KSUM
in

കൊവിഡ് പ്രതിരോധിക്കാന്‍ നൂതനാശയങ്ങളുമായി വിദ്യാര്‍ത്ഥികള്‍ 

ksum

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഇനോവേഷന്‍സ് അണ്‍ലോക്ഡ് എന്ന പരിപാടിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്  മാസ്ക് വെന്‍ഡിംഗ് മെഷീന്‍ മുതല്‍ കൊവിഡ് രോഗം കണ്ടെത്തുന്നതിനുള്ള സോഫ്റ്റ്വെയര്‍ വരെയുള്ള ഉത്പന്നങ്ങള്‍. ksum


ലോക്ഡൗണ്‍ കാലത്ത് കൊവിഡ് പ്രതിരോധത്തിനായി കണ്ടുപിടിച്ച നൂതനാശയങ്ങളും മാതൃകകളുമാണ് ഈ വെര്‍ച്വല്‍ പരിപാടിയില്‍ അവതരിപ്പിച്ചത്. മുന്നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 150 ല്‍ പരം ആശയങ്ങളും മാതൃകകളുമാണ് പരിപാടിയില്‍ അവതരിപ്പിച്ചത്. ഇതില്‍ 21 മാതൃകകളെ സ്റ്റാര്‍ട്ടപ്പ് മിഷന്‍  പ്രാഥമിക വിലയിരുത്തലിനു ശേഷം തെരഞ്ഞെടുത്തു.

രാജ്യത്ത് ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കൊവിഡ് പശ്ചാത്തലമാക്കി നൂതനാശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്ന വെര്‍ച്വല്‍ എക്സ്പോ സംഘടിപ്പിക്കുന്നത്. വാധ്വാനി ഫൗണ്ടേഷന്‍, ടിസിഎസ് ഡിസ്ക് എന്നിവരാണ് പരിപാടിയുടെ ഭാഗമായി നടന്ന നൂതനാശയരംഗത്തെ മാസ്റ്റര്‍ ക്ലാസ് സെഷനുകള്‍ കൈകാര്യം ചെയ്തത്.

അടിയന്തര ചികിത്സാ ഉപകരണങ്ങള്‍, ആള്‍ക്കൂട്ട നിയന്ത്രണം, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള സമ്പര്‍ക്കരഹിത ഉപകരണങ്ങള്‍, വലിയ ഇടങ്ങള്‍ സാനിറ്റൈസ് ചെയ്യാനുള്ള സാങ്കേതിക വിദ്യ, പരിശോധനാ ഉപകരണങ്ങള്‍, പിപിഇ എന്നിവയിലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ നൂതനാശയങ്ങളും ഉപകരണങ്ങളും അവതരിപ്പിച്ചത്. 

സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥി സംഘങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പുറമെ ജിവിഎച്എസ്എസ് മടപ്പള്ളി, ജിഎച്എസ്എസ് മീനങ്ങാടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഉത്പന്നങ്ങളും ഇവയില്‍ പെടും.

ഇവര്‍ക്ക് തങ്ങളുടെ സംരംഭകത്വം വികസിപ്പിച്ചെടുക്കുതിനു വേണ്ടി വിവിധ പരിശീലന കളരികള്‍, ആശയവിനിമയപരിപാടികള്‍ എന്നിവയ്ക്കു പുറമെ കോര്‍പറേറ്റുകളുടെ സഹകരണത്തോടെ  പ്രി-ഇന്‍കുബേഷന്‍ സംവിധാനവും ഒരുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംരംഭകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി ഉഷ ടൈറ്റസ് ഇനോവേഷന്‍സ് അണ്‍ലോക്ഡ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ ശൈശവ ദശയില്‍ തന്നെ ഇല്ലാതാക്കപ്പെടുകയാണെന്നും  സാങ്കേതിക വിദ്യാഭ്യാസത്തില്‍ കുട്ടികളുടെ കഴിവ് വിലയിരുത്തുന്നതില്‍ ഉടച്ചു വാര്‍ക്കലുകള്‍ വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രതിസന്ധികളാണ് നൂതന കണ്ടുപിടുത്തങ്ങളുടെ വിളനിലം. സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ലാന്‍ഡ് സ്കേപ്പിംഗില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയാല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. നൂതനാശയങ്ങളുടെ സംഗ്രഹവും ശ്രീമതി ഉഷ ടൈറ്റസ് പുറത്തിറക്കി.

കൊവിഡ് പ്രതിസന്ധി ദൈനംദിന ജീവിതത്തെ തന്നെ മാറ്റി മറിച്ച സാഹചര്യമാണ് നിലവിലുള്ളതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളും മറ്റ് യുവ സംരംഭകരും തയ്യാറാകണം. മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ള വലിയൊരു വിഭാഗം മലയാളികള്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയിട്ടുണ്ട്. ഇവരുമായി കൈകോര്‍ക്കാനായാല്‍ നൂതനാശയങ്ങള്‍ കൈമുതലായുള്ളവര്‍ക്ക് വലിയ അവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കണ്ടുപിടുത്തങ്ങളും ആശയങ്ങളുമാണ് വര്‍ത്തമാനകാലത്തിനാവശ്യമെന്ന് എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. രാജശ്രീ എം എസ് പറഞ്ഞു. കാലത്തിനനുസരിച്ച് വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊളളാന്‍ കഴിയുന്നതാകണം ഇവ. സോഫ്റ്റ്വെയര്‍ വികസനത്തോടൊപ്പം ഹാര്‍ഡ്വെയര്‍ വികസനം കൂടി നൂതന സംരംഭകര്‍ മനസില്‍ വയ്ക്കണമെന്നും അവര്‍ പറഞ്ഞു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

differently abled

ഭിന്നശേഷിക്കാര്‍ക്ക് തുടര്‍ പരിശീലനം ഉറപ്പാക്കാന്‍ വീട്ടില്‍ ഒരു വിദ്യാലയം

നടക്കാം അര മണിക്കൂർ സുഖമായിരിക്കാം എന്നെന്നും