Movie prime

ഗാസയിലെ സൈനികാക്രമണം യുദ്ധക്കുറ്റമായേക്കാം

 

ഗാസയിലെ ഇസ്രയേൽ സൈന്യത്തിൻ്റെ വിവേചന രഹിതമായ കടന്നാക്രമണം യുദ്ധക്കുറ്റമായി കണക്കാക്കാൻ ഇടയുണ്ട് എന്ന സൂചന നല്കി ഐക്യരാഷ്ട്ര സഭ. യു എൻ ഹ്യൂമൺ റൈറ്റ്സ് വിഭാഗം മേധാവി മിഷേൽ ബാചെലറ്റയാണ് പലസ്തീൻ മേഖലയിൽ ഇസ്രയേൽ സൈന്യം നടത്തിയ വിവേചന രഹിതവും ആനുപാതികമല്ലാത്തതുമായ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കാൻ ഇടയുണ്ട് എന്ന് അഭിപ്രായപ്പെട്ടത്.

പതിനൊന്ന് ദിവസം തുടർച്ചയായ ആക്രമണമാണ് ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയത്. 68 കുട്ടികളടക്കം മുന്നൂറോളം പലസ്തീനികളാണ് ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസിൻ്റെ റോക്കറ്റാക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മലയാളിയായ സൗമ്യ സന്തോഷ് ഉൾപ്പെടെ മൂന്ന് വിദേശികളും ഉൾപ്പെടും. 

ഇസ്രയേൽ ആക്രമണങ്ങൾ ആനുപാതികമല്ലെന്ന് തെളിഞ്ഞാൽ അത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടും. പലസ്തീനും, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനു വേണ്ടി പാകിസ്താനും സംയുക്തമായി ആവശ്യമുന്നയിച്ചതിനെ തുടർന്ന് വിളിച്ചു ചേർത്ത യു എൻ ഹ്യൂമൺ റൈറ്റ്സ് ഉന്നത തല സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മിഷേൽ ബാചെലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹമാസ് നടത്തിയ ആക്രമണങ്ങളെയും മിഷേൽ അപലപിച്ചു. യുദ്ധ നിയമങ്ങൾ ലംഘിക്കുന്നവയാണ് ഹമാസിൻ്റെ റോക്കറ്റ് ആക്രമണവും. എന്നാൽ വിവേചന രഹിതമായ ആക്രമണമാണ് ഗാസയിൽ ഇസ്രയേൽ സൈന്യം  നടത്തിയത്. ജനവാസ കേന്ദ്രങ്ങളിലെ ആക്രമണങ്ങൾ അതീവ ഗുരുതരമായ യുദ്ധക്കുറ്റമാണ്.

സംഘർഷത്തിൽ മരണനിരക്ക് കുത്തനെ കൂടാൻ ഇടയാക്കിയത് ഗാസയിലെ സിവിലിയൻമാർക്കു നേരെയുണ്ടായ ഇസ്രയേലി സൈനികരുടെ കടന്നാക്രമണമാണ്. ഗാസയിലെ ജനവാസ മേഖലയിലെ കെട്ടിടങ്ങൾ ഹമാസ് തങ്ങളുടെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു എന്നതിന് യാതൊരു തെളിവുമില്ലെന്ന് യോഗത്തിൽ മിഷേൽ  ബാചെലറ്റ്  വ്യക്തമാക്കി. 

മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ അടക്കം മറയാക്കിയാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തുന്നതെന്ന് ആരോപിച്ച് ഗാസയിലെ ജനവാസ മേഖലയിലെ കെട്ടിടങ്ങൾ അടക്കം ഇസ്രയേൽ സേന ബോംബിട്ട് നശിപ്പിച്ചിരുന്നു.

ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനികാക്രമണം യുദ്ധക്കുറ്റമായി കണക്കാക്കിയേക്കാം എന്ന യു എൻ മനുഷ്യാവകാശ സമിതി മേധാവിയുടെ അഭിപ്രായത്തെ പലസ്തീൻ സ്വാഗതം ചെയ്തു.

മനുഷ്യാവകാശത്തെ ഉയർത്തിപ്പിടിക്കുന്ന അഭിപ്രായമാണ് ഇതിലൂടെ ഉയർന്നു വന്നതെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു. നിയമ വാഴ്ചയോടുള്ള അന്താരാഷ്ട്ര സമൂഹത്തിൻ്റെ നിശ്ചയ ദൃഢതയാണ് ഇതിലൂടെ വെളിവാകുന്നത്. എന്നാൽ അഭിപ്രായത്തെ ഇസ്രയേൽ അപലപിച്ചു.

അന്താരാഷ്ട്ര സമൂഹത്തിൻ്റെ ഇസ്രയേൽ വിരുദ്ധതയാണ് അവരുടെ അഭിപ്രായത്തിൽ  പ്രതിഫലിക്കുന്നതെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തി. യു എൻ മനുഷ്യാവകാശ സമിതിയുടെ പലസ്തീൻ പക്ഷപാതിത്തവും ഇസ്രയേൽ വിരുദ്ധതയുമാണ്  ഒരിക്കൽക്കൂടി മറനീക്കി  പുറത്തുവന്നിരിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു.