Movie prime

പി. എം. കെയറിൻ്റെ പേരിൽ നടക്കുന്നത് പകൽക്കൊള്ളയോ?

പി എം കെയർ [ PM Care ] ഫണ്ടിനെപ്പറ്റി കേൾക്കാത്ത ആരോപണങ്ങളില്ല.പദ്ധതിക്ക് തുടക്കം കുറിച്ച 2020 മാർച്ച് 27 മുതൽ അതേപ്പറ്റിയുള്ള വിമർശനങ്ങൾ കേട്ടു തുടങ്ങിയതാണ്. ഒട്ടും സുതാര്യതയില്ലാതെ,കൺട്രോളർ ആൻ്റ് ഓഡിറ്റർ ജനറലിൻ്റെ വാർഷിക കണക്കെടുപ്പുകളിൽ പോലും വരുന്നില്ലെന്ന പഴികൾ കേട്ട്, മോദി സർക്കാരിൻ്റെ നിയന്ത്രണം കൈയാളുന്ന ഏതാനും വ്യക്തികളുടെ മുൻ കൈയിൽ അത്തരമൊരു ഫണ്ടിന് രൂപം കൊടുത്തപ്പോഴേ സംശയങ്ങൾ ഉന്നയിക്കപ്പെട്ടതാണ്. പി എം എൻ ആർ എഫ് എന്ന പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ തന്നെ പി എം കെയർ ഫണ്ട് എന്ന പേരിൽ More
 
പി. എം. കെയറിൻ്റെ പേരിൽ നടക്കുന്നത് പകൽക്കൊള്ളയോ?

പി എം കെയർ [ PM Care ] ഫണ്ടിനെപ്പറ്റി കേൾക്കാത്ത ആരോപണങ്ങളില്ല.
പദ്ധതിക്ക് തുടക്കം കുറിച്ച 2020 മാർച്ച് 27 മുതൽ അതേപ്പറ്റിയുള്ള വിമർശനങ്ങൾ കേട്ടു തുടങ്ങിയതാണ്. ഒട്ടും സുതാര്യതയില്ലാതെ,
കൺട്രോളർ ആൻ്റ് ഓഡിറ്റർ ജനറലിൻ്റെ വാർഷിക കണക്കെടുപ്പുകളിൽ പോലും വരുന്നില്ലെന്ന പഴികൾ കേട്ട്, മോദി സർക്കാരിൻ്റെ നിയന്ത്രണം കൈയാളുന്ന ഏതാനും വ്യക്തികളുടെ മുൻ കൈയിൽ അത്തരമൊരു ഫണ്ടിന് രൂപം കൊടുത്തപ്പോഴേ സംശയങ്ങൾ ഉന്നയിക്കപ്പെട്ടതാണ്.

പി എം എൻ ആർ എഫ് എന്ന പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ തന്നെ പി എം കെയർ ഫണ്ട് എന്ന പേരിൽ പുതിയൊരു പബ്ലിക് ചാരിറ്റബിൾ ഫണ്ടിന് രൂപം കൊടുത്തതിൻ്റെ ഉദ്ദേശ്യ ശുദ്ധി തുടക്കം മുതലേ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻ്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് ഫണ്ടാണ് ചുരുക്കത്തിൽ പി എം കെയേഴ്സ് എന്ന പേരിൽ അറിയപ്പെടുന്നത്. പ്രധാനമന്ത്രിയാണ് ചെയർമാൻ. പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും ധനകാര്യ മന്ത്രിയുമാണ് ട്രസ്റ്റിൻ്റെ അംഗങ്ങൾ.
വിശദാംശങ്ങളൊന്നും വേണ്ടത്ര വ്യക്തതയോടെ വെളിപ്പെടുത്താത്ത,
വരവു ചിലവുകളെ സംബന്ധിച്ച് കൃത്യമായ ഓഡിറ്റിങ്ങില്ലാത്ത,
ഒട്ടും സുതാര്യതയില്ലാത്ത ഈ പ്രൈം മിനിസ്റ്റേഴ്സ് ഫണ്ടിനെ പ്രതിപക്ഷ കക്ഷികൾ മാത്രമല്ല ചോദ്യം ചെയ്തത്.

സംശയങ്ങൾ പ്രകടിപ്പിച്ചിട്ടും വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടും
ഉത്തരവാദിത്തപ്പെട്ട ആരിൽ നിന്നും തൃപ്തികരമായ മറുപടികൾ ലഭിച്ചില്ല.
എൻ ഡി എ ഭരണത്തിൽ കോവിഡ് സാഹചര്യം മുതലെടുത്ത്പ്രത്യേകമായൊരു പബ്ലിക് ഫണ്ട് രൂപീകരിക്കുന്നതുവരെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി കാര്യമായ വിമർശനങ്ങളൊന്നും ഇല്ലായിരുന്നു.

