Movie prime

കാർട്ടൂൺ: മാനനഷ്ടക്കേസ് തള്ളി മദ്രാസ് ഹൈക്കോടതി

 

തമിഴ്നാട്ടിൽ മൂന്നു വർഷം മുമ്പുണ്ടായ കാർട്ടൂൺ വിവാദത്തിൽ കാർട്ടൂണിസ്റ്റ് ജി ബാലയ്ക്കെതിരായ മാനനഷ്ടക്കേസ് തളളി മദ്രാസ് ഹൈക്കോടതി.

തമിഴ്നാട്ടിൽ മൂന്നു വർഷം മുമ്പുണ്ടായ കാർട്ടൂൺ വിവാദത്തിൽ കാർട്ടൂണിസ്റ്റ് ജി ബാലയ്ക്കെതിരായ മാനനഷ്ടക്കേസ് തളളി മദ്രാസ് ഹൈക്കോടതി.

മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനസാമി, തിരുനെൽവേലി പൊലീസ് കമ്മിഷണർ, തിരുനെൽവേലി ജില്ലാ കളക്റ്റർ എന്നിവരെ അവഹേളിക്കുന്ന രീതിയിൽ കാർട്ടൂൺ വരച്ചു എന്ന ആരോപണമായിരുന്നു പ്രസിദ്ധ കാർട്ടൂണിസ്റ്റ് ജി ബാലയ്ക്കെതിരെ ഉയർന്നു വന്നത്. ജില്ലാ ഭരണകൂടത്തെ അവഹേളിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് കാർട്ടൂണിസ്റ്റിനെ സംസ്ഥാന ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തിരുനെൽവേലി ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

ഒരു ജനാധിപത്യ രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യോജിച്ചും വിയോജിച്ചും ഏവർക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യത്തിൻ്റെ അടിത്തറയിലാണ് ഒരു സംവിധാനം എന്ന നിലയിൽ ജനാധിപത്യം നിലനില്ക്കുന്നതു തന്നെ. 

സ്വാതന്ത്ര്യത്തോടൊപ്പം ആവിഷ്കാരത്തിന് അതിൻ്റേതായ അതിരുകളും ഉണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ സമൂഹത്തിൽ എല്ലാവർക്കും അത് പാലിക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്.  കേസിന് ആധാരമായ കാർട്ടൂണിനെപ്പറ്റി കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടു:

ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് കലാസൃഷ്ടികളെ നോക്കിക്കാണുന്നത്. ചിലർക്ക് ഇത് അതിശയോക്തിയോടു കൂടി ചിത്രീകരിച്ചതാണ് എന്ന് തോന്നലുണ്ടായേക്കാം. അധികൃതരുടെ നടപടിയാണ്  കുറ്റകരം എന്ന തോന്നലുള്ളവരും ഉണ്ടാകാം. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന അഭിപ്രായം അവർ പ്രകടിപ്പിച്ചേക്കാം. ഈ കാർട്ടൂൺ അശ്ലീലമാണ് എന്ന അഭിപ്രായക്കാരും ഉണ്ടാകാം.

മനുഷ്യർ വ്യത്യസ്ത കാഴ്ചപ്പാടോടെയാണ് കലാസൃഷ്ടികളെ വിലയിരുത്തുന്നത്.  ഇവിടെ കാർട്ടൂണിസ്റ്റിൻ്റെ ലക്ഷ്യം ആരെയും അവഹേളിക്കുകയോ അപകീർത്തിപ്പെടുത്തുകയോ അല്ല. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്താൽ കാർട്ടൂണുകൾക്ക് അവയുടെ ജീവൻ നഷ്ടമാകുമെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതരായ വ്യക്തിത്വങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയല്ല കാർട്ടൂൺ രചിച്ചിട്ടുള്ളത്.

മറിച്ച് ബ്ലേഡ് മാഫിയയുടെ പിടിയിൽ നിന്ന് കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള ഒരു കുടുംബത്തെ രക്ഷിക്കാൻ കഴിയാത്ത ഭരണകൂടത്തോടുള്ള പ്രതിഷേധമാണ് കാർട്ടൂണിസ്റ്റ് പ്രകടിപ്പിച്ചത്. നിരാലംബരായ ഒരു കുടുംബത്തെ ഒന്നടങ്കം ബ്ലേഡ് മാഫിയയുടെ അതിക്രമങ്ങൾക്ക് നിർദയം വിട്ടുകൊടുത്ത അധികൃതരുടെ നിഷ്ക്രിയതയെ ആണ് കാർട്ടൂൺ പരിഹസിക്കുന്നത്.  കളക്ട്രേറ്ററ്റിനു മുന്നിൽ നടന്ന മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ അധികൃതർ ലജ്ജിക്കേണ്ടതുണ്ടെന്ന് കോടതി ഓർമപ്പെടുത്തി.

