Movie prime

കുട്ടികളിലെ കോവിഡ് ആഘാതം: സെമിനാര്‍ 

 

കോവിഡ് -19 കുട്ടികളിലുണ്ടാക്കുന്ന ആഘാതം എന്ന വിഷയത്തെ ആസ്പദമാക്കി  കേരളം ആസ്ഥാനമായുള്ള വൈദ്യരത്‌നം ഔഷധശാല ജൂലൈ 11 മുതല്‍ രണ്ട് ദിവസത്തെ ആയുര്‍വേദ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് നടത്തുന്നു.

പ്രമുഖ ആയുര്‍വേദ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എ.ഐ.ഐ.എ) ന്യൂഡല്‍ഹി, കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് , ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ എന്നിവിടങ്ങളിലെ പീഡിയാട്രിക്‌സ് വിദഗ്ധരും 1,500 ഓളം വരുന്ന പുരാതന ഔഷധ ചികിത്സയുടെയും ആരോഗ്യസംരക്ഷണത്തിന്റെയും പ്രാക്ടീഷണര്‍മാരും, കുട്ടികളിലെ കോവിഡിനെക്കുറിച്ചും കോവിഡിന് ശേഷമുള്ള ആയുര്‍വേദ ചികിത്സയെക്കുറിച്ചും ക്ലിനിക്കല്‍ അനുഭവങ്ങളും കേസ് പഠനങ്ങളും ചര്‍ച്ച ചെയ്യും.

മുന്‍കാല അനുഭവങ്ങളില്‍ നിന്നും ഒരു ഏകീകൃത ചികിത്സാ പ്രോട്ടോക്കോള്‍ സ്വീകരിച്ച് പകര്‍ച്ചവ്യാധിയെ ഫലപ്രദമായി നേരിടാന്‍ മുഴുവന്‍ വ്യവസായങ്ങളെയും സജ്ജമാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.  വൈദ്യരത്‌നം ഗ്രൂപ്പ് സ്ഥാപകന്റെ അനുസ്മരണ ദിന ചടങ്ങിന്റെ ഭാഗമായാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.

ഏറ്റവും പുതിയ പഠനമനുസരിച്ച്, കോവിഡിന്റെ മൂന്നാമത്തെ തരംഗം പതിനെട്ട് വരെ പ്രായമുള്ളവരെ ബാധിച്ചേക്കാം. ഗണ്യമായ ശാസ്ത്രീയ തെളിവുകളും വിദഗ്ധരുടെ മാര്‍ഗനിര്‍ദേശവും ഉപയോഗിച്ച് ആയുര്‍വേദ സമീപനത്തിലൂടെ ഈ വിഷയം അഭിസംബോധന ചെയ്യുന്നതാണ് ഈ വര്‍ഷത്തെ പ്രാഥമിക ശ്രദ്ധയെന്നു  വൈദ്യരത്‌നം ഗ്രൂപ്പ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ.ഇ.ടി.നീലകണ്ഠന്‍ മൂസ് പറഞ്ഞു.

വിദഗ്ദ്ധ പാനലിന്റെ ഉപദേശത്തോടെ പീഡിയാട്രിക് കേസുകളുടെ കോവിഡ് മാനേജ്‌മെന്റില്‍ ഒരു ചികിത്സാ പ്രോട്ടോക്കോള്‍ വികസിപ്പിക്കുക, മുതിര്‍ന്നവരില്‍ കോവിഡ്, പോസ്റ്റ് കോവിഡ് മാനേജ്‌മെന്റിനെക്കുറിച്ച് ശാസ്ത്രീയ സമീപനം പുലര്‍ത്തുക എന്നിവയാണ് സെമിനാറിന്റെ പ്രതീക്ഷിത ഫലം.

പ്രതിരോധം, കോവിഡ് മാനേജ്‌മെന്റ്, പോസ്റ്റ് കോവിഡ് മാനേജ്‌മെന്റ് എന്നിവയില്‍ വൈദ്യരത്‌നം സജീവമായി പ്രവര്‍ത്തിക്കുന്നു. കോവിഡ് കേസുകളില്‍ സൗജന്യ ഒപി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) വിഭാഗങ്ങളിലെ രോഗികള്‍ക്കു സൗജന്യ മരുന്നുകള്‍ എന്നിവയും വൈദ്യരത്‌നം നല്‍കുന്നുണ്ട്,'' അദ്ദേഹം പറഞ്ഞു.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സംഘടനയായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഡയറക്ടര്‍ ഡോ. തനുജ നെസാരി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തും. കോവിഡ് മാനേജ്‌മെന്റിനോടുള്ള ആയുഷ് വകുപ്പിന്റെ സമീപനത്തെക്കുറിച്ചും ശിശുക്കളെയും കുട്ടികളെയും ബാധിച്ചേക്കാവുന്ന മൂന്നാം തരംഗത്തെ നേരിടാന്‍ സ്വീകരിച്ച നടപടികളും അവര്‍ വിശദീകരിക്കും.

മുതിര്‍ന്നവരിലെയും ശിശുക്കളിലെയും രോഗ പ്രതിരോധശേഷി, കോവിഡ് മാനേജുമെന്റ്, പോസ്റ്റ് കോവിഡ് മാനേജുമെന്റ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഡോ. തനുജ നെസാരി സംസാരിക്കും.