സുധാകരനെപ്പോലുള്ളവർ വെറിപൂണ്ടലറിയാൽ വിഷപ്പല്ല് പറിച്ചെടുത്ത് മുന്നോട്ട് പോകണം, പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്
Pramod Puzhankara
സുധാകരനെപ്പോലുള്ള ജാതിവെറിയുടെ കോൺഗ്രസ്സ് ഹിന്ദുത്വ അശ്ലീലങ്ങൾ വെറിപൂണ്ടലറിയാൽ ആ വിഷപ്പല്ലുകൾ പറിച്ചെടുത്തുതന്നെ കേരളം മുന്നോട്ട് പോകണമെന്ന് ഇടത് നിരീക്ഷകനും അഭിഭാഷകനുമായ പ്രമോദ് പുഴങ്കര. മുഖ്യമന്ത്രി ചെത്തുതൊഴിലാളിയുടെ കുടുംബത്തിൽ നിന്നാണെന്ന് പറഞ്ഞ് അധിക്ഷേപകരമായ പരാമർശം നടത്തിയതിനെതിരെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് കോൺഗ്രസ് നേതാവ് കെ സുധാകരനെ അദ്ദേഹം നിശിതമായി വിമർശിച്ചത്. Pramod Puzhankara
മണ്ണാൻ മജിസ്ട്രേറ്റായതുപോലെ എന്നായിരുന്നു സവർണ കുടുംബങ്ങളിലെ ഒരു ആക്ഷേപ തമാശ. ഇന്നിപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ചെത്തുതൊഴിലാളിയുടെ കുടുംബത്തിൽ നിന്നാണെന്ന് അധിക്ഷേപവും ആക്ഷേപവുമായി കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ പറയുമ്പോൾ അതിൽ ബ്രാഹ്മിണിക് ഇടത് ഇല്ലാത്തതുകൊണ്ടാകും സ്വത്വ വിദഗ്ധർ ഇറങ്ങിയിട്ടില്ല. ഏതെങ്കിലും പഞ്ചായത്തിലെ ഇടതു സ്ഥാനാർഥിയുടെ ജാതിവാലൊക്കെയാണെങ്കിൽ ഇന്ത്യയിലെ ഇടതുപക്ഷത്തെ മുഴുവൻ പ്രതിസ്ഥാനത്ത് നിർത്താമായിരുന്നു എന്ന് പുഴങ്കര പരിഹസിക്കുന്നു.
കേരള സമൂഹം അതിന്റെ ഏറ്റവും ലജ്ജാകരമായ ഒരു സവർണ ഹിന്ദു ലഹളയുടെ ശബരിമലക്കാലത്തിനു ശേഷം ഏതാണ്ട് ഉപേക്ഷിച്ച ശബരിമലയിലെ സ്ത്രീപ്രവേശന വിധി നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും പ്രശ്നമാക്കാനുള്ള കുത്സിത ശ്രമത്തിനൊപ്പമാണ് സവർണ ഹിന്ദുക്കളെയും ധനിക തറവാടി മുസ്ളീങ്ങളെയും ക്രിസ്ത്യാനികളെയുമൊക്കെ മുഖ്യമന്ത്രി ചെത്തുകാരനാണ് എന്നോർമിപ്പിക്കുന്ന കോൺഗ്രസ്സ് പരിഹാസമെന്ന് പോസ്റ്റിൽ പറയുന്നു.
ജാതിക്കോമരങ്ങളുടെ പ്രതിനിധികളായിരുന്നു എക്കാലത്തും കോൺഗ്രസ്സ് പാർടിയെന്നും ജന്മിത്വത്തിന്റെയും ജാതിവെറിയുടെയും ഹുങ്കുകളെ രാഷ്ട്രീയ സമരങ്ങളുടെ ഉറച്ച മുഷ്ടികൊണ്ട് ഇടിച്ചുതാഴ്ത്തിയാണ് കേരളത്തിൽ മനുഷ്യൻ മനുഷ്യനായി നിവർന്നുനിന്നതെന്നും ഓർമിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/pramod.puzhankara/posts/4363431437017351