വെള്ളപ്പൊക്കവും വരൾച്ചയും ഭൂകമ്പവും ചുഴലിക്കാറ്റും സുനാമിയും ഉൾപ്പെടെ രാജ്യത്തെവിടെയും പ്രകൃതിദുരന്തങ്ങൾ അരങ്ങേറിയപ്പോൾ ജനങ്ങൾക്ക് ആശ്വാസം പകർന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി പ്രവർത്തിച്ചു. സുതാര്യമായ, കൃത്യമായ ഓഡിറ്റിങ്ങുള്ള, പബ്ലിക് സ്ക്രൂട്ടിനിക് എന്നെന്നും വിധേയമായ, പ്രഖ്യാപിത ലക്ഷ്യങ്ങളുള്ള ആ ദുരിതാശ്വാസ നിധിയെ ഹൈജാക്ക് ചെയ്താണ് പി എം കെയറിന് തുടക്കം കുറിച്ചത്.
പ്രമുഖ ബോളിവുഡ് താരങ്ങളും ക്രിക്കറ്റർമാരും കോർപ്പറേറ്റ് സ്ഥാപനങ്ങളും സെലിബ്രിറ്റികളുമെല്ലാം പി എം കെയറിലേക്ക് ഉദാരമായി സംഭാവനകൾ നൽകിയിട്ടുണ്ട്.

ഫണ്ടിൻ്റെ ആവിർഭാവത്തോടെകോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സി എസ് ആർ ഫണ്ടുപോലും സമാഹരിക്കപ്പെടുന്ന രീതി മാതൃകകളിൽ മാറ്റങ്ങൾ വന്നു.
എന്നാൽ ഫണ്ട് വിനിയോഗത്തെ കുറിച്ച് പരാതികൾ മാത്രം അവശേഷിച്ചു.
കോടതികൾ കയറിയിറങ്ങിയിട്ടും വ്യക്തതകൾ വന്നില്ല. “പാവങ്ങളിൽ പാവങ്ങൾക്കുള്ളതാണ് ” പി എം കെയർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴും കോവിഡ് കാലത്ത് തൊഴിലും ഉപജീവനോപാധികളും നഷ്ടമായി പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാവങ്ങൾക്കൊന്നും ഫണ്ടിൻ്റെ പ്രയോജനം ലഭിച്ചില്ല.

വീർപ്പുമുട്ടിക്കുന്ന ഓക്സിജൻ ക്ഷാമം പരിഹരിക്കാനോ വാക്സിൻ വിതരണം കാര്യക്ഷമമാക്കാനോ പി എം കെയർ ഫണ്ട് വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല എന്ന വിമർശനം പരക്കേ ഉയർന്നിട്ടുണ്ട്.
പുതിയ പുതിയ ആരോപണങ്ങളാണ് ഇപ്പോൾ ഫണ്ടിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്.

പി എം കെയർ ഫണ്ടിൽ വൻ അഴിമതിയാണ് നടക്കുന്നതെന്നും മഹാരാഷ്ട്രയിൽ വിതരണം ചെയ്ത വെൻ്റിലേറ്ററുകളെല്ലാം ഉപയോഗ ശൂന്യമാണെന്നും ഭരണമുന്നണിയായ മഹാ വികാസ് അഘാഡി ആരോപണം ഉന്നയിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് വിതരണം ചെയ്ത വെൻ്റിലേറ്ററുകൾ മുഴുവൻ തകരാറിലാണെന്നും സമർഥരായ ടെക്നീഷ്യൻമാർക്ക് പോലും അതിലെ തകരാറുകൾ പരിഹരിക്കാൻ കഴിയുന്നില്ലെന്നും
പി എം കെയറിനെപ്പറ്റിയും അതിനു കീഴിൽ നടന്ന വെൻ്റിലേറ്റർ വിതരണത്തിലെ അഴിമതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യങ്ങൾ ഉയർന്നു കഴിഞ്ഞു.

എന്തായാലും ആരോപണങ്ങൾ ഗൗരവ സ്വഭാവത്തിലുള്ളതാണ്.
പൊതുജനങ്ങൾ സംഭാവനയായി നല്കിയ പണം പാവങ്ങളെ സഹായിക്കാനെന്ന പേരിൽ കൊട്ടിഘോഷിച്ച് ചെലവിടുമ്പോൾ അത് തട്ടിപ്പിനും വെട്ടിപ്പിനുമുള്ള അവസരമാക്കുന്നത് ജനവഞ്ചനയാണ്.

ആദ്യമായല്ല ഇത്തരം ആരോപണം ഉയരുന്നത് എന്നതും ആരോപണങ്ങൾ ഒഴിഞ്ഞ സമയമേ പി എം കെയറിന് ഉണ്ടായിട്ടില്ല എന്നതും അധികൃതർ ഗൗരവപൂർവം കണക്കിലെടുക്കേണ്ടതാണ്.