in

കീറിയ ജീൻസും കണ്ടം വെച്ച ബ്ലൗസും പോലുള്ള അമേരിക്കൻ വസ്ത്രങ്ങൾ  ധരിക്കുന്നതിനെതിരെ  കങ്കണയുടെ ട്വീറ്റ്, മറുപടിയായി അത്തരം ഡ്രസ്സിട്ട നടിയുടെ ഫോട്ടോകൾ

Kangana Ranaut
പുലിവാല് പിടിക്കുക എന്ന് കേട്ടിട്ടില്ലേ. ആ പ്രയോഗം അക്ഷരാർഥത്തിൽ  ശരിയായിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗതിൻ്റെ കാര്യത്തിൽ. കീറലുള്ള ജീൻസും കണ്ടംവെച്ച ബ്ലൗസും പോലുള്ള അമേരിക്കൻ വസ്ത്രങ്ങൾ ധരിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത നടിക്ക് അതേ മട്ടിലുള്ള വസ്ത്രങ്ങൾ ധരിച്ച അവരുടെ ഫോട്ടോകൾ കൊണ്ടാണ് ട്വിറ്ററാറ്റി മറുപടി കൊടുക്കുന്നത്. Kangana Ranaut 

ഇന്ത്യ, ജപ്പാൻ, സിറിയ എന്നീ രാജ്യങ്ങളിൽനിന്ന് ആദ്യമായി ലൈസൻസ് നേടിയ വനിതാ ഡോക്ടർമാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റാണ് താരത്തെ കുഴപ്പത്തിൽ ചാടിച്ചത്. കങ്കണ ട്വീറ്റ് ചെയ്ത 1885-ലെ ഫോട്ടോയിൽ മൂന്ന് സ്ത്രീകളും അതത് രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിട്ടുള്ളത്. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് വഴി സ്വന്തം വ്യക്തിത്വം മാത്രമല്ല  തങ്ങളുടെ രാജ്യത്തിൻ്റെ നാഗരികതയും സംസ്കാരവുമാണ് ആ വനിതകൾ ഉയർത്തിപ്പിടിക്കുന്നതെന്നും അതിന് അവരെ അഭിനന്ദിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റിൽ പറയുന്നത്. ഇന്നാണ് ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതെങ്കിൽ  കീറിയ ജീൻസും കണ്ടം വെച്ച ബ്ലൗസും പോലുള്ള അമേരിക്കൻ വസ്ത്രങ്ങൾ ധരിച്ചായിരിക്കും ഫോട്ടോക്ക് പോസ് ചെയ്യുക എന്ന കുത്തു വാക്കോടെയാണ് നടിയുടെ  ട്വീറ്റ്. അമേരിക്കൻ മാർക്കറ്റിങ്ങിനെയും സംസ്കാരത്തെയും  അപലപിക്കുന്ന നടിയുടെ ട്വീറ്റിന്, അതേ മട്ടിൽ വസ്ത്രങ്ങൾ ധരിച്ച അവരുടെ ഫോട്ടോകൾ കൊണ്ടു തന്നെ മറുപടി നൽകി പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. സ്വയം വിവരിച്ച മട്ടിലുള്ള വസ്ത്രങ്ങൾ ധരിച്ച അവരുടെ ചിത്രങ്ങൾ ഒന്നിനു പിറകേ ഒന്നായി ഇട്ടുകൊണ്ടാണ് നടിയുടെ ഇരട്ടത്താപ്പിന് മറുപടി പറയുുന്നത്.

കീറലുള്ള ജീൻസിട്ട കങ്കണയുടെ ചിത്രം പങ്കുവെച്ച ഒരാൾ “ഹിപ്പോക്രസി അൺലിമിറ്റഡ് ” എന്നാണ് അതിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നടി വിമർശിക്കുന്ന വിധത്തിലുള്ള  പാശ്ചാത്യ വസ്ത്രങ്ങളാണ് അവർ സ്ഥിരമായി ധരിക്കാറുള്ളതെന്നും എവിടെ നിന്നാണ് കങ്കണയ്ക്ക് പൊടുന്നനെ പാരമ്പര്യത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും ബോധോദയം ഉണ്ടായതെന്നും ചിലർ ചോദിച്ചു.

