Movie prime

കണ്ണുകളുടെ ആരോഗ്യം പ്രധാനം 

 

കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഇന്ന്  ഏറ്റവും അധികം സമയം ചിലവിടുന്നത് കമ്പ്യൂട്ടറിന്റെ മുന്നിലാണ്.  വർക്ക് ഫ്രം ഹോമും , ഓൺലൈൻ ക്ലാസ്സുകളുമാണ്  അതിന്റെ പ്രധാന കാരണം. തുടർച്ചയായുള്ള കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗം മൂലം നമ്മുടെ കണ്ണുകൾക്ക്  ചൊറിച്ചിൽ, വരൾച്ച തുടങ്ങിയുള്ള ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയേറെയാണ്. ബുദ്ധിമുട്ടു തോന്നുമ്പോൾ തന്നെ ഒരു നേത്ര രോഗ വിദഗ്‌ദ്ധന്റെ അടുത്തേയ്ക്ക് ഓടാൻ വരട്ടെ. വീട്ടിൽ തന്നെ ചെയ്യാവുന്ന  ചില പൊടിക്കൈകൾ ഉണ്ട് . അത് എന്തൊക്കെയെന്ന് നോക്കാം.

കണ്ണുകൾക്ക്  ചെറിയ ചൂട് നല്കുക

കണ്ണിൽ എണ്ണ, മ്യൂക്കസ്, വെള്ളം എന്നിവകൊണ്ടാണ് കണ്ണുനീർ രൂപപ്പെടുന്നത്. ഇതുമൂലമാണ് കണ്ണുകൾക്ക് നല്ല  അയവ്  ഉണ്ടാകുന്നത്.  എന്നാൽ, കൺപോളകളിലെ വീക്കം, പാളികൾപോലെ അടർന്ന് പോകുന്ന തൊലി, എന്നിവ എണ്ണ പുറപ്പെടുവിക്കുന്ന ഗ്രന്ഥികളെ അടച്ചു കളയുന്നു. തൽഫലമായി, കണ്ണുകൾ വരണ്ടതും ചൊറിച്ചിലുള്ളതുമായി മാറുന്നു. ശുദ്ധമായ തുണി ചെറുചൂടുള്ള വെള്ളത്തിൽ നനച്ച് 5 മിനിറ്റ് കണ്ണിൽ വയ്ക്കുക. അടഞ്ഞുപോയ ഗ്രന്ഥികൾ തുറക്കാനും അതിലൂടെ എണ്ണയുടെ അംശം ഉണ്ടാകാനും സഹായിക്കും.

കൺപീലികൾ  വൃത്തിയാക്കുക

നേരത്തെ സൂചിപ്പിച്ചപോലെ കൺപോളകളിലെ വീക്കം  പാളികൾപോലെ അടർന്ന് പോകുന്ന തൊലികൾ എന്നിവ എണ്ണ പുറപ്പെടുവിക്കുന്ന ഗ്രന്ഥികളെ അടച്ചു കളയുന്നു. അതിലൂടെ കണ്ണുകൾ വരണ്ടതായി അനുഭവപ്പെടുന്നു. അതിനാൽ, ദിവസവും കൺപോളകളും കൺതടങ്ങളും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.  ബേബി ഷാംപൂ ഉപയോഗിച്ച് കണ്ണടച്ച് പിടിച്ച് കണ്ണിന് ചുറ്റും വളരെ മൃദുവായി മസ്സാജ് ചെയ്‌താൽ മതിയാകും. ഷാംപൂ കണ്ണുകളിലേയ്ക്ക് പടരാതെ ശ്രദ്ധിക്കണം.

കൂടുതൽ തവണ കണ്ണുചിമ്മുക

കമ്പ്യൂട്ടറിൽ നിരന്തരം സൂക്ഷിച്ച്  നോക്കുന്നതിനിടെ ഇടയ്ക്കിടയ്ക്ക്  കണ്ണ് ചിമ്മുന്നത് നല്ലതാണ്. ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകമാകും. കമ്പ്യൂട്ടർ നോക്കുന്നതിന് ഇടയിൽ ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് നേരം കണ്ണടയ്ക്കുക.

മത്സ്യം കഴിക്കുക 

സാൽമൺ, ട്യൂണ, മത്തി, അയല മുതലായവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് എണ്ണ ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നു. അതിനാൽ, ഈ മത്സ്യങ്ങൾ  ദിവസവും ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രമിക്കുന്നത് വളരെ നല്ലതാണ്.

ശരീരത്തിൽ ജലാംശം നിലനിർത്തുക

എല്ലായ്‌പ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക. കണ്ണുകൾക്ക് അയവ് ലഭിക്കാനും , പുതുമ നിലനിർത്താനും  ആവശ്യമായ അളവിൽ വെള്ളം കുടിക്കുക.