in

ഇമ ബാബു- പ്രണയ വര്‍ണങ്ങള്‍ നിറഞ്ഞ ചിത്രരചനകള്‍; വീഡിയോ

ഏകാന്തതയും വിരസതയും നിറഞ്ഞതാണ് ലോക് ഡൗൺ കാലം. ദിവസം മുഴുവൻ വീടിൻ്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നതിൻ്റെ മടുപ്പും ബോറടിയും മാറ്റാൻ പലരും പലതരം വിനോദങ്ങളിലേക്ക് തിരിയുകയാണ്.

തിരക്കും ബഹളവും നിറഞ്ഞ ജീവിതവണ്ടി അപ്രതീക്ഷിതമായി റൂട്ട് മാറി ഓടുമ്പോൾ ജീവിതം തന്നെ മാറ്റി വരയ്ക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫർ ഇമ ബാബു.

പൊതുപരിപാടികളും സൗഹൃദക്കൂട്ടായ്മകളുമായി രാവിലെ മുതൽ രാത്രി ഏറെ വൈകുംവരെ നീളുന്ന സഞ്ചാരി ജീവിതത്തിനിടയിൽ സന്തത സഹചാരിയായ പ്രിയപ്പെട്ട ക്യാമറക്ക് അവധി കൊടുത്ത് ഈ ലോക് ഡൗൺ കാലത്ത് ഇമ കൈയിലെടുത്തത് ബ്രഷുകളാണ്.

* * *
ചെറുപ്പം മുതലേ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നതും ഇടയ്ക്കിടെ മാത്രം പൊടി തട്ടി പുറത്തെടുക്കുന്നതുമായ വരയുടെ വഴിയാണ് ഇപ്പോഴത്തെ ഏകാന്തതയെ മറികടക്കാൻ സഹായിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.

* * *
പ്രണയം തീമായ നാല്പതോളം ചിത്രങ്ങൾ ഈ ലോക് ഡൗൺ കാലത്ത് വരച്ചു.

അവൾ…
പ്രണയ ഗന്ധം… പുലർമഞ്ഞിലെ പ്രണയ പുതപ്പിൽ…
വെയിൽ മരച്ചോട്… ഞങ്ങൾ…
തണൽ…
പാട്ട്… പ്രണയമഴത്തുമ്പികൾ… സെൽഫി…
പൂത്തുമ്പി… കുടമറയ്ക്കുള്ളിലെ പ്രണയം…

തുടങ്ങിയ നിരവധി മനോഹര രചനകൾ.

* * *
കലാകാരന്മാർ എല്ലാവരും പ്രണയികളാണ്. പ്രണയമാണ് ജീവിതത്തിൻ്റെ അടിസ്ഥാനമെന്നും പ്രണയമില്ലാത്ത ജീവിതം ജീവിതമേയല്ല എന്നുമാണ് ചിത്രകാരൻ്റെ ജീവിത ദർശനം. അതേ ഫിലോസഫിയാണ് ഇമ ബാബുവിന് കലയിലും വഴികാട്ടിയാവുന്നത്.

* * *
ചിത്രകല പഠിച്ചിട്ടില്ലെന്നും എന്നാൽ അവസരങ്ങൾ കിട്ടുമ്പോഴെല്ലാം ആർട് ഗാലറികൾ സന്ദർശിക്കാറുണ്ടെന്നും ഇമ ബാബു പറയുന്നു.

* * *
ഒട്ടേറെ ചിത്രകാരന്മാർ അടുത്ത സുഹൃത്തുക്കളായി ഉണ്ട്. ജ്യോതിബസു ദേശീയ- അന്തർദേശീയ തലങ്ങളിൽ പ്രശസ്തനാണ്. കൃഷ്ണ കുമാറിനെപ്പോലെ, പ്രേംജി യെപ്പോലെ ആദരണീയരായ ചിത്രകാരന്മാർ ഏറെ. അവരുടെ രചനാരീതികളും മറ്റും അടുത്തു നിന്ന് കാണാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

മദനനും ടി.കെ. മുരളിയും ഇ.എസ്. ശാന്തിയും ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെ രചനകൾ ഇഷ്ടമാണെന്നും ഇമ പറഞ്ഞു.

