car parking
in

ട്വിറ്ററിൽ വൈറലായി മലയാളിയുടെ കാർ പാർക്കിങ്ങ് വീഡിയോ

Car Parking

അസാമാന്യമായ ധൈര്യവും അല്പം  അതിരുകടന്നതല്ലേ എന്ന് സംശയിക്കുന്ന തരത്തിലുള്ള ആത്മവിശ്വാസവും  പ്രകടമാക്കുന്ന രീതിയിൽ ഒരു കാർ പാർക്ക് ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ വൈറലായി. കഷ്ടി ഒരു ഓട്ടോറിക്ഷയ്ക്ക് കിടക്കാൻ പോലും സ്ഥലമില്ലെന്ന് തോന്നിക്കുന്ന ഒരിടത്താണ് മലയാളിയായ ഡ്രൈവർ കാർ പാർക്ക് ചെയ്യുന്നത്. ശ്രദ്ധ അല്പമൊന്ന് പാളിയാൽ, ഒന്ന് പിടിവിട്ടാൽ, താഴെയുള്ള തോട്ടിലോ കാനയിലോ പതിക്കാൻ സാധ്യതയുള്ള കുടുസ്സിടത്തിലാണ് ശ്രദ്ധാപൂർവം, നൂറു ശതമാനം വൈദഗ്ധ്യത്തോടെ ഡ്രൈവർ ഒരു ഇന്നോവ ഓടിച്ച് കയറ്റി സുരക്ഷിതമായി പാർക്കു ചെയ്യുന്നത്‌.Car Parking

ഒരു ചെറിയ സ്ഥലത്ത് സമാന്തരമായി ഇങ്ങനെ പാർക്ക് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണ്. ഇത്തരം ഇടങ്ങളിൽ കാറെന്നല്ല, ഒരു ഓട്ടോ പോലും പാർക്ക് ചെയ്യാൻ ആരും മെനക്കെടാറുമില്ല. അതിനാൽ ഈ ഡ്രൈവറുടെ ഡ്രൈവിംഗ് മികവ് കണ്ട്  വാ പൊളിച്ച് നില്ക്കുകയാണ് നെറ്റിസൺമാർ. 

ആയിരക്കണക്കിന് പേരാണ് മലയാളിയായ കാർ ഡ്രൈവറെ അഭിവാദ്യം ചെയ്ത് കമൻ്റുകൾ ഇട്ടിരിക്കുന്നത്. 

മാനന്തവാടി സ്വദേശിയായ പി ജെ ബിജുവാണ് വീഡിയോയിൽ കാണുന്ന ഡ്രൈവറെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  ഒരു വെളുത്ത ഇന്നോവ കാറാണ് ഇടുങ്ങിയ സ്ഥലത്ത് പാർക്ക് ചെയ്യുന്നത്. അത്തമൊരു നീളമുള്ള എസ്‌യുവിയെ ഒരു ചെറിയ പ്ലാറ്റ്ഫോമിലേക്ക് കേറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, ശ്രദ്ധ അല്പമൊന്ന്  പിഴച്ചാൽ കാർ താഴെയുള്ള കുഴിയിൽ ചെന്ന് കിടക്കും എന്നതാണ്. ശ്രമകരമായ കാര്യമാണ് ഡ്രൈവർ ചെയ്തതെന്നും, അയാൾ അത് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്തെന്നും സോഷ്യൽ മീഡിയ  കൈയടിക്കുന്നു.

മലയാളി ഡ്രൈവറുടെ  കഴിവിനും ആത്മവിശ്വാസത്തിനും അഭിവാദ്യങ്ങൾ നേർന്ന് നിരവധിപേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 

വീഡിയോയുടെ വിവിധ പതിപ്പുകൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ഡ്രൈവറുടെ ഭാര്യയാണ് വീഡിയോ ചിത്രീകരിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക്  മണിക്കൂറുകൾക്കകം പത്തുലക്ഷത്തിലധികം വ്യൂവേഴ്സിനെ ലഭിച്ചു.

കാർ തൻ്റെ ചങ്ങാതിയുടേതാണെന്നും അതിന് കുറച്ച് പെയിൻ്റിങ്ങ് ജോലികൾ ചെയ്യാനുണ്ടായിരുന്നെന്നും  വർക്ക് ഷോപ്പിലെ  ആളുകളെ കൊണ്ടുവന്ന്, സൗകര്യപ്രദമായ ഒരിടത്തിട്ട് പെയിൻ്റ് ചെയ്യാനാണ് അവിടെ അത് ഒതുക്കിയിട്ടതെന്നുമാണ് ഡ്രൈവർ ബിജു പറയുന്നത്.  റോഡിൻ്റെ എതിർവശത്തു നിന്ന് ഭാര്യ അത് ഷൂട്ടു ചെയ്യുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ല.  വൈറലായപ്പോൾ മാത്രമാണ് താൻ ഇതേപ്പറ്റി  അറിഞ്ഞതെന്ന് ബിജു ഒരു പ്രാദേശിക ചാനലിനോട് പറഞ്ഞതായി ന്യൂസ് മിനിറ്റ് റിപ്പോർട്ടു ചെയ്യുന്നു.

താൻ വർഷങ്ങളായി എറണാകുളം-കണ്ണൂർ റൂട്ടിൽ ബസ്സോടിക്കുന്നയാളാണ്. ബസ്സിന് 12 മീറ്ററിൽ കൂടുതൽ നീളമുണ്ട്. അതിനാൽ ഇന്നോവയുടെ നീളം, തന്നെ സംബന്ധിച്ച് ഒരു പ്രശ്‌നമായിരുന്നില്ല. ആ സ്പെയ്സിൽ ഇന്നോവ കേറും എന്ന് നല്ല വിശ്വാസം ഉണ്ടായിരുന്നു. വണ്ടി ഏതായാലും അതിൻ്റെ വലിപ്പത്തെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ മനസ്സിലുണ്ടാവും. ആ ധാരണയ്ക്കനുസരിച്ചുള്ള  ആത്മവിശ്വാസവും ഉണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Mahindra Treo

കേരളത്തിലെ റോഡുകൾ ഇലക്ട്രിഫൈ ചെയ്യാൻ  പുതുപുത്തൻ മഹീന്ദ്ര ട്രിയോ എത്തി

alan & thaha

അലനും താഹയ്ക്കും ജാമ്യം