in ,

കുട്ടനാടിന്‍റെ പ്രശ്‌നങ്ങള്‍ അറിയാവുന്നവരെ മാത്രമേ പാക്കേജിന്‍റെ നടത്തിപ്പ് ചുമതല ഏൽപ്പിക്കാവൂ 

വീണ്ടുമൊരു മഴക്കാലമെത്തിയതോടെ കുട്ടനാട് വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. കിഴക്കൻ വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ കുട്ടനാടൻ ഗ്രാമങ്ങൾ മുങ്ങിത്താഴുകയാണ്. അതിശക്തമായ മഴ ഇത്തവണ പ്രദേശത്ത് ഉണ്ടായില്ല. എന്നിട്ടും കുട്ടനാട് മുങ്ങുന്നത് എന്തുകൊണ്ട്? കുട്ടനാട് കായൽകൃഷി ഗവേഷണ കേന്ദ്രം ഡയറക്‌ടർ ഡോ.കെ.ജി.പത്മകുമാർ സംസാരിക്കുന്നു.

കുട്ടനാടിന്‍റെ പ്രശ്നം?

നീരൊഴുക്ക് കൃത്യമല്ലാത്തതാണ് കുട്ടനാട്ടിലെ വ‌െള്ളപ്പൊക്കത്തിന്‍റെ പ്രധാന കാരണം. കനാലുകളിൽ നീരൊഴുക്ക് തടസപ്പെട്ടു. ഓരോ വർഷവും 25 ടൺ വരെ എക്കലാണ് ഓരോ പ്രദേശത്തും അടിഞ്ഞുകൂടുന്നത്. മഹാപ്രളയത്തിന് ശേഷം ഒരു ഹെക്‌ടറിൽ 130 ടൺ വരെ എക്കൽ അടിഞ്ഞിട്ടുണ്ട്. ഇവ നീക്കം ചെയ്യാതെ നീരൊഴുക്ക് സാധ്യമാവില്ല. അത് സാധ്യമാകാത്തിടത്തോളം വെള്ളം പൊക്കം ആവർത്തിക്കും.

പരിഹാരം?

പണ്ട് കാലത്ത് കൃഷിക്കാർ ചെളി കോരിയെടുത്ത് മാറ്റുന്ന പതിവുണ്ടായിരുന്നു. ആ പരിപാടി തന്നെ ഇന്ന് നിലച്ചു. കനാൽ സംരക്ഷണത്തിന് സ്ഥിരം സംവിധാനമാണ് ആവശ്യം. കുട്ടനാടിന്‍റെ പാരിസ്ഥിതികാവസ്ഥ കണക്കിലെടുത്താൽ കൃഷി വകുപ്പല്ല ഒരു ഡ്രെയ്നേജ് വകുപ്പാണ് ഇവിടെ ആവശ്യം.

കൃഷിയും വെള്ളപ്പൊക്കവും…

വർഷകാലത്ത് നിശ്ചിത ഏരിയയിൽ മാത്രമായി കൃഷി നിജപ്പെടുത്തണം. കുട്ടനാട്ടിൽ 3000 കിലോ മീറ്ററോളം വരുന്ന പാടശേഖങ്ങളിലൂടെ ജലം കനാലിലേക്ക് ഒഴുകണം. കൃഷിക്കായി പാടശേഖരങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതോടെ നീരൊഴുക്കിനുള്ള വാതിലാണ് അടയുന്നത്. മഴക്കാലത്ത് അത്യാവശ്യ പാടങ്ങളിൽ മാത്രം കൃഷി ഇറക്കുക. കൃഷി ചെയ്യാത്ത പാട‌ശേഖരങ്ങളിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കുക.

കുട്ടനാട് രണ്ടാം പാക്കേജ്…

പാക്കേജിന്‍റെ രണ്ടാം ഘട്ടം പരിസ്ഥിതിക മേഖലക്ക് മുന്‍ഗണന നല്‍കണം. പദ്ധതിയുടെ ഭാഗമായ 12 വകുപ്പുകളും തന്നിഷ്ടപ്രകാരം കാട്ടിക്കൂട്ടിയതിന്‍റെ ഫലമാണ് കുട്ടനാടൻ ജനത ഇപ്പോള്‍ അനുഭവിക്കുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കാനായി കുട്ടനാടിന്‍റെ പ്രശ്‌നങ്ങള്‍ അറിയാവുന്നവരെ മാത്രമേ പാക്കേജിന്‍റെ നടത്തിപ്പ് ചുമതല ഏൽപ്പിക്കാവൂ.

നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനു കനാലുകള്‍ ബന്ധിപ്പിച്ച് ബൈപ്പാസ് നിര്‍മിക്കണം. പൊഴികളിലും ജലാശയങ്ങളിലും അടിഞ്ഞ് കൂടിയ എക്കലുകള്‍ മാറ്റണം. കൃഷി സമയബന്ധിതമായി നടത്തണം. അതിനായി കാര്‍ഷിക കലണ്ടര്‍ നടപ്പാക്കണം. മഴക്കാലങ്ങളില്‍ കൃഷി ചെയ്യുന്ന രീതി കുട്ടനാട് പോലുള്ള പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ക്ക് അനുയോജ്യമല്ല. പാക്കേജിനുള്ള തയാറെടുപ്പുകൾ നടത്തുകയാണ്. ഇനിയും വെച്ചു താമസിപ്പിക്കാതെ പാക്കേജ് നടപടികൾ ആരംഭിക്കണം.

Written by വിനീത

Leave a Reply

Your email address will not be published. Required fields are marked *

വിമാനമല്ല, സ്വാതന്ത്ര്യമാണ് വേണ്ടത് – ജമ്മു കശ്‍മീർ ഗവർണർക്ക് മറുപടിയുമായി രാഹുൽ ഗാന്ധി 

9211 പേർക്ക് പുതുജീവൻ നൽകി ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവർത്തനം