asad
in

“സരിത്തും സ്വപ്നയുമൊക്കെ ഇടനിലക്കാര്‍ മാത്രം, പ്രതിഫലം പറ്റി ജോലി ചെയ്യുന്നവര്‍ “

ജനവരി മുതല്‍ ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണം കടത്തിയതായി കസ്റ്റംസിന് വിവരം കിട്ടിയിട്ടുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഇത്രയേറെ കിലോ സ്വര്‍ണം ഒരേ ചാനലില്‍ ആര്‍ക്കാണ് അയക്കാനാവുക? ഗള്‍ഫില്‍നിന്ന് തുടര്‍ച്ചയായി പാര്‍സലുകള്‍ ഡിപ്ലോമാറ്റിക് ചാനലിലൂടെ വരണമെങ്കില്‍ അതിനുള്ള ഉന്നത ബന്ധം ഊഹിക്കാവുന്നതേയുള്ളു.

ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

……………

മുപ്പതു കിലോ സ്വര്‍ണം കടത്തുന്നതാണ് കസ്റ്റംസ് തലസ്ഥാനത്തു പിടിച്ചത്. പതിനഞ്ചു കോടി രൂപ വില വരുന്ന സ്വര്‍ണം യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പാഴ്സലിന്റെ വേഷത്തിലാണ് എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. 

ജനവരി മുതല്‍ ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണം കടത്തിയതായി കസ്റ്റംസിന് വിവരം കിട്ടിയിട്ടുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഇത്രയേറെ കിലോ സ്വര്‍ണം ഒരേ ചാനലില്‍ ആര്‍ക്കാണ് അയക്കാനാവുക? ഗള്‍ഫില്‍നിന്ന് തുടര്‍ച്ചയായി പാര്‍സലുകള്‍ ഡിപ്ലോമാറ്റിക് ചാനലിലൂടെ വരണമെങ്കില്‍ അതിനുള്ള ഉന്നത ബന്ധം ഊഹിക്കാവുന്നതേയുള്ളു.

സരിത്തും സ്വപ്നയുമൊക്കെ ഇടനിലക്കാര്‍ മാത്രം. പ്രതിഫലം പറ്റി ജോലി ചെയ്യുന്നവര്‍. അവരുടെ പേരും ചിത്രവും സ്വകാര്യ ജീവിതവും തിരക്കാനും ആഘോഷിക്കാനുമുള്ള ഉത്സാഹം അവര്‍ക്കു പിറകിലെ വമ്പന്‍ സ്രാവുകള്‍ക്കു നേരെ നീളുകയില്ല. സംശയാസ്പദമായ വളര്‍ച്ചാചരിത്രമുള്ളവരെ ആശ്ലേഷിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളാണ് നമുക്കുള്ളത്.

ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് അല്ലെങ്കില്‍ പതിറ്റാണ്ടുകൊണ്ട് കോടിക്കണക്കിനു രൂപ ആസ്തിയുള്ളവരായി വളരുന്ന പുതുധനികരെ സ്ക്രീന്‍ചെയ്യാന്‍ നമുക്കു സംവിധാനമില്ല. എങ്ങനെ പണമുണ്ടാക്കിയാലും പണം അതുണ്ടാക്കിയ ഏതു തെറ്റായ പ്രവൃത്തിക്കും സാധൂകരണമാകും എന്നതാണ് നില. അത്തരക്കാരെ സാമൂഹിക നേതൃത്വത്തിലും ആദരണീയ പദവിയിലും എത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാറിനും വലിയ ഉത്സാഹമാണ്.

തെരഞ്ഞെടുപ്പുകളിലേക്കു നീങ്ങുന്ന കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണം പണം. അതിനു പിന്‍വാതില്‍ വഴി വേണം പണമൊഴുക്ക്. കോഴയും കമ്മീഷനും ഇടനില പണവും ഇല്ലാതെ അതെങ്ങനെ സാദ്ധ്യമാവും? വന്‍കിട കള്ളക്കടത്ത് – ഉദ്യോഗസ്ഥ – രാഷ്ട്രീയ അവിഹിത സഖ്യമാവണം പുറത്തു വരുന്നത്. രാജ്യാന്തരബന്ധമുള്ള ഈ കൂട്ടുകെട്ടു മറയ്ക്കാനാണ് ഇതിലുള്‍പ്പെട്ട യുവതിയുടെ സ്വകാര്യ ജീവിതം തേടിപ്പോകുന്നവര്‍ ശ്രമിക്കുന്നത്.

സാന്തിയാഗോ മാര്‍ട്ടിനും ഫാരിസ് അബൂബക്കറും യൂസഫലിയും രവിപിള്ളയും പോലെയുള്ള ധനാഢ്യരൊക്കെ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളെയും ഭരണ സംവിധാനങ്ങളെയും നിയന്ത്രിക്കാന്‍ ശേഷിയുള്ളവരാണ്. ലാവ്ലിനും കെ പി എം ജിയും സ്പ്രിംഗ്ളറും പ്രൈസ് വാട്ടര്‍ കൂപ്പറുമെല്ലാം എത്രമേല്‍ കരിമ്പട്ടികയില്‍ പെട്ടാലും നമ്മുടെ ഭരണ നേതൃത്വങ്ങള്‍ക്ക് പ്രിയങ്കരമാണ്. സാംസ്കാരികവും ധാര്‍മികവുമായ ഈ ജീര്‍ണതയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ, അഥവാ ജനാധിപത്യ സംവിധാനങ്ങളുടെ കേന്ദ്രത്തെ സംശയമുനമ്പില്‍ എത്തിച്ചിരിക്കുന്നത്.

ലജ്ജിച്ചു തലതാഴ്ത്തണം ജനാധിപത്യകേരളം. ഇടനിലക്കാരുടെ ഛായാപടങ്ങളില്‍ അഭിരമിക്കുന്ന വൈകൃതങ്ങള്‍ക്ക് സ്വയം പഴിക്കണം. പിറകിലുള്ള അധികാരശക്തി ഏതെന്നു തിരിച്ചറിയാനും വിരല്‍ ചൂണ്ടാനും ത്രാണിയുണ്ടാവണം. നീയോ ഞാനോ വലിയ കള്ളന്‍ എന്ന ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ അശ്ലീല മത്സരങ്ങളെ നിലയ്ക്കു നിര്‍ത്തണം. ജനങ്ങളുണരണം. കേരളം ആത്മശക്തി വീണ്ടെടുക്കണം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Mahabharatham

“മഹാഭാരതയുദ്ധം 18 ദിവസമേ നീണ്ടുനിന്നുള്ളൂ. എന്നാൽ 100 ദിവസം പിന്നിട്ടിട്ടും കോവിഡിനെതിരായ യുദ്ധം തുടരുകയാണ്” 

work from home

നിങ്ങൾ  വീട്ടിൽ  ഇരുന്ന്  ജോലി ചെയ്യുന്നവരാണോ ? എങ്കിൽ  ഇതാ  ചില ആരോഗ്യകരമായ ഭക്ഷണക്രമം