in ,

അങ്ങനെ ആ മാവ് ഈ തേൻമാവായി” – ലോക പരിസ്ഥിതി ദിനത്തിൽ ബഷീറിൻ്റെ തേന്മാവ് എന്ന കഥ വായിക്കാം

ലോക പരിസ്ഥിതി ദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ ഓർക്കുകയാണ് സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ  നൗഷാദ് കൂനിയിൽ.

മരങ്ങളെയും പാമ്പുകളെയും കുറുക്കന്മാരെയും കിളികളെയുമൊക്കെ സ്നേഹിച്ച, അവയെ ഭൂമിയുടെ നേരവകാശികളായി കണ്ട ബഷീർ, മനുഷ്യനെ അവയ്ക്കൊപ്പം സമനിലയിൽ നിർത്തി. പ്രകൃതിയില്ലാതെ മനുഷ്യനില്ലെന്ന് ശഠിച്ചു. പ്രകൃതിക്കും പരിസ്ഥിതിക്കും  മനുഷ്യൻ വരുത്തിവെയ്ക്കുന്ന നാശം  മനുഷ്യൻ്റെതന്നെ വംശനാശത്തിന് വഴിയൊരുക്കുമെന്ന് ഉറച്ചു വിശ്വസിച്ചു. ബേപ്പൂരിലെ മാങ്കോസ്റ്റിൻ മരച്ചോട്ടിലിരുന്ന് പ്രകൃതിയിലേക്ക് കണ്ണയച്ച്, പ്രപഞ്ചത്തിൻ്റെ മനസ്സു വായിച്ച ബഷീറിനെ ഈ അവസരത്തിൽ നമുക്കും ഓർക്കാം. ബഷീറിൻ്റെ തേന്മാവ് എന്ന കഥയെപ്പറ്റിയാണ് എഴുത്തുകാരൻ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. പ്രകൃതിയുടെ അതിജീ ‘വന’ ത്തിന് മരം നടുകയും വളർത്തുകയും ചെയ്യണമെന്ന സന്ദേശം ഏറെ മനോഹരമായാണ് ബഷീർ വായനക്കാരിലേക്ക് സംവേദനം ചെയ്യുന്നതെന്ന് നൗഷാദ് പറയുന്നു.

പോസ്റ്റ് പൂർണരൂപത്തിൽ

…………….

ഇന്ന് ലോക പരിസ്ഥിതി ദിനം. മനുഷ്യനോടൊപ്പം മരങ്ങളെയും പാമ്പുകളെയും കുറുക്കന്മാരെയും കിളികളെയുമൊക്കെ സ്നേഹിച്ച കഥയുടെ സുൽത്താൻ ബഷീറിന്റെ, ‘തേന്മാവ്’ എന്ന, തേൻമാമ്പഴത്തോളം ഹൃദ്യമായ കഥ ഓർക്കാതെ വയ്യ. 

പ്രകൃതിയുടെ അതിജീ’വന’ത്തിന് മരം നടുകയും വളർത്തുകയും ചെയ്യണമെന്ന സന്ദേശം എത്ര സുന്ദരമായിട്ടാണ് പ്രിയപ്പെട്ട ബഷീർ വായനക്കാരിലേക്ക് സംവേദനം ചെയ്യുന്നത്!

“ഈ തേൻമാവിനോട് എനിക്കു പ്രത്യേക സ്നേഹമുണ്ട്. എന്റെ ഭാര്യ അസ്മായ്ക്കുമുണ്ട് സ്നേഹം. അതിമഹത്തായ ഒരു പ്രവൃത്തിയുടെ അടയാളമാണ് ഈ തേൻമാവ്. അതു ഞാൻ വിശദമാക്കാം.  

പറയുന്നത് റഷീദ്. അപ്പോൾ അവർ മാവിൻചുവട്ടിലാണു നിൽക്കുന്നത്. ധാരാളം മാങ്ങയുണ്ട്. മാവിൻചുവട്ടിൽ വളരെ വീതിയിൽ വൃത്തത്തിൽ വെള്ളമണൽ വിരിച്ചിരിക്കുന്നു. അതിനുചുറ്റും രണ്ടുവരിയിൽ കല്ലുകെട്ടിച്ച് സിമന്റിട്ട് അതിൽ വൃത്തത്തിൽ റോസാച്ചെടികൾ പിടിപ്പിച്ചിരിക്കുന്നു.