കാർട്ടൂണിസ്റ്റ് ക്രിമിനൽ കുറ്റം ചെയ്തതായി കരുതാൻ ഒരു തരത്തിലും കഴിയില്ല. ധാർമികതയുടേതായ ചില പ്രശ്നങ്ങൾ കൂടി ഇവിടെയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അത്തരം ധാർമികത കോടതിക്ക് പഠിപ്പിക്കാനാവില്ല. അത് സമൂഹത്തിൽ സ്വയം ഉരുത്തിരിയേണ്ടതും എല്ലാവരും ഉൾക്കൊള്ളേണ്ടതും പിന്തുടരേണ്ടതുമാണ്.

ബ്ലേഡ് മാഫിയയുടെ പിടിയിൽ അകപ്പെട്ട ഒരു ദരിദ്ര കർഷക കുടുംബം ഒന്നടങ്കം തിരുനെൽവേലി കളക്ട്രേറ്റിനു മുന്നിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവം തമിഴ്നാട്ടിൽ ഏറെ ഒച്ചപ്പാടുകൾക്ക് ഇടയാക്കിയിരുന്നു. കർഷകനായ ഇസാക്കി മുത്തുവും ഭാര്യ സുബ്ബലക്ഷ്മിയും അവരുടെ രണ്ട് മക്കളുമാണ് കടുംകൈയ്ക്ക് മുതിർന്നത്. സുബ്ബലക്ഷ്മിയും രണ്ട് മക്കളും സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു.

അധികൃതരുടെ കുറ്റകരമായ അനാസ്ഥയും അവഗണനയുമാണ് സാമ്പത്തിക കുഴപ്പത്തിൽ അകപ്പെട്ട കർഷകൻ്റെ കുടുംബത്തെ ദുരന്തത്തിനിരയാക്കിയത് എന്ന് ആരോപണമുയർന്നിരുന്നു. കളക്ടർക്ക് പരാതി കൊടുത്തിട്ടും പൊലീസ് സ്റ്റേഷനിൽ നിരന്തരം കയറിയിറങ്ങിയിട്ടും ആ കുടുംബത്തിന് നീതി ലഭിച്ചില്ല. 

തുടർന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ ഓഫീസ് സമുച്ചയത്തിനു മുന്നിലെത്തി അവർ ആത്മഹത്യ ചെയ്യാൻ മുതിർന്നത്. ബ്ലേഡ് മാഫിയയുടെ കെണിയിൽ അകപ്പെട്ട് നാലംഗ കുടുംബം ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സർക്കാർ സംവിധാനത്തെ മൊത്തം പ്രതിക്കൂട്ടിലാക്കിയാണ് കാർട്ടൂണിസ്റ്റ് ബാല തൻ്റെ രചന നടത്തിയത്.  

ബാലയുടെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ട കാർട്ടൂൺ വൈറലായതോടെ വിഷയം ദേശീയതലത്തിൽ ചർച്ചാ വിഷയമായി. കത്തിക്കരിഞ്ഞു കിടക്കുന്ന ഒരു കൊച്ചു കുട്ടിയുടെ മൃതശരീരത്തിനു ചുറ്റും കാഴ്ചക്കാരായി, നോട്ട് കെട്ടുകൊണ്ട് സ്വന്തം നഗ്നത മറച്ചു നില്ക്കുന്ന മുഖ്യമന്ത്രിയെയും കളക്ടറെയും പൊലീസ് കമ്മിഷണറെയുമാണ് ബാല ചിത്രീകരിച്ചത്.

തിരുനെൽവേലി ജില്ലാ കളക്ടറാണ് ബാലയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തമിഴ്നാട്ടിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനാണ് കാർട്ടൂണിസ്റ്റാണ് ജി ബാല. എഡിറ്റോറിയൽ കാർട്ടൂണിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബാലയുടെ കാർട്ടൂണുകളിൽ പലതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രീയ വിമർശനമാണ് ബാലയുടെ കാർട്ടൂണുകളുടെ മുഖ്യ ഫോക്കസ്. ആയിരക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ പിന്തുടരുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തിനു പുറമേ ദേശീയ അന്തർദേശീയ വിഷയങ്ങളിലും ശ്രദ്ധേയമായ കാർട്ടൂണുകൾ അദ്ദേഹം വരയ്ക്കാറുണ്ട്.  പന്ത്രണ്ട് വർഷത്തോളം പ്രസിദ്ധ തമിഴ് വാരികയായ കുമുദത്തിൽ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ 'നമുക്ക് എതുക്ക് വമ്പ് ' എന്ന കാർട്ടൂൺ ശേഖരം ഏറെ ശ്രദ്ധേയമാണ്.

ആണവവിരുദ്ധ സമരത്തിൽ ഉൾപ്പെടെ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുള്ള അദ്ദേഹം മദ്യവിരുദ്ധ പ്രസ്ഥാനത്തിലും സജീവമായി ഇടപെട്ടിരുന്നു.