* * *
ഏതാനും വർഷം മുമ്പ് വലപ്പാട്ടെ ചന്തയെ തൻ്റെ നൂറ് കണക്കിന് ചിത്രങ്ങളിലൂടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. ഓർമച്ചന്ത എന്ന പേരിൽ പുറത്തിറങ്ങിയ ആ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു.

* * *
വരയും വാക്കും അകം പുറം നിറയുന്ന പുതിയൊരു പുസ്തകത്തിൻ്റെ രചനയിലാണ് പ്രതിഭാധനനായ ഈ ചിത്രകാരൻ

* * *
നടൂപറമ്പിൽ മാധവൻ്റെയും ഇന്ദിരയുടെയും മകനായി തൃശൂർ ജില്ലയിലെ തൃപ്രയാറിലാണ് ഇമ ബാബു ജനിച്ചത്.

സ്കൂൾ ഫൈനൽ പൂർത്തിയാക്കാത്ത ബാബു ചെറുപ്പത്തിലേ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. മൂന്നു പതിറ്റാണ്ടായി ക്യാമറയുമായി നാടുചുറ്റുന്നു.

മാതൃഭൂമിയടക്കം മലയാളത്തിലെ ഒന്നാംനിര ആനുകാലികങ്ങളിലും Open പോലുള്ള ഇംഗ്ലീഷ് മാഗസിനുകളിലും ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു.

രണ്ടുതവണ മാതൃഭൂമി കാർഷിക ഫോട്ടോഗ്രഫി അവാർഡ് നേടി. കുഞ്ഞുണ്ണി മാഷിൻ്റെതായി നാം കണ്ടറിഞ്ഞ ഒട്ടേറെ പ്രശസ്ത ചിത്രങ്ങൾ ഇമബാബുവിൻ്റേതാണ്.

ഗാന്ധിതീരം കുഞ്ഞുണ്ണി മാഷ് പുരസ്കാരവും സഫ്ദർ ഹാഷ്മി വടകര, അന്തിക്കാട് പ്രസ് ക്ലബ്ബ്, വലപ്പാട് സാംസ്കാരിക വേദി എന്നിവയുടെ അവാർഡുകളും നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്വത്വം, കടവ്, മതിലകം ചന്ത, അബ്ദുക്ക ബിയോണ്ട് ദി ഫ്രെയിം, കളർ ഓഫ് ദി സീഷോർ, ഒറ്റയാൾ എന്നീ ഡോക്യുമെൻ്ററികളും കാക്ക, പക്ഷിസങ്കേതം, രണ്ടാമത്തെ ഒരാൾ എന്നീ ഷോർട്ട് ഫിലിമുകളും ശ്രദ്ധേയമാണ്.

ഫെയ്സ് ഓഫ് ദി സിറ്റി, ഗായ എന്നീ ഡോക്യുമെൻ്ററികൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഇമ ബാബു നിരവധി മിനിക്കഥകളും രചിച്ചിട്ടുണ്ട്. വിമലയാണ് ഭാര്യ. മകൻ യദു കൃഷ്ണൻ വിദേശത്ത് അക്കൗണ്ടൻ്റാണ്.

ഇമ ബാബു വരച്ച ഏതാനും ചിത്രങ്ങള്‍

പ്രണയ തുമ്പികള്‍
തണല്‍
അവള്‍
പ്രണയ ഗന്ധം

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യയ്ക്ക് വെൻ്റിലേറ്ററുകൾ നല്കുമെന്ന് ട്രമ്പ്

മരിച്ചു വീണ ഓരോ കുട്ടിയും സ്വപ്നം കണ്ടിട്ടുണ്ടാവും; ശേഷിക്കുന്നവരെ രക്ഷിക്കുന്ന ഒരു സ്നേഹവിപ്ലവം