in

അധികാരത്തിന്റെ പഴച്ചക്കയ്ക്ക് ചുറ്റും മൂളിപ്പറക്കുന്ന സ്തുതിപാഠക ഈച്ച, ജി എസ് പ്രദീപിനെ വിമർശിച്ച് പ്രമോദ് പുഴങ്കര

Pramod Puzhangara
വിദ്യാർഥികളുമായി സംവദിക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ അദ്ദേഹത്തിനൊപ്പം പങ്കെടുത്ത ജി എസ് പ്രദീപിനെ പരിഹസിച്ച് പ്രമുഖ ഇടതു നിരീക്ഷകൻ പ്രമോദ് പുഴങ്കര. മുഖ്യമന്ത്രി കടന്നു വരുന്ന പശ്ചാത്തലത്തിൽ അശ്വമേധം പ്രദീപ് നടത്തുന്ന വിശേഷണ സ്തുതികൾ അധികാരത്തിൻ്റെ പഴച്ചക്കയ്ക്ക് ചുറ്റും മൂളിപ്പറക്കുന്ന സ്തുതി പാഠക ഈച്ചയുടേതാണെന്ന് പുഴങ്കര പരിഹസിക്കുന്നു. Pramod Puzhangara 

പണ്ടത്തെ ബാലെകളിലും രാജാപാർട് നാടകങ്ങളിലുമൊക്കെയാണ് ഇത്തരം ആഗമന വിശേഷണ മുന്നറിയിപ്പുകൾ മുഴങ്ങിക്കേട്ടിട്ടുള്ളത്.
ഇത്തരം സ്തുതിഗീതങ്ങളും വാഴ്ത്തുപാട്ടുകളും തിരിച്ചറിഞ്ഞ് ഒഴിവാക്കേണ്ടത് ഇടതുപക്ഷത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടൊരു അനിവാര്യതയാണ്.ഇനിയിപ്പോ വിപ്ലവമൊന്നും വന്നില്ലെങ്കിലും ജി എസ് പ്രദീപിനെപ്പോലെയുള്ള മീഡിയോക്രിറ്റിയുടെ കാളകളി സഹിക്കാതിരിക്കാനുള്ള അവകാശമെങ്കിലും മലയാളികൾക്കുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പുഴങ്കര തൻ്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് പൂർണരൂപത്തിൽ താഴെ

മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കുന്ന ഒരു പരിപാടിയിലേക്ക് അദ്ദേഹം കടന്നുവരുന്ന ദൃശ്യം കാണാനിടയായി. എന്നാൽ അതിന്റെ പശ്ചാത്തലത്തിൽ മുഴങ്ങിക്കേട്ട അജീർണം പിടിച്ചപോലെ നടത്തിയ  വിശേഷണസ്തുതികൾ  അധികാരത്തിന്റെ അരികുകളിൽ സ്തുതിപാടലിന്റെ ഏതറ്റം വരെയും പോകുന്ന ഇത്തിൾക്കണ്ണികളെന്ന അശ്ലീലങ്ങളെ വെളിവാക്കുന്നതായിരുന്നു. അശ്വമേധം എന്നൊരു പരിപാടിയും പിന്നീടൊരു മലയാളി ഹൌസ് reality show യിലെ താമസവുമൊക്കെയായി mediocrity-യുടെ അവതാരം എന്ന് പറയാവുന്ന ജി എസ് പ്രദീപിന്റേതുപോലെയുള്ള (statutory caution  എടുക്കണമല്ലോ) ശബ്ദത്തിലാണ് ആ അജീർണഭാഷണം. പണ്ടത്തെ ബാലെകളിലും രാജാപാർട് നാടകങ്ങളിലുമൊക്കെ കേട്ടുപോയതും അത്തരം സിനിമകളിലൊക്കെ കാണാവുന്നതുമായ ഒരുതരം ആഗമന വിശേഷണ മുന്നറിയിപ്പ്.

ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് ഉറപ്പാക്കുന്നത് നിയമവാഴ്ചയും ഭരണഘടനയിൽ എഴുതിവെച്ച തുല്യതയും മാത്രമല്ല. മനുഷ്യർക്ക് തങ്ങളുടെ  സാമൂഹ്യജീവിതത്തിലും സാമൂഹ്യ-രാഷ്ട്രീയ വ്യവഹാരങ്ങളിലും തോന്നേണ്ടതും അനുഭവിക്കേണ്ടതുമായ ജനാധിപത്യ മൂല്യങ്ങൾക്കൂടിയാണ്. ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിലെ വ്യവഹാരങ്ങളിൽ അപ്രസക്തരായിപ്പോകും എന്നറിയാവുന്ന മനുഷ്യരും വിഭാഗങ്ങളും ഇത്തരത്തിലുള്ള സ്തുതിഗീതങ്ങളും വാഴ്ത്തുപാട്ടുകളും ഉടുക്കാത്ത വസ്ത്രത്തിന്റെ അഴകുവർണ്ണനയുമായി അധികാരത്തിന്റെയൊപ്പം പറ്റിക്കൂടിക്കൊണ്ടേയിരിക്കും. അതിനെ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുക എന്നത് ഇടതുപക്ഷത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടൊരു  അനിവാര്യതയാണ് എന്ന് ഓർക്കേണ്ടത് ഒരു രാഷ്ട്രീയ കടമയാണ്.

ജി. എസ്. പ്രദീപ് അശ്വമേധം അവതാരകൻ  മലയാളി ഹൌസിൽ പങ്കെടുത്തപ്പോൾ (അതിലെ കൂട്ടു താമസക്കാർ രാഹുൽ ഈശ്വറും സിന്ധു ജോയും ഒക്കെയായിരുന്നുവെന്ന് ഉൾപ്പുളകത്തോടെയല്ലാതെ ഓർക്കരുത്) താൻ സി പി എമ്മിന്റെ രാജ്യസഭാ സീറ്റിനുവേണ്ടി ശ്രമിക്കുകയാണെന്നും അതിനു സാധ്യതയുണ്ടെന്നും സിന്ധു ജോയും താനും തമ്മിൽ അതുകൊണ്ട് അത്തരത്തിൽ മത്സരമുണ്ടെന്നും പറഞ്ഞ വിദ്വാനാണ്. മനുഷ്യൻ എത്രത്തോളം അധഃപതിക്കാം! എന്തായാലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് കൂടുതൽ ഉത്തരവാദിത്തങ്ങളും രാഷ്ട്രീയ ചുമതലകളുമുള്ള സഖാവാണ്. അയാൾ പാർട്ടി ഏൽപ്പിച്ച ചുമതലയാണ് ചെയ്യുന്നത്. അതിനെ ഗോവർദ്ധനം എടുത്തുപൊക്കി പ്രളയത്തിൽ നിന്നും രക്ഷിച്ച പിതൃസ്വരൂപവും ക്യാപ്റ്റനും ഒക്കെയായി ഒരു വ്യക്തി മാഹാത്മ്യമായി ചിത്രീകരിച്ച് ആഘോഷിക്കുന്നവർക്ക് തങ്ങളുടെ ജീവിതതാത്പര്യങ്ങൾക്കനുസൃതമായ വ്യവഹാരങ്ങളിലേക്കും ചുറ്റുപാടുകളിലേക്കും ഇടതുപക്ഷത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ചുരുക്കേണ്ടതുണ്ട്. അധികാരത്തിന്റെ പഴച്ചക്കയ്ക്ക്  ചുറ്റും മൂളിപ്പറക്കുന്ന സ്തുതിപാഠക ഈച്ചകളേയും ക്യാപ്റ്റൻ സിദ്ധാന്തക്കാരെയും തിരിച്ചറിഞ്ഞൊഴിവാക്കേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ജാഗ്രതയാണ്.

ഇനിയിപ്പോ വിപ്ലവമൊന്നും വന്നില്ലെങ്കിലും ജി എസ് പ്രദീപിനെപ്പോലെയുള്ള mediocrity -യുടെ കാളകളി സഹിക്കാതിരിക്കാനുള്ള അവകാശമെങ്കിലും മലയാളികൾക്കുണ്ട്.

മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കുന്ന ഒരു പരിപാടിയിലേക്ക് അദ്ദേഹം കടന്നുവരുന്ന ദൃശ്യം കാണാനിടയായി. എന്നാൽ അതിന്റെ…

Posted by Pramod Puzhankara on Friday, February 12, 2021

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ആപ്പിളിനെ കളിയാക്കി ഇൻ്റലിൻ്റെ പരസ്യ കാമ്പെയ്‌ൻ

ഇന്ത്യൻ നഗരങ്ങളിൽ കൗമാരം കടന്ന ഭൂരിഭാഗം പേർക്കും പ്രമേഹം പിടിപെടാൻ ഇടയുണ്ടെന്ന് പഠനം