Movie prime

മുള്ളുകളുടെ പടലം വേർപെടുത്തിയപ്പോൾ ഉറഞ്ഞു പോയ ദീപങ്ങൾ പോലെ ചുളകൾ പ്രകാശിച്ചു

…ആളുകൾ ടോർച്ചും പന്തവും കൊണ്ട് നാടിനെ ഒരു അസംബന്ധ നാടക വേദിയാക്കിയപ്പോൾ ഞാൻ ഈ ചക്ക മുറിക്കുകയായിരുന്നു… ആദ്യത്തെ ചുള ഞാൻ വിറക്കുന്ന കൈകൾ കൊണ്ട് അടർത്തിയെടുത്തു… എൻ്റെ നാവ് ആ രുചി അറിഞ്ഞു. സ്നേഹത്തിൻ്റെ ഒരു കടൽ അതിൻ്റെ ആദ്യ തിരകൊണ്ട് തൊടും പോലെ തോന്നി. ഒരു കൈത്തലത്തിൻ്റെ അപാര സാന്ത്വനം. ഞാനൊറ്റക്കല്ലെന്ന് ഈ ചക്ക എന്നെ പഠിപ്പിച്ചിരിക്കുന്നു. ജീവിതാവസാനം വരെ… രാഷ്ട്രീയ ധ്വനി കൊണ്ട് സമൃദ്ധവും ദർശന ദീപ്തി കൊണ്ട് മനോഹരവുമായി പ്രശസ്ത കവി More
 
മുള്ളുകളുടെ പടലം വേർപെടുത്തിയപ്പോൾ ഉറഞ്ഞു പോയ ദീപങ്ങൾ പോലെ ചുളകൾ പ്രകാശിച്ചു

…ആളുകൾ ടോർച്ചും പന്തവും കൊണ്ട് നാടിനെ ഒരു അസംബന്ധ നാടക വേദിയാക്കിയപ്പോൾ ഞാൻ ഈ ചക്ക മുറിക്കുകയായിരുന്നു… ആദ്യത്തെ ചുള ഞാൻ വിറക്കുന്ന കൈകൾ കൊണ്ട് അടർത്തിയെടുത്തു… എൻ്റെ നാവ് ആ രുചി അറിഞ്ഞു. സ്നേഹത്തിൻ്റെ ഒരു കടൽ അതിൻ്റെ ആദ്യ തിരകൊണ്ട് തൊടും പോലെ തോന്നി. ഒരു കൈത്തലത്തിൻ്റെ അപാര സാന്ത്വനം. ഞാനൊറ്റക്കല്ലെന്ന് ഈ ചക്ക എന്നെ പഠിപ്പിച്ചിരിക്കുന്നു. ജീവിതാവസാനം വരെ…

രാഷ്ട്രീയ ധ്വനി കൊണ്ട് സമൃദ്ധവും ദർശന ദീപ്തി കൊണ്ട് മനോഹരവുമായി പ്രശസ്ത കവി പി എൻ ഗോപീകൃഷ്ണൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

ഇത് വെറും ഒരു ചക്കയല്ല. എനിക്ക് ഇത് ഈ അസ്വസ്ഥ കാലത്തെ ഏറ്റവും വലിയ ശുഭപ്രതീക്ഷയായിരുന്നു. ഇന്നലെ ആളുകൾ ടോർച്ചും പന്തവും കൊണ്ട് നാടിനെ ഒരു അസംബന്ധ നാടക വേദിയാക്കിയപ്പോൾ ഞാൻ ഈ ചക്ക മുറിക്കുകയായിരുന്നു. മുള്ളുകളുടെ പടലം വേർപെടുത്തിയപ്പോൾ ഉറഞ്ഞു പോയ ദീപങ്ങൾ പോലെ ചുളകൾ പ്രകാശിച്ചു. ഓർക്കാപ്പുറത്ത് കനത്ത ഒരു പ്രബുദ്ധത നമ്മിൽ വന്ന് വീഴും പോലെ. ആദ്യത്തെ ചുള ഞാൻ വിറക്കുന്ന കൈകൾ കൊണ്ട് അടർത്തിയെടുത്തു. പണ്ടെന്നോ മധുര നാരങ്ങയെപ്പറ്റി ഒരു കവിത കെട്ടിയിരുന്നു. അവസാനം തിന്ന അല്ലിയുമായി പുതുതായ് തിന്നുന്ന നാരങ്ങയുടെ അല്ലി സ്ഥാപിക്കുന്ന ബന്ധത്തെപ്പറ്റി. ഇത് അങ്ങനെയായിരുന്നില്ല. അസംബന്ധങ്ങളെ മറികടക്കണമെങ്കിൽ മനുഷ്യകുലത്തിലെ ആദ്യത്തെ ആൾ ആദ്യമായി തിന്നുന്ന ചക്കപോലെ വേണമായിരുന്നു. എൻ്റെ നാവ് ആ രുചി അറിഞ്ഞു. സ്നേഹത്തിൻ്റെ ഒരു കടൽ അതിൻ്റെ ആദ്യ തിരകൊണ്ട് തൊടും പോലെ തോന്നി. ഒരു കൈത്തലത്തിൻ്റെ അപാര സാന്ത്വനം. ഞാനൊറ്റക്കല്ലെന്ന് ഈ ചക്ക എന്നെ പഠിപ്പിച്ചിരിക്കുന്നു. ജീവിതാവസാനം വരെ.

മുള്ളുകളുടെ പടലം വേർപെടുത്തിയപ്പോൾ ഉറഞ്ഞു പോയ ദീപങ്ങൾ പോലെ ചുളകൾ പ്രകാശിച്ചു
പി എൻ ഗോപീകൃഷ്ണൻ

പുറത്ത് വന്ന് ഞാൻ ആകാശത്തെ നോക്കി. കടപുഴകി വീഴുമോ എന്ന് ഞാൻ എന്നും പേടിച്ചിരുന്ന പ്രപഞ്ച വൃക്ഷം അതാ നേരെയിരിക്കുന്നു. ആ ചില്ലകളിൽ നിന്ന് നക്ഷത്രങ്ങൾ നിതാന്തമായ ഉറപ്പ് തരുന്നു. ആ വൃക്ഷം വേരാഴ്ത്തിയത് നമ്മുടെ മണ്ണിൽ തന്നെയാണ് എന്ന് പാദങ്ങൾക്ക് മനസ്സിലായി. ഓരോ ചക്കയും രുചി ചരിത്രത്തിൻ്റെ യാത്രയിലെ നാഴികക്കല്ലായി എന്റെ ഉള്ളിൽ തൊട്ടു. ഒന്നുമോർക്കാതെ തിന്ന പഴയ ചക്കകളോട് എനിക്ക് സങ്കടം തോന്നി.

ഈ ചക്ക എനിക്ക് സമ്മാനിച്ചത് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ്. ആ പ്രിയപ്പെട്ട ചങ്ങാതി അറിഞ്ഞിരിക്കുമോ, ഈ കെട്ട കാലത്ത് വായിച്ച ഏറ്റവും നല്ല കവിത പോലെ എന്നെ ആവേശിച്ചു എന്ന്. ചങ്ങാതീ, ആ കൈയ്യൊന്ന് നീട്ടുമോ? തൊടുന്നത് പേടിയായ കാലത്തെ അതിൽ തൊട്ട് ഞാൻ ഒന്ന് മറികടന്നോട്ടെ.