Movie prime

വായനയുടെ മാസ്മരിക ലോകം തുറന്നു തന്നത് മുട്ടത്തു വർക്കി

ഒരു കുടയും കുഞ്ഞു പെങ്ങളും, പാടാത്ത പൈങ്കിളി, മയിലാടും കുന്ന്, വെളുത്ത കത്രീന, അഴകുള്ള സെലീന തുടങ്ങി ഒട്ടേറെ രചനകളിലൂടെ സാധാരണക്കാരായ വായനക്കാരുടെ മനം കവർന്ന ജനപ്രിയ എഴുത്തുകാരനാണ് മുട്ടത്തു വർക്കി. ജീവിച്ചിരുന്ന കാലത്ത് വർക്കത്ത് മുട്ടിയെന്നും പൈങ്കിളി എഴുത്തുകാരനെന്നും അധിക്ഷേപിച്ചവരോടും അവഹേളിച്ചവരോടും കലഹിക്കാൻ നില്ക്കാതെ, കർമപഥത്തിൽ ഇടറാതെ മുന്നേറി സ്വന്തമായ സ്ഥാനം നേടിയെടുത്തു എന്നതാണ് മുട്ടത്ത് വർക്കിയെന്ന എഴുത്തുകാരനെ വ്യതിരിക്തനാക്കിയത്. മലയാളിയെ ‘പ്രബുദ്ധ മലയാളി’ യായി പരിവർത്തിപ്പിച്ചതിൽ വായനയ്ക്ക് പങ്കുണ്ടെങ്കിൽ അതിലൊരു പങ്ക് മുട്ടത്തു വർക്കിയെന്ന More
 
വായനയുടെ മാസ്മരിക ലോകം തുറന്നു തന്നത് മുട്ടത്തു വർക്കി

ഒരു കുടയും കുഞ്ഞു പെങ്ങളും, പാടാത്ത പൈങ്കിളി, മയിലാടും കുന്ന്, വെളുത്ത കത്രീന, അഴകുള്ള സെലീന തുടങ്ങി ഒട്ടേറെ രചനകളിലൂടെ സാധാരണക്കാരായ വായനക്കാരുടെ മനം കവർന്ന ജനപ്രിയ എഴുത്തുകാരനാണ് മുട്ടത്തു വർക്കി. ജീവിച്ചിരുന്ന കാലത്ത് വർക്കത്ത് മുട്ടിയെന്നും പൈങ്കിളി എഴുത്തുകാരനെന്നും അധിക്ഷേപിച്ചവരോടും അവഹേളിച്ചവരോടും കലഹിക്കാൻ നില്ക്കാതെ, കർമപഥത്തിൽ ഇടറാതെ മുന്നേറി സ്വന്തമായ സ്ഥാനം നേടിയെടുത്തു എന്നതാണ് മുട്ടത്ത് വർക്കിയെന്ന എഴുത്തുകാരനെ വ്യതിരിക്തനാക്കിയത്. മലയാളിയെ ‘പ്രബുദ്ധ മലയാളി’ യായി പരിവർത്തിപ്പിച്ചതിൽ വായനയ്ക്ക് പങ്കുണ്ടെങ്കിൽ അതിലൊരു പങ്ക് മുട്ടത്തു വർക്കിയെന്ന എഴുത്തുകാരനും അവകാശപ്പെട്ടതാണ്. ചെറുതും വലുതുമായ അനേകം ജീവിത മുഹൂർത്തങ്ങളിലൂടെ സാമൂഹ്യ ജീവിത സംഘർഷങ്ങളുടെ ഉൾക്കാഴ്ചകളാണ് ആ രചനകൾ പകർന്നു തന്നത്.

മുട്ടത്തു വർക്കിയുടെ മുപ്പത്തി ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ സ്നേഹപൂർവ്വം അനുസ്മരിക്കുകയാണ് പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ കെ പി എ സമദ്. വായനയുടെ ലോകം തനിക്കു മുന്നിൽ തുറന്നിട്ടതും വിശ്വസാഹിത്യ ലോകത്തേക്ക് കൈപിടിച്ചു നടത്തിയതും മുട്ടത്തു വർക്കിയാണെന്ന് അദ്ദേഹം പറയുന്നു. മുട്ടത്തു വർക്കിയെന്ന എഴുത്തുകാരൻ്റെ ദീപ്തമായ സ്മരണകൾക്കു മുന്നിൽ തൻ്റെ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

വായനയുടെ മാസ്മരിക ലോകം തുറന്നു തന്നത് മുട്ടത്തു വർക്കി
കെ.പി.എ.സമദ്

 

………….

വായനയുടെ മാസ്മരികലോകം എൻ്റെ മുമ്പിൽ ആദ്യമായി തുറന്നുതന്നത് മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ജനപ്രിയ സാഹിത്യകാരൻ മുട്ടത്തുവർക്കിയാണ്.

 

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പുസ്തകം വായിക്കുന്നത്, പാടാത്ത പൈങ്കിളി.

വായനയുടെ മാസ്മരിക ലോകം തുറന്നു തന്നത് മുട്ടത്തു വർക്കി

ഹൈസ്‌കൂളിൽ പഠിക്കുന്ന സഹോദരി സ്‌കൂൾ ലൈബ്രറിയിൽനിന്ന് വായിക്കാൻ കൊണ്ടുവന്ന പുസ്തകം ഞാനും വായിക്കുകയായിരുന്നു. സിരകളിലേക്ക് പതഞ്ഞുകയറിയ അവാച്യമായ ആ ലഹരി അറുപതുവർഷങ്ങൾക്കിപ്പുറവും അൽപ്പവും മങ്ങലേൽക്കാതെ മനസ്സിൽ മായികലോകം തീർക്കുന്നു.