പലനിറങ്ങളിലുള്ള ധാരാളം പൂക്കളുണ്ട്. റഷീദിനൊപ്പം ഭാര്യ അസ്മയുണ്ട്. അവർ അടുത്ത സ്കൂളിലെ അധ്യാപകരാണ്. അവർക്കൊരു മോനുണ്ട്. റഷീദിന്റെ ഭാര്യ മാമ്പഴം ചെത്തിപ്പൂളി പത്തുപതിനാറു വയസ്സായ മകന്റെ കയ്യിൽ പ്ലേറ്റിൽ കൊടുത്തയച്ചു. തേൻ പോലെ മധുരം.  

‘ഇതു തിന്നുമ്പോൾ അത്ഭുതം തോന്നുന്നു. കാരണം ഇതിനു പിന്നിൽ ഒരു കഥയുണ്ട്’. റഷീദ് ആ കഥ പറയാൻ തുടങ്ങി; തേൻമാവിന്റെ കഥ:

എന്റെ അനുജൻ പൊലീസ് ഇൻസ്പെക്ടറാണ്- റഷീദ് പറയുകയാണ്‌, ഒരു പട്ടണത്തിലായിരുന്നു അവന് ഉദ്യോഗം. ഞാൻ അനുജനെ കാണാൻ പോയി. അവന്റെ കൂടെ താമസിച്ചു. വലിയ പട്ടണമൊന്നുമല്ല. എങ്കിലും ഞാനൊന്നു ചുറ്റിക്കറങ്ങാനിറങ്ങി.

നല്ല വേനൽക്കാലം. വെള്ളത്തിനു ക്ഷാമമുണ്ടായിരുന്നു. ഞാനങ്ങനെ നടക്കുമ്പോൾ ഒരു ഇടവഴിയിൽ വൃക്ഷത്തണലിൽ അവശനായി ഒരു വൃദ്ധൻ കിടക്കുന്നു. താടിയും മുടിയും നീട്ടിയിട്ടുണ്ട്. എൺപതു വയസ്സു തോന്നിക്കും. തീരെ അവശനായി മരിക്കാറായ മട്ടാണ്. എന്നെ കണ്ടയുടനെ ‘അൽ ഹംദുലില്ലാ, മക്കളെ വെള്ളം’ എന്നു പറഞ്ഞു.  

ഞാൻ അടുത്തുകണ്ട വീട്ടിൽ കയറിച്ചെന്ന് വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന യുവതിയോടു വെള്ളം വേണമെന്നു പറഞ്ഞു. അവർ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്നുതന്നു. ഞാൻ അതുംകൊണ്ടു നടന്നപ്പോൾ യുവതി എങ്ങോട്ടാണു പോകുന്നതെന്നു ചോദിച്ചു. വഴിയിൽ ഒരാൾ കിടപ്പുണ്ട്. അദ്ദേഹത്തിനു കുടിക്കാനാണെന്നു പറഞ്ഞു. യുവതിയും എന്റെകൂടെ വന്നു. വെള്ളം വൃദ്ധനു കൊടുത്തു.

അയാൾ എണീറ്റിരുന്നു, എന്നിട്ട് അത്ഭുതകരമായ ഒരു പ്രവൃത്തി ചെയ്തു. റോഡരികിൽ വാടിത്തളർന്നുനിന്ന തൈമാവിന്റെ ചുവട്ടിൽ പകുതിവെള്ളം ബിസ്മി ചൊല്ലി ഒഴിച്ചു. മാങ്ങ തിന്നു വഴിപ്പോക്കരിലാരോ വലിച്ചെറിഞ്ഞതു കിളിച്ചതാണ്. അതു കിളിർത്തു. വേര് അധികവും മണ്ണിനു മീതെ. വൃദ്ധൻ വന്നു വൃക്ഷത്തണലിൽ ഇരുന്നിട്ടു  ബാക്കി വെള്ളം ബിസ്മി ചൊല്ലി കുടിച്ചിട്ട് ‘അൽ ഹംദുലില്ലാ’ എന്നു ദൈവത്തിനു സ്തുതി പറഞ്ഞിട്ടു പറഞ്ഞു: എന്റെ പേര് യൂസുഫ് സിദ്ദീഖ്. വയസ്സ് എൺപതു കഴിഞ്ഞു. ഉറ്റവരായി ആരുമില്ല. ഫക്കീറായി ലോകം ചുറ്റുകയായിരുന്നു. ഞാൻ മരിക്കാൻ പോകുകയാണ്. നിങ്ങൾ രണ്ടുപേരുടെയും പേരെന്ത് ? 

