in

സ്റ്റാര്‍ട്ടപ്പ് സംഗമം ഹഡില്‍ കേരള സെപ്റ്റംബർ 27 മുതല്‍ കോവളത്ത്; 18 വരെ രജിസ്റ്റര്‍ ചെയ്യാം

ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ ഒത്തുചേരലായി മാറിയ ‘ഹഡില്‍ കേരള’-യുടെ സെപ്റ്റംബറില്‍ നടക്കുന്ന രണ്ടാം പതിപ്പിന് സെപ്റ്റംബര്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാം. 

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നേതൃത്വം നല്‍കുന്ന ‘ഹഡില്‍ കേരള-2019’ സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ) യുടെ സഹകരണത്തോടെ കോവളം ലീല റാവിസ് ബീച്ച് റിസോര്‍ട്ടിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
സംരംഭകത്വത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് അറിവു പകരുന്ന പ്രഭാഷകര്‍, നിക്ഷേപകര്‍, വിപണന വിദഗ്ധര്‍ എന്നിവര്‍ ഒരേ വേദിയില്‍ അണിനിരക്കുന്നു എന്നതാണ് ഹഡില്‍-ന്‍റെ പ്രത്യേകത. 

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ഹഡില്‍ ആദ്യ പതിപ്പില്‍  രണ്ടായിരം സ്റ്റാര്‍ട്ടപ്പുകളും  മുപ്പതോളം പ്രഭാഷകരും, പതിനഞ്ച് നിക്ഷേപകരും പങ്കെടുത്തിരുന്നു. ഇതിലും വിപുലമായി സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് ടു ബിസിനസ് മീറ്റാക്കി മാറ്റുന്ന തരത്തിലായിരിക്കും ഇത്തവണത്തെ പങ്കാളിത്തം. കേരളത്തില്‍ മാത്രം 1500-ല്‍പരം രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 250 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത്. 

ധാരണാപത്രങ്ങളും കരാറുകളും ചര്‍ച്ചകളുമൊക്കെയായി രണ്ടു ദിവസം ലീല റാവിസ് റിസോര്‍ട്ടില്‍ രാപ്പകലില്ലാതെ നടക്കുന്ന സമ്മേളനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങളും സേവനങ്ങളും അണിനിരത്തി മുന്നേറാനുള്ള മികച്ച വേദിയായി മാറും. 

ചര്‍ച്ചകള്‍ക്കായി കടല്‍തീരത്ത് ബീച്ച് ഹഡിലുകളും രാത്രിയിലേയ്ക്കും നീ ണ്ടുനില്‍ക്കുന്ന പ്രദര്‍ശനങ്ങളുമുള്‍പ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹഡില്‍ കേരള പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. സ്ഥാപന മേധാവികള്‍, സര്‍ക്കാരിലേതടക്കം നയകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വിദേശരാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ എന്നിവരും ഹഡില്‍ കേരള-19ന് എത്തുന്നുണ്ട്.  

ബ്ലോക്ക്ചെയ്ന്‍, നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, ഡിജിറ്റല്‍ വിനോദമേഖല, ഡ്രോണ്‍ ടെക്നോളജി, ഡിജിറ്റല്‍ വിനോദങ്ങള്‍, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഇ-ഗവേണന്‍സ്, മൊബൈല്‍ ഗവേണന്‍സ് യൂസര്‍ ഇന്‍റര്‍ഫെയ്സ്/എക്സപീരിയന്‍സ് തുടങ്ങി വിപ്ലവകരമായ സാങ്കേതിക വിദ്യകളിലായിരിക്കും  ഇത്തവണ ഹഡില്‍ കേരളയുടെ  ഊന്നല്‍. വേദിയിലെ പരിപാടികള്‍ക്കു പുറമെ നെറ്റ് വര്‍ക്കിങ് സെഷനുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സമാന്തര ചടങ്ങുകള്‍ എന്നിവയും നടക്കും. 

സ്റ്റാര്‍ട്ടപ്പുകളുടെ വലിയ കൂട്ടായ്മ സൃഷ്ടിക്കുക, സ്ഥാപക-നിക്ഷേപക ബന്ധം സൃഷ്ടിക്കുക, അടുത്ത തലമുറയിലേക്കു വളരാന്‍ കമ്പനികളെ സഹായിക്കുക എന്നതിലാണ്  ‘ഹഡില്‍ കേരള-19’ ആത്യന്തികമായി ലക്ഷ്യമിടുന്നത്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉടൻ നിരോധിക്കുമെന്ന് പ്രധാനമന്ത്രി

സാംസ്കാരിക ഘോഷയാത്രയോടെ തിങ്കളാഴ്ച ഓണാഘോഷത്തിന് കൊടിയിറക്കം