 

പാടാത്ത പൈങ്കിളിയെത്തുടർന്ന് ഇണപ്രാവുകൾ, മറിയക്കുട്ടി, മയിലാടും കുന്ന്, പട്ടുതൂവാല, ഫിഡിൽ, ആറാം പ്രമാണം, ഒരു കുടയും കുഞ്ഞുപെങ്ങളും, പിറവം റോഡ്, ലൈൻ ബസ്, അക്കരപ്പച്ച, വഴിതെറ്റിവന്ന മാലാഖ, വെളുത്ത കത്രീന, അഴകുള്ള സെലീന… എത്രയെത്ര നോവലുകൾ!

വായനയുടെ മാസ്മരിക ലോകം തുറന്നു തന്നത് മുട്ടത്തു വർക്കി

വിശ്വസാഹിത്യലോകം എനിക്ക് തുറന്നുതന്നതും മുട്ടത്തുവർക്കി തന്നെ. അദ്ദേഹം വിവർത്തനം ചെയ്ത, എൻ.ബി.എസ്. പ്രസിദ്ധീകരിച്ച, ബോറിസ് പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോയാണ് ആദ്യമായി ഞാൻ വായിച്ച വിദേശ സാഹിത്യ കൃതി.

വായനയുടെ മാസ്മരിക ലോകം തുറന്നു തന്നത് മുട്ടത്തു വർക്കി

എന്നെ മാത്രമല്ല, എൻ്റെ തലമുറയിലെ ലക്ഷക്കണക്കിന് സാധാരണ മനുഷ്യരെ വായനക്കാരാക്കിയതിൽ ഏറ്റവും വലിയ പങ്ക് അദ്ദേഹത്തിന്റേതാണ്.

 

കഥാകാരൻ മാത്രമായിരുന്നില്ല വർക്കി, കവികൂടിയായിരുന്നു. മറ്റുപലരെയും പോലെ കവിയായിട്ടാണ് അദ്ദേഹം എഴുതിത്തുടങ്ങിയത്. ആദ്യനോവൽ ഇണപ്രാവുകൾ അദ്ദേഹം കവിതയായിട്ടാണ് എഴുതിയത്. പിന്നീട് നോവലാക്കുകയായിരുന്നു. അക്കരപ്പച്ച എന്ന നോവലിൽ നായകൻ കവിതയിൽ എഴുതിയ പ്രണയലേഖനം ഇപ്പോഴും മനസ്സിലുണ്ട്:

 

 

 

അങ്ങുകിഴക്കെ മാമലയിൽ

മഞ്ഞുപുതച്ചോരു താഴ് വരയിൽ

കനകപ്പുലരികളൂട്ടി വളർത്തിയ

പറുദീസായിലെ മഴവില്ലേ…

നീ വരുമോ, നീ വന്നെന്റെ

ജീവിത സഖിയായ് തീരുമ്പോൾ

പാടാനായൊരു ഗാനം ഞാനീ

വീണയിലെന്നും സൂക്ഷിക്കും…

 

എൺപതുകളിൽ കലാകൗമുദിയിൽ അദ്ദേഹത്തെക്കുറിച്ച് ഒരു ലേഖനം വന്നപ്പോൾ അതിനെ പരിഹസിച്ചുകൊണ്ടുള്ള കുറിപ്പിൽ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി വർക്കത്ത് മുട്ടി എന്ന് എഴുതുകയുണ്ടായി. വളരെ മാന്യമായ ഭാഷയിലാണ് വർക്കി കൃഷ്ണൻ കുട്ടിക്ക് മറുപടി നൽകിയത്.

 

കൃഷ്ണൻകുട്ടിമാർ എക്കാലത്തുമുണ്ടായിരുന്നു. എന്നാൽ അവരെയെല്ലാം വർക്കി അതിജീവിച്ചു. സാഹിത്യലോകത്ത് സ്വന്തമായ സ്ഥാനം നേടിയെടുത്തു. അദ്ദേഹത്തെ പരിഹസിച്ചവരും തള്ളിപ്പറഞ്ഞവരുമടങ്ങുന്ന സാഹിത്യകാരന്മാരും കലാകാരന്മാരും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ (വലിയ തുക നൽകുന്ന) പുരസ്ക്കാരം, നിറഞ്ഞമനസ്സോടെ ഏറ്റുവാങ്ങി.

 

സുദീർഘമായ ജീവിതയാത്രയിൽ കണ്ടുമുട്ടിയ മുഖങ്ങളിൽ പലതും, നേരിട്ട അനുഭവങ്ങളിൽ പലതും, നാം മറന്നുപോകുന്നു. എന്നാൽ ബാല്യത്തിന്റെ മായികഭൂമിയിലെ നിസ്സാര കാര്യങ്ങൾ ഒട്ടും മങ്ങലേൽക്കാതെ മനസ്സിൽ മായാതെ നിൽക്കുന്നു; മനസ്സിന്റെ ചുമരിൽ വരച്ചുവെച്ച മുഖങ്ങൾ അതേ നിറപ്പകിട്ടോടെ തെളിഞ്ഞുനിൽക്കുന്നു. അക്കൂട്ടത്തിൽ ഒരു മുഖമാണ് മുട്ടത്തുവർക്കിയുടേത്.

 

അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മയ്ക്കുമുമ്പിൽ,

കടപ്പാടോടെ,

നിറഞ്ഞ സ്നേഹത്തോടെ,

വിനയാന്വിതനായി…