in

​നൂതന ഉത്പന്നങ്ങ​ൾ അണിനിരത്താൻ ഒരുങ്ങി കേരള ട്രാവല്‍ മാര്‍ട്ട് 2020

അടുത്തവര്‍ഷം  സെപ്തംബര്‍  24 മുതല്‍ 27 വരെ കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പതിനൊന്നാം പതിപ്പില്‍ ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി നൂതന ഉത്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. സാഹസിക വിനോദസഞ്ചാരം, മൈസ് ടൂറിസം, ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്നിവയ്ക്ക് പുത്തന്‍ വിപണികണ്ടെത്തുന്നതിനൊപ്പം ആഗോളതലത്തില്‍ മികച്ച ബയേഴ്സിനെ കണ്ടെത്തുന്നതിനുമാണ് ‘കേരള ട്രാവല്‍ മാര്‍ട്ട് 2020’ പ്രാമുഖ്യം നല്‍കുന്നതെന്ന് സഹകരണ ടൂറിസം ദേവസ്വം മന്ത്രി​ കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍റിലെ സാഗര, സമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നാല് ദിവസമാണ് പ്രദര്‍ശനവും കൂടിക്കാഴ്ചകളും ഒരുക്കുന്നത്. രണ്ട് ദിവസം അന്താരാഷ്ട്ര ബയേഴ്സ്, മൈസ് (MICE മീറ്റിങ്സ്, ഇന്‍സെന്‍റീവ്സ്, കണ്‍വെന്‍ഷന്‍സ് ആന്‍ഡ് എക്സിബിഷന്‍സ്), കോര്‍പറേറ്റ് മേഖലകളിലുള്ളവര്‍ക്ക്  പ്രത്യേകം കൂടിക്കാഴ്ചകള്‍ക്കായും രണ്ട് ദിവസം ആഭ്യന്തര ബയര്‍മാര്‍ക്കും മറ്റ് അനുബന്ധ സേവനദാതാക്കള്‍ക്കുമുള്ള മീറ്റിങ്ങുകള്‍ക്കായും മാറ്റിവക്കും. അവസാന ദിവസം ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങള്‍ക്ക് മാര്‍ട്ട് കാണാന്‍ അവസരം ഒരുക്കും.

2018 ലെ കാലാവസ്ഥാ പ്രതിസന്ധിയ്ക്ക് ശേഷം നടത്തിയ കേരള ട്രാവല്‍ മാര്‍ട്ട് ടൂറിസം വ്യവസായത്തിന് പുതിയ ഉത്തേജനമാണ് നല്‍കിയത്. ഇതിന്‍റെ ചുവടു പിടിച്ച് അന്താരാഷ്ട്ര- ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടു കൊണ്ട് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ ട്രാവല്‍ മാര്‍ട്ടില്‍ അവതരിപ്പിക്കും.

സംസ്ഥാനത്തെ ടൂറിസം ഉത്പന്നങ്ങളില്‍ വിപ്ലവകരമായ മാറ്റമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി വഴി കൈവരിക്കാന്‍ പോകുന്നത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള ഓഫ് സീസണിലും സഞ്ചാരികളെ കേരളത്തിലേക്കെത്തിക്കുന്നതിന് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മുഖ്യ പങ്കുവഹിക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിയ സിബിഎല്‍ ഇതിനോടകം പത്തു ലക്ഷത്തിലധികം കാണികളെ ആകര്‍ഷിച്ചു കഴിഞ്ഞതായും ടൂറിസം മന്ത്രി വ്യക്തമാക്കി.

സാഹസിക വിനോദസഞ്ചാരമാണ് കെടിഎം 2020 മുന്നോട്ടു വയ്ക്കുന്ന മറ്റൊരു ഉല്പന്നം. ട്രക്കിംഗ്, പര്‍വ്വതാരോഹണം, റിവര്‍ റാഫ്റ്റിങ്, പാരാ ഗ്ലൈഡിംഗ്, ഓഫ് റോഡിംഗ് തുടങ്ങിയ നിരവധി നവീന ഉത്പന്നങ്ങളാണ് സംസ്ഥാനത്ത് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കെടിഎമ്മിന്‍റെ പിന്തുണയോടെ അന്താരാഷ്ട്ര രംഗത്ത് കൂടുതല്‍ പ്രചാരം ഇവയ്ക്ക് ലഭ്യമാകും.

