Movie prime

ടോൾ പ്ലാസകൾക്ക് പുതിയ മാർഗനിർദേശങ്ങൾ

 

ടോൾ പ്ലാസകളിലെ ക്യൂ ഒഴിവാക്കാനും വാഹനങ്ങൾ അതിവേഗം കടന്നുപോകുന്നു എന്ന് ഉറപ്പാക്കാനുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എൻ‌ എച്ച് എ ഐ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിരക്ക് വളരെ കൂടിയ സമയങ്ങളിൽ പോലും 10 സെക്കൻ്റിൽ കൂടുതൽ സമയം ഒരു വാഹനത്തിന് ചെലവഴിക്കേണ്ടാത്ത തരത്തിലാണ് പുതിയ ക്രമീകരണം.   

സാമൂഹ്യഅകലമെന്നത് കോവിഡ് കാലത്ത്  നിർബന്ധമായും പാലിക്കേണ്ട ഒരു മാനദണ്ഡമായി മാറിയതിനാൽ ഡ്രൈവർമാരും ടോൾ ഓപ്പറേറ്റർമാരും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള  സമ്പർക്ക സാധ്യത ഇല്ലാതാക്കുന്നതിനാണ് മുൻഗണന. ടോൾ അടവിനുള്ള മികച്ച ഓപ്ഷനായി കൂടുതൽ പേർ ഫാസ് ടാഗിനെ കാണുന്നത് അതുകൊണ്ടുതന്നെ ഏറെ സ്വാഗതാർഹമാണ്. എൻ‌ എ‌ച്ച് എ ഐയുടെ പുതിയ മാർ‌ഗ നിർ‌ദേശങ്ങൾ‌ പരിശോധിക്കാം.

പുതിയ മാർ‌ഗനിർ‌ദേശങ്ങളിൽ ഏറ്റവും പ്രധാനമായത് കാത്തുനില്പ് സമയം കുറയ്ക്കുന്നതാണ്. ടോൾ‌ ബൂത്തുകളിലെ വെയ്റ്റിങ്ങ് ടൈം പരമാവധി കുറയ്ക്കാനും തിരക്കേറിയ സമയങ്ങളിൽ‌ പോലും ഒരു വാഹനത്തിന് 10 സെക്കൻഡിൽ‌ കൂടുതൽ സമയം കാത്തു നില്ക്കേണ്ട അവസ്ഥ ഒഴിവാക്കാനുമാണ്  ലക്ഷ്യമിടുന്നത്.

പുതുക്കിയ ഗൈഡ് ലൈൻ പ്രകാരം ടോൾ പ്ലാസകളിൽ 100 ​​മീറ്ററിൽ കൂടുതൽ ദൂരം വാഹനങ്ങൾ ക്യൂവിൽ നിൽക്കേണ്ടതില്ല. തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാനാണ് ദൂരപരിധി കൊണ്ടു വന്നിരിക്കുന്നത്. നിർബന്ധിത ഫാസ് ടാഗ് ഏർപ്പെടുത്തിയ ടോൾ ബൂത്തുകളിൽ കാത്തുനില്പ്  ഒഴിവായിട്ടുണ്ടെങ്കിലും ഏതെങ്കിലും കാരണത്താൽ 100 ​​മീറ്ററിൽ കൂടുതൽ ദൂരം വാഹനങ്ങൾ ക്യൂ പാലിക്കാൻ നിർബന്ധിതരായാൽ ടോൾ അടയ്ക്കാതെ തന്നെ കടന്നു പോകാൻ മറ്റു വാഹനങ്ങളെ അനുവദിക്കും. ബൂത്തിൽ നിന്ന് 100 മീറ്റർ പരിധിക്കുള്ളിൽ വരുന്ന വാഹനങ്ങൾ മാത്രമേ  ടോൾ അടയ്‌ക്കേണ്ടതുള്ളൂ. ടോൾ ബൂത്തിൽ നിന്ന് 100 മീറ്റർ ദൂരത്തിൽ മഞ്ഞ നിറത്തിലുള്ള ഒരു രേഖ ഓരോ ടോൾ പാതയിലും അടയാളപ്പെടുത്തും. ടോൾ പ്ലാസ ഓപ്പറേറ്റർമാരിൽ  ഉത്തരവാദിത്തബോധം വളർത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

നൂറു ശതമാനവും ക്യാഷ് ലെസ് ടോളിംഗിലേക്ക് മാറിയ 2021 ഫെബ്രുവരി പകുതി മുതൽ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് പെനിട്രേഷൻ 96 ശതമാനത്തിലെത്തിയെന്നും  നിരവധി ടോൾ പ്ലാസകളിൽ 99 ശതമാനവും ക്യാഷ് ലെസ് പേയ്മെൻ്റാണ് നടക്കുന്നതെന്നും കണക്കുകൾ പറയുന്നു. 

രാജ്യത്തെ ഇലക്ട്രോണിക് ടോൾ കളക്ഷൻ (ഇടിസി) സംവിധാനത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കാനാണ് ദേശീയ പാത അതോറിറ്റിയുടെ ശ്രമം.  
അടുത്ത 10 വർഷത്തെ മുന്നിൽ കണ്ടാണ് അത് രൂപപ്പെടുത്തുന്നത്.  വരുംകാല ട്രാഫിക് പ്രൊജക്ഷൻ കണക്കിലെടുത്തു കൊണ്ടാവും പുതിയ ടോൾ പ്ലാസകളുടെ  രൂപകൽപ്പനയും 
നിർമാണവും.