Movie prime

സ്റ്റേ ഇല്ല, അഡ്മിനിസ്ട്രേറ്റർക്ക് പറയാനുള്ളത് കേൾക്കണമെന്ന് ഹൈക്കോടതി

 

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദമായ ഭരണ പരിഷ്കാരങ്ങൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് കേരള ഹൈക്കോടതി. ലക്ഷദ്വീപ് ഡവലപ്മെൻ്റ് അതോറിറ്റി റെഗുലേഷൻ 2021 (എൽ ഡി എ ആർ) കരട് വിജ്ഞാപനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി ഇതു സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റർക്ക് പറയാനുള്ളത് കേൾക്കണമെന്ന് അഭിപ്രായപ്പെട്ടു. വിശദീകരണം നല്കാൻ അഡ്മിനിസ്ട്രേഷന് രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചത്. രണ്ടാഴ്ചയ്ക്കു ശേഷം പൊതുതാത്പര്യ ഹർജി വീണ്ടും പരിഗണിക്കും.

എൽ ഡി എ ആർ വിജ്ഞാപനവും ഗുണ്ടാ നിയമം എന്ന പേരിൽ കുപ്രസിദ്ധമായ പ്രിവൻഷൻ ഓഫ് ആൻ്റി സോഷ്യൽ ആക്റ്റിവിറ്റീസ് ആക്റ്റും 
(പി എ എസ് എ) റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് നൗഷാദ് അലി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററോട് വിശദീകരണം തേടിയത്.

ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവരാണ് കേസിൽ വാദം കേട്ടത്. യൂണിയൻ ടെറിറ്ററിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടു. രണ്ടാഴ്ച സമയം അനുവദിച്ച കോടതി എൽ ഡി എ ആർ റദ്ദാക്കണമെന്ന ഹർജിക്കാരൻ്റെ ആവശ്യം പരിഗണിച്ചില്ല. ഇതിനിടയിൽ പരിഷ്കാര നടപടികളുമായി മുന്നോട്ടു പോകാൻ അഡ്മിനിസ്ട്രേറ്ററെ അനുവദിക്കരുത് എന്ന വാദം പരാതിക്കാരനു വേണ്ടി ഹാജരായ അഡ്വ. അനൂപ് നായർ മുന്നോട്ടുവെച്ചപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നും ഇതൊരു നയപരമായ കാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിശദീകരിക്കാൻ അവർക്ക് അവസരം നല്കുന്നു. അതിനു ശേഷം തീരുമാനിക്കാം.

ലക്ഷദ്വീപിലെ ജുഡീഷ്യറിയെപ്പറ്റി നേരത്തേ പറഞ്ഞ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായി കോടതി കുറ്റപ്പെടുത്തി. മാധ്യമ റിപ്പോർട്ടുകളെപ്പറ്റി ആയിരുന്നില്ല കോടതിയുടെ പ്രതികരണം. അവിടത്തെ  ജുഡീഷ്യൽ കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. കാര്യങ്ങൾ അനാവശ്യ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

ലക്ഷദ്വീപിൻ്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലങ്ങളിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക്  ഇടയാക്കുന്ന വിധത്തിലുള്ള അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാര നടപടികൾ തടയണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടത്. ലക്ഷദ്വീപ് ഡവലപ്മെൻ്റ് അതോറിറ്റി(എൽ ഡി എ) രൂപവത്കരണത്തെ എതിർക്കുന്ന ഹർജി എൽ ഡി എ ആറിനെ പ്രത്യേകമായി കുറ്റപ്പെടുത്തുന്നു.

പരിഷ്കരണത്തെ ദ്വീപ് നിവാസികൾ എതിർക്കുന്നതായി ഹർജിക്കാരൻ പറയുന്നു.  നിയമം പ്രാബല്യത്തിൽ വന്നാൽ പട്ടിക വർഗ വിഭാഗത്തിൻ്റെ ജീവിതവും ജീവിതോപാധികളും തകർക്കപ്പെടും. പുതിയ നിയന്ത്രണങ്ങൾ ഭരണഘടനയിലെ അനുച്ഛേദം 21-ന് വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് അധികാരം അഡ്മിനിസ്ട്രേറ്ററിൽ  പൂർണമായും കേന്ദ്രീകരിക്കുന്ന വിധത്തിലുള്ള ഭരണ പരിഷ്കാരങ്ങളാണ് ദ്വീപു നിവാസികളുടെ മേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത്. ദ്വീപിൽ പുതുതായി കൊണ്ടുവന്ന ഗുണ്ടാ ആക്റ്റിനെ ഹർജിയിൽ നിശിതമായി ചോദ്യം ചെയ്യുന്നുണ്ട്.

വിചാരണ കൂടാതെ ആരെയും ഒരു വർഷം വരെ ജയിലിൽ അടച്ചിടാനുളള സാഹചര്യമാണ് പുതിയ നിയമ നിർമാണത്തിലൂടെ സംജാതമാവുന്നത്. പട്ടിക വർഗ വിഭാഗത്തിലുള്ള ദ്വീപ് നിവാസികളുടെ ജീവിതം, ഭക്ഷണ സ്വാതന്ത്ര്യം, സംസ്കാരം, ഉപജീവനോപാധികൾ എന്നിവ അപകടപ്പെടുത്തുന്ന പരിഷ്കാരങ്ങൾ റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

ഭരണഘടനയിലെ അനുച്ഛേദം 15, 16, 19, 21 എന്നിവയുടെ നഗ്നമായ ലംഘനമാണ് പുതിയ ഭരണ പരിഷ്കാരങ്ങൾ എന്ന് പൊതുതാത്പര്യ ഹർജി കുറ്റപ്പെടുത്തുന്നു.  രണ്ടാഴ്ചയ്ക്കു ശേഷം ഹർജി വീണ്ടും പരിഗണിക്കും.