Movie prime

ചെറുകിട വ്യവസായങ്ങള്‍ക്ക് കാര്‍ഷിക നിരക്കില്‍ വൈദ്യുതി ലഭ്യമായേക്കും 

 

മൂല്യ വര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി, കാര്‍ഷിക നിരക്കില്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പോത്താനിക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇനിയും വൈദ്യുതി എത്താത്ത വിദൂര പ്രദേശങ്ങളിലെ ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദ്രുത ഗതിയില്‍ പുരോഗമിക്കുന്നതായി മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന പോത്താനിക്കാട് സെക്ഷനോഫീസ്, കൂടുതല്‍ സൗകര്യങ്ങളുള്ള, ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെ എസ് ഇ ബിയുടെ സ്വന്തം കെട്ടിടത്തിലോട്ട് മാറ്റിയത്.

യോഗത്തില്‍, ഡോ.മാത്യു കുഴല്‍നാടന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ മുടങ്ങിയ വിദ്യാര്‍ത്ഥിനിയുടെ വിഷയം അദ്ദേഹം വൈദ്യുതി വകുപ്പ് മന്ത്രിയെ ബോധിപ്പിക്കുകയും, കണക്ഷന്‍ ലഭ്യമാക്കുന്നതിനാവശ്യമായ വൈദ്യുതി തൂണുകള്‍ സ്ഥാപിച്ച് ഇന്നുതന്നെ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ വൈദ്യുതി എത്തിക്കാന്‍ ബഹു.വൈദ്യുതി മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി യോഗത്തിലെ മുഖ്യാതിഥി ആയിരുന്നു. കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ എന്‍ എസ് പിള്ള ഐ എ & എ എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍, ആന്റണി ജോണ്‍ എം എല്‍ എ, ഏറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്‌, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.