in

ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര

കൊവിഡ്-19-ന് കാരണമായ സാർസ്- കോവ്- 2 ( SARS-COV-2  ) ഒരു ആർഎൻഎ വൈറസ് ആണ്. സാർസ്- കോവ്- 2 പോലുള്ള ആർഎൻഎ വൈറസുകൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളിലും കാണപ്പെടുന്ന പോളിമെറിക് വസ്തുവാണ് ആർഎൻഎ. ജീവികളുടെ നിലനിൽപ്പിന് അത്യാവശ്യമായ ജനിതക വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മൂക്ക് അല്ലെങ്കിൽ തൊണ്ടയിൽ നിന്ന് ശേഖരിക്കുന്ന സ്രവത്തിൽ വൈറസിന്റെ ആർഎൻഎ ഉണ്ടോയെന്ന് കണ്ടെത്തുന്നത് രോഗം സ്ഥിരീകരിക്കുന്നതിലെ നിർണ്ണായക ഘട്ടമാണ്.

ശേഖരിച്ച സ്രവം നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ലബോറട്ടറിയിൽ എത്തിക്കുന്നു. ഇവിടെ വച്ച് സാർസ്-കോവ്-2-ന്റെ ആർഎൻഎ വേർതിരിച്ചെടുത്ത് അതിനെ ഡിഎൻഎ-യാക്കി മാറ്റി പിസിആർ അല്ലെങ്കിൽ ലാംപ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആംപ്ലിഫൈ ചെയ്യുന്നു. പ്രത്യേക ഡിഎൻഎ ഭാഗത്തിന്റെ സാന്നിധ്യം നിശ്ചിത അളവിലുണ്ടെങ്കിൽ കൊവിഡ്-19 സ്ഥിരീകരിക്കുന്നു.സ്രവങ്ങളിൽ നിന്ന് ആർഎൻഎ വേർതിരിക്കുന്നതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റ് ആണ് ചിത്ര മാഗ്ന.

രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ നിന്ന് ആർഎൻഎ പിടിച്ചെടുക്കുന്നതിനും കേന്ദ്രീകരിക്കുന്നതിനുമായി ( Concentrate  ) കാന്തിക ( Magnetic  ) നാനോപാർട്ടിക്കിളുകൾ ഉപയോഗിക്കുന്നു. വിപണിയിൽ ലഭ്യമായ മറ്റ് ആർഎൻഎ വേർതിരിക്കൽ കിറ്റുകളുമായി താരതമ്യം ചെയ്ത് നടത്തിയ പരീക്ഷണങ്ങളിൽ ഇതുവഴി ലഭിക്കുന്ന ആർഎൻഎ കേന്ദ്രീകരണം 6-7 മടങ്ങ് കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. രോഗികളിൽ നിന്നുള്ള സ്രവം ശേഖരിച്ച് സൂക്ഷിക്കുമ്പോഴും ലാബിലേക്ക് കൊണ്ടുപോകുമ്പോഴും ചില വൈറസുകളുടെ ആർഎൻഎ വിഘടിച്ച് പോകാറുണ്ട്. ഇങ്ങനെയുള്ള ആർഎൻഎ-യും പിടിച്ചെടുക്കാൻ മാഗ്നറ്റിക് ബീഡ് അടിസ്ഥാന സാങ്കേതിക വിദ്യക്ക് കഴിയും. ഇത് ചിത്ര മാഗ്നയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. കാന്തിക സൂക്ഷ്മകണങ്ങൾ ( Magnetic Nanoparticles  )െ വൈറസിലെ ആർഎൻഎ-യെ പൊതിയുകയും കാന്തിക മണ്ഡലത്തിലേക്ക് കൊണ്ടുവരുമ്പോൾ വൻതോതിൽ അവയെ കേന്ദ്രീകരിക്കുകയും ചെയ്യും.

ആവശ്യമായ അളവിൽ നിർണ്ണായക ഡിഎൻഎ കിട്ടുന്നതിനെ ആശ്രയിച്ചിരിക്കും പിസിആർ, ലാംപ് ടെസ്റ്റുകളുടെ ഫലം. അതുകൊണ്ട് തന്നെ ഈ കണ്ടുപിടുത്തം രോഗിബാധിതരെ കണ്ടെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കിറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നതിനെക്കാൾ ലളിതമായ സാങ്കേതിവിദ്യയാണ് ചിത്ര മാഗ്നയിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേറ്റന്റിനായി ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.

ലാംപ് ടെസ്റ്റിന് മാത്രമല്ല ആർടി-പിസിആർ പരിശോധനയ്ക്ക് ആവശ്യമുള്ള മികച്ച നിലവാരമുള്ള ആർഎൻഎ-ക്ക് വേണ്ടിയും ചിത്ര മാഗ്ന ഉപയോഗിക്കാം. പിസിആർ, ലാംപ് ടെസ്റ്റുകളുടെ പരിശോധനാഫലം കൃത്യമാകണമെങ്കിൽ മികച്ച ഗുണമേന്മയും സാന്ദ്രതയുമുള്ള ആർഎൻഎ വേർതിരിച്ചെടുക്കാൻ കഴിയണം. ഏതാനും ചില ഇന്ത്യൻ കമ്പനികളെ മാറ്റിനിർത്തിയാൽ രാജ്യത്ത് ഉപയോഗിക്കുകന്ന ഭൂരിഭാഗം ആർഎൻഎ വേർതിരിക്കൽ കിറ്റുകളും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയുടെ ലഭ്യതക്കുറവ് വൻതോതിൽ ആർടി-പിസിആർ പരിശോധന നടത്തുന്നതിന് തടസ്സമാകുന്നുണ്ട്.

ചിത്ര മാഗ്നയുടെ സാങ്കേതികവിദ്യ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സിന് കൈമാറി. സാർസ്-കോവ്-2 വൈറസിലെ എൻ ജീനിനെ കണ്ടെത്തി കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള ആർടി ലാംപ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ചിത്ര ജീൻലാംപ്-എൻ സാങ്കേതികവിദ്യ നേരത്തേ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സിന് കൈമാറിയിരുന്നു. ഈ പരിശോധന 100 ശതമാനം കൃത്യതയുളളതാണെന്ന് എൻഐവിയിൽ നടന്ന പരിശോധനയിൽ കണ്ടെത്തി. ഈ ടെസ്റ്റ് കിറ്റ് ഐസിഎംആർ വലിയൊരു സാമ്പിളിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഐസിഎംആറിന്റെ അനുമതിയും ഡിസിജിഐ ലൈസൻസും ലഭിച്ചാൽ വ്യാവസായികാടിസ്ഥാനത്തിൽ കിറ്റിന്റെ നിർമ്മാണം ആരംഭിക്കും. ചിത്ര ജീൻലാംപ്-എൻ വികസിപ്പിച്ചെടുത്ത ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ചിത്ര മാഗ്നയും വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചിത്രയുടെ സാങ്കേതികവിദ്യാ കൈമാറ്റങ്ങൾ നോൺ- എക്‌സ്‌ക്ലൂസീവ് ആണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വിജയ്‌യുടെ മകന്‍ വിജയ്‌ സേതുപതി ചിത്രത്തില്‍ നായകനാകുമെന്നു റിപ്പോര്‍ട്ട്‌

ലോക്ക്ഡൌണില്‍ നാല്‍പ്പത്തിയേഴാം പിറന്നാള്‍: ആഘോഷങ്ങള്‍ ഒഴിവാക്കി സച്ചിന്‍