Movie prime

പൊലീസിൽ മാത്രമല്ല ജുഡീഷ്യറിയിലും വേണം സമഗ്രമായ പരിഷ്കാരങ്ങൾ

judiciary ഭരണകൂട അതിക്രമങ്ങൾക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ നിരയാണ് കീഴ് ജുഡീഷ്യറി. എന്നാൽ ഇതിലെ അംഗങ്ങൾ പലപ്പോഴും തങ്ങളുടെ ചുമതലകൾ യാന്ത്രികമായാണ് നിർവഹിക്കുന്നത് എന്ന് കാണാം. മാരകമാണ് ഇതിൻ്റെ പ്രത്യാഘാതങ്ങൾ. തൂത്തുക്കുടിയിലെ കസ്റ്റഡി മരണങ്ങൾ അതിലേക്കാണ് വെളിച്ചം വീശുന്നത്.judiciary തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ നടന്ന കിരാതമായ കസ്റ്റഡി കൊലപാതകത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയും കോടതിയുടെ മധുര ബെഞ്ചിന് മുന്നിൽ നേരിട്ട് ഹാജരാകാൻ അവരോട് ഉത്തരവിടുകയും ചെയ്തു. പി. ജയരാജ് (59), More
 
പൊലീസിൽ മാത്രമല്ല ജുഡീഷ്യറിയിലും വേണം സമഗ്രമായ പരിഷ്കാരങ്ങൾ

judiciary

ഭരണകൂട അതിക്രമങ്ങൾക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ നിരയാണ് കീഴ്‌ ജുഡീഷ്യറി. എന്നാൽ ഇതിലെ അംഗങ്ങൾ പലപ്പോഴും തങ്ങളുടെ ചുമതലകൾ യാന്ത്രികമായാണ് നിർവഹിക്കുന്നത് എന്ന് കാണാം. മാരകമാണ് ഇതിൻ്റെ പ്രത്യാഘാതങ്ങൾ. തൂത്തുക്കുടിയിലെ കസ്റ്റഡി മരണങ്ങൾ അതിലേക്കാണ് വെളിച്ചം വീശുന്നത്.judiciary

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ നടന്ന കിരാതമായ കസ്റ്റഡി കൊലപാതകത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയും കോടതിയുടെ മധുര ബെഞ്ചിന് മുന്നിൽ നേരിട്ട് ഹാജരാകാൻ അവരോട് ഉത്തരവിടുകയും ചെയ്തു.

പി. ജയരാജ് (59), ജെ ബെന്നിക്സ് (31) എന്നിവരുടെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കോടതി നിയോഗിച്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജൂൺ 22-ന് നൽകിയ റിപ്പോർട്ടിൽ തൂത്തുക്കുടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തോട് നിസ്സഹകരിക്കുക മാത്രമല്ല, അധിക്ഷേപിച്ചതായും പരാതിപ്പെട്ടിരുന്നു.

കോവിഡ്-19 ലോക്ഡൗൺ സമയത്ത് അനുവദനീയമായ സമയത്തിനപ്പുറം മൊബൈൽ ഫോൺ ഷോപ്പ് തുറന്നു വെച്ചു എന്ന നിസ്സാര കുറ്റത്തിനാണ് പിതാവിനെയും മകനെയും സതങ്കുളം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

കസ്റ്റഡിയിൽ രണ്ടുപേർക്കും ക്രൂരമായ പീഡനമാണ് നേരിട്ടത്. ചില റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതു മൂലമുള്ള രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്.

ഇരുവരുടേതും സ്വാഭാവിക മരണമാണെന്ന നിലപാടാണ് തമിഴ്‌നാട് സർക്കാർ തുടക്കത്തിൽ എടുത്തത്. എന്നാൽ വർധിച്ചുവന്ന പൊതുജന രോഷവും തെരുവുകളിൽ അരങ്ങേറിയ വൻ പ്രക്ഷോഭങ്ങളും വിശദമായ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിനെ നിർബന്ധിതരാക്കി.

സ്ഥിതിഗതികൾ സങ്കീർണമായതിനെ തുടർന്നാണ് കസ്റ്റഡി മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതരായത് എന്ന് കാണാം.

കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട മജിസ്‌ട്രേറ്റിനെ പൊലീസ് ഭീഷണിപ്പെടുത്തി എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

അതോടൊപ്പം ജൂഡീഷ്യറിയുടെ താഴെത്തട്ടിലെ പ്രവർത്തനത്തെയും വിമർശന വിധേയമാക്കേണ്ടതുണ്ട്.

ഇരുവരുടെയും ശാരീരിക അവസ്ഥ പോലും പരിശോധിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ച കീഴ്ക്കോടതി മജിസ്‌ട്രേറ്റിന്റെ പെരുമാറ്റമാണ് അവരെ മരണത്തിലേക്ക് നയിച്ചത് എന്ന് പറയേണ്ടിവരും.

