in

അലനെയും താഹയെയും മോചിപ്പിക്കണമെന്ന്  മനുഷ്യാവകാശ കമ്മിറ്റി 

ഇന്നത്തെ ആഗോള പ്രതിസന്ധിയിൽ  പരമാവധി തടവുകാരെ വിട്ടയക്കണമെന്നും അതിൽ രാഷ്ട്രീയ തടവുകാർക്കു മുൻഗണന നൽകണമെന്നുമുള്ള യു.എൻ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ മുന്നോട്ടുവച്ചാണ് അലനും താഹയ്ക്കും മോചനം നൽകണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. മുതിർന്ന പത്രപ്രവർത്തകൻ ബി ആർ പി ഭാസ്കർ  ചെയർമാനും ഡോ. ആസാദ് കൺവീനറുമായ സമിതി മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച്  തുറന്ന കത്തെഴുതിയിട്ടുണ്ട്. സക്കറിയ, സച്ചിദാനന്ദൻ തുടങ്ങിയ എഴുത്തുകാരും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി  പ്രമുഖരും  ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ കമ്മിറ്റിയിൽ അംഗങ്ങളാണ്.

കത്തിൻ്റെ പൂർണ രൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,

കൊറോണാ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ തടവുകാരുടെ മനുഷ്യാവകാശങ്ങളുടെ പ്രശ്‍നം താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്നത്തെ ആഗോള പ്രതിസന്ധിയിൽ  പരമാവധി തടവുകാരെ വിട്ടയക്കണമെന്നും അതിൽ രാഷ്ട്രീയതടവുകാർക്കു മുൻഗണന നൽകണമെന്നുമുള്ള യു.എൻ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ശ്രദ്ധിക്കുമല്ലോ.

കഴിഞ്ഞവർഷം നവംബർ ഒന്നിനാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ  വിദ്യാർത്ഥികളെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിചാരണത്തടവുകാരായി തൃശൂർ ജയിലിൽ ആറു മാസമായി അവർ കഴിയുന്നു. അവർക്കു കുറ്റപത്രം നൽകി കേസ് വിചാരണയ്ക്കുള്ള നടപടികൾ പോലും പൂർത്തിയായിട്ടില്ല. കോഴിക്കോട്ടെ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന രണ്ടുപേരെയും മാവോയിസ്റ്റുകൾ എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.  യുഎപിഎ അനുസരിച്ചു കേസ് എടുത്തതിനെ തുടർന്നാണ് എൻഐഎ അത് ഏറ്റെടുത്തത്. എൻഐഎ അന്വേഷിക്കേണ്ട തരത്തിൽ ഗൗരവമുള്ള കുറ്റമൊന്നും അവർ ചെയ്തതായി സർക്കാരിന് ബോധ്യമില്ലാത്തതിനാൽ കേസ് കേരളാ പോലീസിനെ തിരിച്ചേൽപ്പിക്കണമെന്നു താങ്കൾ കേന്ദ ആഭ്യന്തരമന്ത്രിക്കു കത്തെഴുതിയ കാര്യം ഓർക്കുമല്ലോ. 

 ഇന്ന് കേരളത്തിന്റെ മനസ്സാക്ഷിയുടെ മുന്നിൽ  രണ്ടു വിദ്യാർഥികളും  ചോദ്യചിഹ്നമായി നിൽക്കുകയാണ്. സർക്കാരിന്റെയും പോലീസിന്റെയും തെറ്റായ നിലപാടുകളുടെ ഇരകളാണ് അവർ എന്ന് സമൂഹം ഉറച്ചു വിശ്വസിക്കുന്നു. ഭരണകൂടം അവർക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടുമില്ല. 

വിചാരണതടവുകാർക്ക് ജാമ്യം നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഈ ആനുകൂല്യം അലനും താഹയും അർഹിക്കുന്നു. പക്ഷേ, സാങ്കേതികമായ കാരണങ്ങളാൽ അവർക്കതു നിഷേധിക്കപ്പെടുകയാണ്. അതിനാൽ ഇക്കാര്യത്തിൽ സർക്കാറിന്റെ അടിയന്തിര ഇടപെടൽ അനിവാര്യമണ്. ജയിലിൽ ആരോഗ്യത്തിന്  ഭീഷണി നേരിടുന്ന അവർക്ക് മോചനം വേണം. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് അവർക്ക് നീതി ലഭ്യമാക്കാൻ കേരളസർക്കാർ മുൻകൈയെടുക്കണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മകൾ സമൈറയ്ക്ക് സിനിമയുടെ എല്ലാ വശങ്ങളും പഠിക്കണം: കരിഷ്മ കപൂർ

വയോജനങ്ങളില്‍ 89 ശതമാനം പേരുടേയും ആരോഗ്യം തൃപ്തികരം