അന്താരാഷ്ട്ര മേളകള്‍ക്ക് വേദിയാകാനുള്ള എല്ലാ അടിസ്ഥാന സൗകര്യവും കേരളത്തിലുണ്ട്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മൈസ് ടൂറിസത്തിന് പുത്തന്‍ വിപണി കണ്ടെത്താന്‍ കെടിഎം 2020 ഊന്നല്‍ നല്‍കും. ഇന്ത്യ കണ്‍വെന്‍ഷന്‍ പ്രൊമോഷന്‍ ബ്യൂറോ (ഐസിപിബി) കേരള ചാപ്റ്റര്‍ ഇതിന് നേതൃത്വം നല്‍കും.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഹോംസ്റ്റേ, പുരവഞ്ചികള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, സാംസ്ക്കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തം കെടിഎമ്മിനെ വ്യത്യസ്തമാക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തമാണ് കെടിഎമ്മിന്‍റെ മുഖമുദ്ര. മഴവെള്ള സംഭരണം, ഹരിതമേഖലകള്‍ വര്‍ധിപ്പിക്കല്‍, പ്ലാസ്റ്റിക്കിന്‍റെ പരിമിത ഉപയോഗം തുടങ്ങി ഒന്‍പതിന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ട്രാവല്‍മാര്‍ട്ട് നടപ്പാക്കി വരുന്നുണ്ട്.

തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസാരിക്കുന്നു. കെടിഎം സൊസൈറ്റി പ്രസിഡന്‍റ്  ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ്, വൈസ് പ്രസിഡന്‍റ്  എസ്. സ്വാമിനാഥന്‍, ട്രഷറര്‍  സ്കറിയ ജോസ്, മുന്‍ പ്രസിഡന്‍റുമാരായ എബ്രഹാം ജോര്‍ജ്, ഇ എം നജീബ്, റിയാസ് അഹമ്മദ് തുടങ്ങിയവര്‍ സമീപം.

വിദേശ, ആഭ്യന്തര ബയേഴ്സിനും സെല്ലേഴ്സിനും കാര്യക്ഷമമായി ഫലവത്തായ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും അധികം സമയം ലഭിക്കുന്നതിനാണ് പത്താം ലക്കം വരെ മൂന്നു ദിവസം നടത്തിയിരുന്ന കെടിഎം പുതിയ പതിപ്പില്‍ നാലു ദിവസത്തേക്കായി വിപുലപ്പെടുത്തുന്നതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു വ്യക്തമാക്കി. 

ടൂറിസം രംഗത്തെ സമസ്തമേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യം കൊണ്ട് 2018 ലെ മേള സമ്പന്നമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം, മലബാര്‍ ടൂറിസം എന്നിവയായിരുന്നു പ്രമേയങ്ങള്‍. എത്തിയ 1305 ബയര്‍മാരില്‍ 442 പേര്‍ 58 രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശ പ്രതിനിധികളായിരുന്നു. 863 ആഭ്യന്തര ബയര്‍മാരും 313 സെല്ലര്‍മാരുമാണ് പത്താം പതിപ്പിലുണ്ടായിരുന്നത്.

കെടിഎം സൊസൈറ്റി സെക്രട്ടറി  ജോസ് പ്രദീപ്, വൈസ് പ്രസിഡന്‍റ് ​ എസ്. സ്വാമിനാഥന്‍, ട്രഷറര്‍ സ്കറിയ ജോസ്, മുന്‍ പ്രസിഡന്‍റുമാരായ എബ്രഹാം ജോര്‍ജ്,  ഇ എം നജീബ്, റിയാസ് അഹമ്മദ് തുടങ്ങിയവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ബ്രിട്ടീഷ് കമ്പനി മേക്കര്‍ വില്ലേജുമായി കൈകോര്‍ക്കുന്നു

ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്ററര്‍ രൂപേഷ് കുമാറിന് കോണ്ടേനാസ്റ്റ് ട്രാവലര്‍ അംഗീകാരം