മജിസ്‌ട്രേറ്റായ ബി ശരവണന്റെ മുമ്പാകെ പിതാവിനെയും മകനെയും ഹാജരാക്കിയപ്പോൾ, അവരുടെ ശാരീരിക അസ്വസ്ഥതകളോ അവർക്കേറ്റ പരിക്കുകളോ അദ്ദേഹം ഒട്ടും പരിഗണിച്ചില്ല എന്നത് ഞെട്ടലുളവാക്കേണ്ട കാര്യമാണ്. അനുവദനീയമായ സമയത്തിനുശേഷവും ഒരു മൊബൈൽ കട തുറന്നു വെച്ചു എന്ന നിസ്സാര കുറ്റത്തിനാണ് അവരെ കസ്റ്റഡിയിലെടുക്കാൻ ജഡ്ജി പൊലീസിനെ അനുവദിച്ചത്.

ഭരണകൂട അതിക്രമങ്ങൾക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ നിരയായി പ്രവർത്തിക്കേണ്ടവയാണ് കീഴ്ക്കോടതികൾ. യാന്ത്രികമായല്ല അവ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടത്. ഇന്ത്യയിൽ കീഴ്‌ ജുഡീഷ്യറിക്കെതിരെ അടുത്തകാലത്തായി ഒട്ടേറെ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അതിൽ ഒടുവിലത്തേതാണ് ഈ സംഭവം.

കീഴ്ക്കോടതികളുടെ യാന്ത്രികമായ സമീപനങ്ങളും അലസതയും അലംഭാവവുമാണ് ഇത്തരം അന്യായങ്ങളിലേക്ക് നയിക്കുന്നത്. അനാവശ്യ തടവുകൾ നീതിന്യായ വ്യവസ്ഥയ്ക്ക് ഒട്ടും തന്നെ ചേർന്നതല്ലെന്ന് പറയേണ്ടി വരും. കീഴ്ക്കോടതികളുടെ പ്രവർത്തനത്തിൽ കടന്നു കൂടുന്ന ഇത്തരം പാളിച്ചകൾ അങ്ങേയറ്റം മാരകമാകുമെന്ന്‌ തൂത്തുക്കുടി സംഭവം വ്യക്തമാക്കുന്നു.

ജയരാജിന്റെയും ബെന്നിക്സിന്റെയും കസ്റ്റഡി മരണം തീർച്ചയായും ഒറ്റപ്പെട്ട സംഭവമല്ല. ജുഡീഷ്യൽ ഓഫീസർമാരുടെ ഇത്തരം നിരവധി പരാജയങ്ങൾ അടുത്ത കാലത്തായി വെളിച്ചത്തുവന്നിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ആയിരക്കണക്കിന് രാജ്യദ്രോഹ കേസുകൾ ചുമത്തപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് നാടകം കളിച്ചതിന്, കർണാടകയിൽ ഒരു സ്‌കൂൾ അധ്യാപകനെയടക്കം മാസങ്ങളോളം ജയിലിൽ അടച്ചിട്ടിരുന്നു.

അപ്പീൽ പ്രക്രിയ വഴി നിയമ വ്യവസ്ഥയിൽ കടന്നു കൂടുന്ന തെറ്റുകൾ തിരുത്തപ്പെടും എന്ന സങ്കല്പത്തിലാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത്. എന്നാൽ

അത്തരം അനുമാനങ്ങൾ പലപ്പോഴും തെറ്റിപ്പോകാറുണ്ട്. ഉത്തരവാദിത്വ നിർവഹണത്തിൽ അലംഭാവം കാട്ടുന്ന കീഴ് ജുഡീഷ്യറിയിലെ അംഗങ്ങൾ അപൂർവമായി മാത്രമേ ശിക്ഷിക്കപ്പെടാറുള്ളൂ എന്നതാണ് വാസ്തവം.

പൊലീസ് സംവിധാനത്തിലെ പരിഷ്കാരങ്ങളോടൊപ്പം, ജുഡീഷ്യറിയിലും സമഗ്രമായ പൊളിച്ചെഴുത്തുകൾ ആവശ്യമാണെന്നാണ് തൂത്തുക്കുടിയിലെ കസ്റ്റഡി മരണങ്ങൾ കാണിക്കുന്നത്. നീതി സംരക്ഷിക്കും വിധത്തിലുളള

നിയമവാഴ്ച കൃത്യതയോടെ ഉറപ്പുവരുത്താനായില്ലെങ്കിൽ ഭരണകൂടങ്ങൾ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ തടസ്സമില്ലാതെ തുടരും.

കടപ്പാട്: ദി സ്ക്രോൾ