Movie prime

''നിസ്സാര' കേസുകൾ കോടതിയുടെ സമയം കളയുന്നു: ജസ്റ്റിസ് ചന്ദ്രചൂഡ് 

 

നിസ്സാര കേസുകളുമായി സുപ്രീം കോടതിയെ സമീപിക്കുന്നവർ കോടതിയുടെ വിലപ്പെട്ട സമയം മെനക്കെടുത്തുകയാണ് എന്ന കുറ്റപ്പെടുത്തലുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അവധിക്കാല ബെഞ്ചിനു മുന്നിൽ പരിഗണനയ്ക്കെത്തിയ 95 ശതമാനം ഹർജികളും  അപ്രധാനമായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ പ്രാധാന്യമുള്ള  കേസുകൾ പരിഗണിക്കേണ്ട വിലപ്പെട്ട സമയവും ശ്രദ്ധയുമാണ് ഇതുമൂലം നഷ്ടമാകുന്നത്. നിസ്സാരമെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഹർജികൾ തളളിയതിനു പിന്നാലെയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇത്തരത്തിൽ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയത്. ഹർജിക്കാരനുവേണ്ടി  ഹാജരായ അഭിഭാഷകൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പരാതി പരിഗണിക്കാൻ അദ്ദേഹം തയ്യാറായില്ല.

"ഇത് പ്രോത്സാഹിപ്പിച്ചു കൂടാ. ഞങ്ങളുടെ പരിഗണനയ്ക്കു വന്ന ഇതടക്കമുള്ള 95 ശതമാനം ഹർജികളും ബാലിശമാണ്. കോടതിയുടെ വിലപ്പെട്ട സമയമാണ് നിങ്ങൾ അപഹരിക്കുന്നത് " - ജസ്റ്റിസ് ചന്ദ്രചൂഡ് കുറ്റപ്പെടുത്തി. നിഷ്പ്രയോജനകരവും നിസ്സാരവുമായ കാര്യങ്ങളുടെ പേരിൽ ഹർജിക്കാർ കോടതിയുടെ പ്രവർത്തനങ്ങൾ തന്നെ തടസ്സപ്പെടുത്തുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോടതി സ്വമേധയാ എടുത്ത കോവിഡ് കേസിലെ വിധി ഇന്ന് പുറപ്പെടുവിക്കേണ്ടതായിരുന്നു.  അത് സാധിക്കാതെ പോയി. ദയവായി ഈ സ്ഥാപനത്തിൻ്റെ പവിത്രതയെ കണക്കിലെടുക്കണം. കോടതിയുടെ സമയം ഇങ്ങനെ വെറുതെ മെനക്കെടുത്തരുത്. വെറുതെ കളയാനുള്ള സമയം ഞങ്ങളുടെ പക്കലില്ല. നികുതി ദായകരുടെ പണമാണ് നിങ്ങളിങ്ങനെ പാഴാക്കുന്നത് എന്ന കാര്യവും ഓർമ വേണം" - അദ്ദേഹം വിമർശിച്ചു.