ഞാൻ പറഞ്ഞു: എന്റെ പേര് റഷീദ്. സ്കൂൾ അധ്യാപകനാണ്. യുവതി പറഞ്ഞു: എന്റെ പേര് അസ്മാ. സ്കൂൾ അധ്യാപികയാണ്.

‘നമ്മളെ എല്ലാം അല്ലാഹ് അനുഗ്രഹിക്കട്ടെ’, എന്നും പറഞ്ഞു വൃദ്ധൻ കിടന്നു. ഞങ്ങളുടെ കൺമുന്നിൽവച്ചു യൂസുഫ് സിദ്ദീഖ് മരിച്ചു. അസ്മായെ അവിടെ നിർത്തിയിട്ടു ഞാൻ ചെന്ന് അനുജനോടു വിവരം പറഞ്ഞു. ഒരു വാൻ കൊണ്ടുവന്നു. മൃതദേഹം പള്ളിയിൽ കൊണ്ടുപോയി കുളിപ്പിച്ചു.  

പുതുവസ്ത്രത്തിൽ പൊതിഞ്ഞു കബറടക്കി. വൃദ്ധന്റെ സഞ്ചിയിൽ ആറു രൂപയുണ്ടായിരുന്നു. ഞാനും അസ്മായും അയ്യഞ്ചു രൂപാ കൂടിച്ചേർത്തു മിഠായി വാങ്ങിച്ച് സ്കൂൾകുട്ടികൾക്കു കൊടുക്കാൻ അസ്മായെ ഏൽപിച്ചു. 

അസ്മായെ ഞാൻ പിന്നീടു വിവാഹം ചെയ്തു. മാവിന് അസ്മാ വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. ഞാനീ വീടു പണിയിച്ചു താമസമാക്കുന്നതിനുമുമ്പ് ആ തൈമാവിന്റെ വേരു പൊട്ടിക്കാതെ ഒരു ചാക്കുകഷണത്തിൽ മണ്ണിട്ട് ഞാനും അസ്മായും കൂടി മാവു പറിച്ചുകെട്ടി വെള്ളമൊഴിച്ചു. പിന്നീട് അതിവിടെ കൊണ്ടുവന്നു ഞാനും അസ്മായും കൂടി കുഴികുത്തി ഉണക്കച്ചാണകവും ചാരവും ഇട്ടു കുഴിച്ചുനിർത്തി വെള്ളം ഒഴിച്ചു. പുതിയ ഇലകൾ വന്നു ജോറായപ്പോൾ എല്ലുപൊടിയും പച്ചിലവളവും ചേർത്തു. അങ്ങനെ ആ മാവ് ഈ തേൻമാവായി.  

ബഷീർ കഥ കേട്ടു. ആ മനോഹര സംഭവം അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. അദ്ദേഹം റഷീദിന്റെ വീട്ടിൽനിന്നു തിരിച്ചുനടക്കുകയാണ്. അപ്പോൾ പിറകെ വിളിച്ചു. ബഷീർ തിരിഞ്ഞുനിന്നു.  

റഷീദിന്റെ മകൻ നാലു മാമ്പഴം ഒരു കടലാസിൽ പൊതിഞ്ഞുകൊണ്ടുവന്നു തന്നിട്ടു പറഞ്ഞു:  

‘ഭാര്യക്കും മക്കൾക്കും കൊടുക്കാൻ പറഞ്ഞു’ 

‘മോൻ പഠിക്കുന്നുണ്ടോ ?. 

‘കോളജിൽ പഠിക്കുന്നു’

 ‘പേരെന്താ?’ 

‘യൂസുഫ് സിദ്ദീഖ് ’ 

‘യുസുഫ് സിദ്ദീഖ് ? ’ 

അതേ, യൂസുഫ് സിദ്ദീഖ്’ “

ഫോട്ടോ കടപ്പാട്: ബകുൾ ഗീത്

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

ജൂൺ അഞ്ചിന് മാത്രമുള്ള സർക്കാറിൻ്റെ പരിസ്ഥിതി സ്നേഹം കാപട്യമാണ്