in

ഡൽഹി – ലക്നൗ റൂട്ടിലെ തേജസ് എക്സ്പ്രസ് ഇന്ത്യൻ റെയിൽവേയിലെ ആദ്യ ‘പ്രൈവറ്റ്’ ട്രെയിൻ ആവും

ഘട്ടം ഘട്ടമായ റെയിൽവേ സ്വകാര്യവൽക്കരണ നീക്കങ്ങൾക്ക് കേന്ദ്രസർക്കാർ ശ്രമം നടത്തുന്നതിനിടെ ഇതിനായി ആദ്യം തിരഞ്ഞെടുക്കുന്ന ട്രെയിൻ തേജസ് എക്സ്പ്രസ് ആയിരിക്കും എന്ന് ദേശീയ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനയാത്രക്ക് തുല്യമായ അത്യാധുനിക സുഖസൗകര്യങ്ങളുള്ള ലക്ഷ്വറി തീവണ്ടിയാണ് തേജസ് എക്സ്പ്രസ്. ഡൽഹി-ലക്നൗ റൂട്ടിലാണ് തേജസ് ഓടുന്നത്. 

വിമാനത്തിലേതുപോലെ ഒട്ടേറെ ആധുനിക സൗകര്യങ്ങളാണ് തേജസ് എക്സ്പ്രസിലുള്ളത്.  സീറ്റിനോട് ചേർന്നുള്ള എൽ  സി ഡി  സ്‌ക്രീൻ, ഫ്രീ വൈ ഫൈ, മൊബൈൽ ചാർജ് പോയിന്റുകൾ, വായനാ സുഖത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന ലൈറ്റുകൾ, ബയോ ടോയ്‌ലറ്റുകൾ, ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ആകർഷകമായ സീറ്റുകൾ, ഓട്ടോമാറ്റിക് ആയി താഴ്ത്താനും ഉയർത്താനും കഴിയുന്ന വെനീഷ്യൻ ബ്ലൈൻഡുകൾ, അറ്റെൻഡന്റുമാരെ വിളിച്ചുവരുത്താനുള്ള കോളിങ്‌ ബട്ടനുകൾ, ചുമരെഴുത്തുകൾ സാധ്യമല്ലാത്ത ആന്റി ഗ്രാഫിറ്റി വിനൈൽ കവറിംഗുകൾ, വൃത്തിയുള്ളതും ഉന്നത നിലവാരമുള്ളതുമായ പാൻട്രി, തീപിടുത്തം ഉണ്ടായാൽ ഉടനടി അണയ്ക്കാനുള്ള സംവിധാനം,എൽ ഇ ഡി ലൈറ്റുകൾ, സി സി ടി വി സുരക്ഷ, പൊടിയും മാലിന്യങ്ങളും ഇല്ലാത്ത വോക്ക് വേകൾ, കോച്ചുകൾക്കിടയിൽ ഓട്ടോമാറ്റിക് ഇന്റർകണക്റ്റിംഗ് ഡോറുകൾ, ഓട്ടോമാറ്റിക് എൻട്രിയും എക്സിറ്റും തുടങ്ങി തേജസ് എക്സ്പ്രസിലെ യാത്ര വിമാനത്തിലേതിന് തുല്യമാണ്. 

ആദ്യ നടപടി എന്ന നിലയിൽ ഐ ആർ സി ടി സിക്ക് രണ്ടു ട്രെയിനുകൾ ഹോളേജ്‌ അടിസ്ഥാനത്തിൽ കൈമാറും. ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിങ് കേറ്ററിംഗ് വിഭാഗമാണ് ഐ ആർ സി ടി സി. കൈമാറ്റം ചെയ്യുന്ന തീവണ്ടികളിലെ ഓൺബോർഡ് സേവനങ്ങളും ടിക്കറ്റിംഗും ഐ ആർ സി ടി സിയുടെ ചുമതലയിലായിരിക്കും. ഇതിൽ നിന്നുള്ള വാർഷിക ലീസ് ഇന്ത്യൻ റെയിൽവേ ഫിനാൻഷ്യൽ കോർപറേഷന് ലഭിക്കും. പിന്നീട് ടെണ്ടർ നടപടികളിലൂടെ ഓൺബോർഡ് സേവനങ്ങൾ മുഴുവനായി  സ്വകാര്യ കമ്പനിക്കു കൈമാറും. അഞ്ഞൂറ് കിലോമീറ്ററിൽ താഴെ ദൂരപരിധിയുള്ള തിരക്ക് കുറഞ്ഞ, ടൂറിസ്റ്റ് സാധ്യതകളുള്ള റൂട്ടുകളാണ് ഇതിനായി തിരഞ്ഞെടുക്കുക. 

ഘട്ടം ഘട്ടമായി റെയിൽവേയെ സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഇതിനായി നൂറുദിന റോഡ്മാപ്പും തയ്യാറാക്കുന്നുണ്ട്. പാസഞ്ചർ ട്രെയിൻ മേഖലയിൽ ലോകോത്തര നിലവാരമുള്ള സേവനം കൊണ്ടുവരും എന്നാണ് ഇതിനായി സർക്കാർ പറയുന്ന ന്യായം. എന്നാൽ ഇടതുപക്ഷം അടക്കം കേന്ദ്രസർക്കാർ നീക്കത്തെ ശക്തിയായി ചെറുക്കാൻ  ഇടയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള ശ്രമങ്ങൾക്കെതിരെ ഇടത് പാർട്ടികൾ നേരത്തേ തന്നെ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായി സഹകരണം ശക്തിപ്പെടുത്താൻ കേരളം 

നൂതന യാത്രാ പാക്കേജുകള്‍ അവതരിപ്പിച്ച് ടൂർ ഫെഡ്