Movie prime

ആരോഗ്യ മന്ത്രി അറിയാൻ... 

 

വാര്‍ത്താ അവതാരക ആയിരുന്ന നമ്മുടെ ആരോഗ്യമന്ത്രി ഡെസ്‌ക്ക്കില്‍ നിന്ന് കൊടുക്കുന്ന വാര്‍ത്തയുടെ സ്‌ക്രിപ്റ്റ്  പ്രോംപ്റ്ററില്‍ നോക്കി വായിക്കുന്ന ഓര്‍മ്മയിലാണ് ഇപ്പോഴുമെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്ത ഉത്തരം വായിക്കുന്നത് കണ്ടപ്പോള്‍ തോന്നിപ്പോയതാണ്. 

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും അവതാരകന്‍ പി.ജി.സുരേഷ്‌കുമാറും ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനാകാതെ സി.പി.എം എം.എല്‍.എ പി.പി.ചിത്തരഞ്ജന്‍ കുഴങ്ങുന്നതും കണ്ടിരുന്നു. മന്ത്രിക്ക് സഭയില്‍ ഉത്തരം പറയുന്നതിന് മുമ്പ് ഒന്ന് വായിച്ച് നോക്കാമായിരുന്നില്ലേ എന്ന് ആര്‍ക്കും ചോദിക്കാന്‍ തോന്നും. ഉത്തരത്തിന്റെ താഴെ മന്ത്രി ഒപ്പ് വെച്ചതിന് ശേഷമാണ് സഭയില്‍ എത്തുക എന്ന കാര്യവും വീണാ ജോര്‍ജ്ജ് മറന്ന് പോയെന്ന് തോന്നുന്നു.

Madhyamalokamഇതൊന്നും പോരാഞ്ഞ്, ഈ വിഷയത്തെ കുറിച്ച് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത് ചട്ടലംഘനമാണെന്ന കാര്യവും രാഹുല്‍ ചര്‍ച്ചയില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.   കഴിഞ്ഞ അഞ്ച് വര്‍ഷം എം.എല്‍.എ ആയിരുന്നതിന് ശേഷമാണ് വീണാ ജോര്‍ജ്ജ് മന്ത്രിയായത്. അപ്പോള്‍ 
സഭാ ചട്ടങ്ങളെക്കുറിച്ച് മന്ത്രിക്ക് വേണ്ടത്ര അറിവുണ്ടായിരിക്കേണ്ടതല്ലേ എന്ന സംശയം ആര്‍ക്കും ഉന്നയിക്കാം.

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ സാക്ഷാൽ കെ.കരുണാകരന്‍ പോലും 1977 ല്‍ ആദ്യമായി മുഖ്യമന്ത്രിയായി ദിവസങ്ങള്‍ക്കകം രാജി വെയ്‌ക്കേണ്ടി വന്നതിന് പിന്നില്‍ സമാനമായ സ്ഥിതിവിശേഷമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തതിന്റെ അടിസ്ഥാനത്തിൽ രാജന്‍ കേസില്‍ സഭയിലും കോടതിയിലും അദ്ദേഹം കുടുങ്ങേണ്ടി വന്ന കാര്യം മുൻമാധ്യമപ്രവര്‍ത്തകയും എം.എല്‍.എയും മന്ത്രിയുമെല്ലാമായ നമ്മുടെ ആരോഗ്യമന്ത്രി ഓര്‍ക്കുന്നത് നന്നായിരിക്കും. 

കോഴിക്കോട് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി ആയിരുന്ന രാജനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തത് നിയമസഭയിലും കോടതിയിലും പറഞ്ഞ കരുണാകരന് ഇതിന്റ പേരിലാണ് മുഖമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. ഉദ്യോഗസ്ഥരെ ആവശ്യത്തിലധികം വിശ്വാസത്തിലെടുത്ത് അവര്‍ കാണിച്ച് കൊടുക്കുന്ന സ്ഥലത്തെല്ലാം ഒപ്പ് വെയ്ക്കുന്ന എല്ലാ ഭരണാധികാരികളേയും കാത്തിരിക്കുന്ന അനിവാര്യമായ ദുര്യോഗമാണ് നമ്മുടെ ആരോഗ്യമന്ത്രിക്കും ഉണ്ടായിട്ടുള്ളത്.

പണ്ട് കേരളത്തില്‍ ഒരു മന്ത്രിയുണ്ടായിരുന്നു, കാന്തലാട്ട് കുഞ്ഞമ്പു. സത്യസന്ധനായ, പഴയ തലമുറയിലെ കമ്മ്യൂണിസ്റ്റ് നേതാവ്. ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന എന്തും തനിക്ക് മലയാളത്തിലാക്കി തരണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു അദ്ദേഹം. അത് വായിച്ച് നോക്കാതെ ഒരു ഫയലിലും മന്ത്രി ഒപ്പിടില്ലായിരുന്നു. ഹജൂര്‍ കച്ചേരിയില്‍ മന്ത്രിമാര്‍ വരും, പോകും പക്ഷെ, ഉദ്യോഗസ്ഥര്‍ പതിറ്റാണ്ടുകളോളം അവിടെ തുടരും. പിഴവിന് കൂടിപ്പോയാല്‍ സസ്‌പെന്‍ഷന്‍ മാത്രമായിരിക്കും ശിക്ഷ. അത് കൊണ്ട് മന്ത്രിക്ക് കഴിഞ്ഞ ദിവസം പറ്റിയ വീഴ്ച ഗുരുതരം തന്നെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ച നമുക്ക് വ്യക്തമായി തന്നെ കാട്ടിത്തന്നു.

അടിക്കുറിപ്പ്:  ദീര്‍ഘകാലം കേരള നിയമസഭാ സെക്രട്ടറി ആയിരുന്ന ഡോ.ആര്‍.പ്രസന്നന്‍ എഴുതിയ സര്‍വ്വീസ് സ്റ്റോറിയുടെ പേരാണ് 'നിയമസഭയില്‍ നിശബ്ദനായി'. നമ്മുടെ ആരോഗ്യമന്ത്രി സമയം കിട്ടുമ്പോള്‍ ഈ പുസ്തകം ഒന്ന് വായിക്കുന്നത് നന്നായിരിക്കും. ഗൗരിയമ്മയേയും ടി.വി.തോമസിനെയും ബേബി ജോണിനേയും അച്യുതമേനോനേയും എന്‍.ഐ.ദേവസിക്കുട്ടിയേയും പോലെയുള്ള പ്രഗത്ഭരായ പാര്‍ലമെന്റേറിയന്‍മാര്‍
ഒരുദ്യോഗസ്ഥന്റെയും സഹായമില്ലാതെ അവരെ വരച്ച വരയില്‍ നിര്‍ത്തി എങ്ങനെ മികച്ച സാമാജികരായി എന്ന് മനസിലാക്കാന്‍ ഈ പുസ്തകം ധാരാളമാണ്.