരം…ഈ പടങ്ങളിലെ പാട്ടുകളെ ഒഴിച്ചുനിർത്തി ലാൽ എന്ന വിസ്മയക്കാഴ്ചയുണ്ടോ ?

നൂറുകണക്കിന് ക്ലാസിക് ഗാനങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നത് മോഹൻലാലിലെ നടന്റെ സൗഭാഗ്യം; മലയാളികളുടെയും. അതേ ഭാഗ്യം ആ പാട്ടുകൾക്കുമുണ്ട്. ലാലിന്റെ അവിസ്മരണീയ അവതരണത്തിലൂടെയാണല്ലോ അവയെല്ലാം അനശ്വരമായത്. എന്നാൽ, ആദ്യമായി ചുണ്ടനക്കി അഭിനയിച്ച “വാനിൽ പായും” എന്ന പാട്ടിന് ആ ഭാഗ്യമുണ്ടായില്ല. “തേനും വയമ്പും” എന്ന സിനിമയിലെ അധികം ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടായിരുന്നു അത്. യേശുദാസും ജാനകിയും വെവ്വേറെ സോളോ ആയി പാടിയ “തേനും വയമ്പും” എന്ന ശീർഷക ഗാനവും, ഒറ്റക്കമ്പി നാദവും മനസ്സൊരു കോവിലുമെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിയപ്പോൾ അന്നത്തെ കാലത്തെ ‘ന്യൂജെൻ’ ഗാനമായിരുന്ന “വാനിൽ പായും” അധികമാരും കേട്ടത്‌ പോലുമില്ല.

കാരണമുണ്ട്. പടത്തിന്റെ എൽ പി റെക്കോർഡിൽ നിന്ന് ഈ യുഗ്മഗാനം നിർദ്ദയം ഒഴിവാക്കപ്പെട്ടു എന്നതുതന്നെ. ആ കഥ ഉണ്ണിമേനോന്റെ വാക്കുകളിൽ: “ മുന്നേറ്റം, കടത്ത് അങ്ങനെ കുറച്ചു പടങ്ങളിൽ പാടി ശ്രദ്ധേയനായി വരുന്ന കാലത്താണ് രവീന്ദ്രൻ മാസ്റ്റർ ഈ സിനിമയിൽ എന്നെ വിളിച്ചു പാടിച്ചത്. അഞ്ചു പാട്ടുകളാണ് പടത്തിൽ. പക്ഷേ ഡിസ്‌കിൽ നാലെണ്ണമേ ഉൾക്കൊള്ളിക്കാൻ കഴിയൂ. ഏതെങ്കിലുമൊന്ന് ഒഴിവാക്കേണ്ടി വരുമെന്ന് തീർച്ചയായപ്പോൾ നറുക്ക് വീണത് പുതിയ ഗായകരുടെ പാട്ടിന്. ഡിസ്‌കിൽ ഇല്ലാത്തതുകൊണ്ട് അക്കാലത്ത് ആകാശവാണിയിലൊന്നും ഈ പാട്ട് വന്നതേയില്ല. സിനിമയിൽ നിന്ന് അത് ഒഴിവാക്കപ്പെട്ടില്ല എന്നത് ഞങ്ങളുടെ ഭാഗ്യം…”

പാട്ട് ചെന്നൈയിലെ തരംഗിണി സ്റ്റുഡിയോയിൽ ലൈവ് ആയി പിറന്നുവീണ നിമിഷങ്ങൾ ഉണ്ണിമേനോന്റെ ഓർമ്മയിലുണ്ട്. അരുണാചലം സ്റ്റുഡിയോയുടെ അകത്തായിരുന്നു അന്ന് തരംഗിണി. “ഇളയരാജാ സാറിന്റെ പാട്ടുകൾ പാടാൻ ചെന്നൈയിൽ താമസിക്കുന്ന നാളുകളിലാണ് ഒരു ദിവസം കാലത്ത് രവീന്ദ്രൻ മാഷിന്റെ വിളി വന്നത്.”- ഗായിക ജെൻസി ഓർക്കുന്നു. “അന്നു രാവിലെ തന്നെയാണ് പാട്ട് റെക്കോർഡ് ചെയ്തതും. പക്ഷേ മോഹൻലാൽ ആദ്യമായി സിനിമയിൽ പാട്ടിനൊത്ത് ചുണ്ടനക്കിയ രംഗം അതായിരുന്നു എന്നറിയുന്നത് ഇപ്പോഴാണ്. സന്തോഷമുണ്ട്…” ലാലിനൊപ്പം ആദ്യ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട റാണിപദ്‌മിനി ഇന്നില്ല എന്നത് നൊമ്പരമുണർത്തുന്ന സത്യം. ദുരൂഹമായ സാഹചര്യത്തിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു റാണി-1986 ൽ.

1981 നവംബറിലാണ് തേനും വയമ്പും റിലീസായത്. തൊട്ടുപിന്നാലെ 1982 ഫെബ്രുവരിയിൽ പുറത്തു വന്ന ബാലചന്ദ്രമേനോന്റെ “കേൾക്കാത്ത ശബ്ദ”ത്തിൽ ആയിരുന്നു മോഹൻലാൽ ചുണ്ടനക്കി അഭിനയിച്ച ആദ്യത്തെ ഹിറ്റ് ഗാനരംഗം. ജയചന്ദ്രനും വാണിജയറാമും പാടിയ ദേവദാസ് – ജോൺസൺ ടീമിന്റെ “നാണം നിൻ കണ്ണിൽ.” ഗായകനായി ലാൽ അരങ്ങേറിയത് പിന്നെയും മൂന്ന് വർഷം കൂടി കഴിഞ്ഞ് “ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ” എന്ന ചിത്രത്തിലാണ്; ചുനക്കര – രഘുകുമാർ സഖ്യത്തിന് വേണ്ടി സിന്ദൂരമേഘം ശൃംഗാര കാവ്യം എന്ന പാട്ട് പാടിക്കൊണ്ട്. കൂടെ പാടിയത് എം ജി ശ്രീകുമാർ.

അറുപതു വയസ്സ് തികയുമ്പോഴും പഴയ കൃസൃതിക്കാരനായ യുവാവായി മോഹൻലാൽ മലയാളിമനസ്സിൽ ഓടിപ്പാടിക്കൊണ്ടേയിരിക്കുന്നു; ചുണ്ടിൽ കാലത്തിന് പോറലേൽപ്പിക്കാൻ കഴിയാത്ത ഗാനങ്ങളുമായി…