അടുത്ത കാലത്തായി കങ്കണയുടെ സോഷ്യൽ മീഡിയാ പ്രതികരണങ്ങൾ മിക്കതും രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഒട്ടും മയമില്ലാത്ത ഭാഷയിലാണ് നടി പ്രതികരിക്കാറ്. കർഷക സമരത്തിന് അനുകൂലമായി നിലപാടെടുത്ത, അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ കരീബിയൻ ഗായിക റിഹാനയെ കടന്നാക്രമിച്ചു കൊണ്ടുള്ള അവരുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു.

ഐ എൻ സി നേതാവ് സുഖ്ദേവ് പാൻസെ കങ്കണയെ നാച്ച്നെ ഗാനെ വാലി
(ഐറ്റം ഗേൾ) എന്ന്  വിമർശിച്ചതിനെ തുടർന്നുണ്ടായ വിവാദം ബോളിവുഡിലെ താരങ്ങൾക്കിടയിൽ വലിയ വാക്പോരിന് വഴിവെച്ചിരുന്നു. ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയും ആലിയ ഭട്ടിനെയും വിവാദത്തിലേക്ക് വലിച്ചിഴച്ച നടി താൻ അവരെപ്പോലെ ഐറ്റം നമ്പർ ചെയ്യുന്ന നടിയല്ല എന്നാണ് പറഞ്ഞത്.

ഈ വിഡ്ഢി ആരായാലും ഇവനറിയാമോ, ഞാൻ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന്… എന്നായിരുന്നു കങ്കണയുടെ വിവാദ പരാമർശം. ഐറ്റം നമ്പറുകൾ ചെയ്യാൻ വിസമ്മതിച്ച, ഖാൻ/കുമാർ  ഹീറോകൾക്കൊപ്പം സിനിമ ചെയ്യാൻ വിസമ്മതിച്ച ഒരേയൊരാൾ താനാണെന്നും കങ്കണ പറഞ്ഞു. ബോളിവുഡിലെ ഗുണ്ടാസംഘങ്ങളാണ് തനിക്കെതിരെ വിമർശനവുമായി രംഗത്തു വരുന്നതെന്നാണ് നടി ആരോപിച്ചത്. താൻ ഒരു രജപുത്ര സ്ത്രീയാണെന്നും രജപുത്ര സ്ത്രീകൾ കുലുക്കാറല്ല, എല്ലുകൾ തകർക്കാറാണ് പതിവെന്നും  ഒട്ടും മയപ്പെടുത്താത്ത ഭാഷയിലാണ് നടി പ്രതികരിച്ചത്.  

വിവാദത്തിൽ ഇടപെട്ട മറ്റൊരു ബോളിവുഡ് താരം സ്വര ഭാസ്‌കർ, സുഖ്ദേവ് പാൻസെയുടെ പരാമർശത്തെ മണ്ടത്തരമെന്നും ലൈംഗികത നിറഞ്ഞതെന്നും  അപലപനീയമെന്നും വിശേഷിപ്പിച്ചെങ്കിലും കങ്കണയാണ് വിഷയം കൂടുതൽ വഷളാക്കിയത് എന്ന കുറ്റപ്പെടുത്തലും നടത്തിയിരുന്നു. കങ്കണ ഐറ്റം ഡാൻസ് കളിക്കുന്ന വീഡിയോ കൂടി പങ്കുവെച്ചാണ് സ്വര ഭാസ്കർ പ്രതികരിച്ചത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമാകുമ്പോഴും ഉള്ളിൽ പ്രാകൃത ജീവികളാണ് പലരുമെന്ന് ശാരദക്കുട്ടി

വളർന്ന ബോബൻ കുട്ടിക്കാലത്തെ ബോബൻ അല്ലെന്ന് വളർന്ന മോളി മനസ്സിലാക്കിയേ തീരൂ, റൂബിൻ ഡിക്രൂസുമായുള്ള പഴയകാല സൗഹൃദത്തെപ്പറ്റി ഡോ. ജെ ദേവിക ഫേസ്ബുക്കിൽ