Movie prime

ഭാഷയില്‍ യുദ്ധമാരംഭിച്ചിരിക്കുന്നു

ഫേസ്ബുക്ക് പ്രതികരണങ്ങള് മുതല് ചാനല് ചര്ച്ചകള്വരെ പകയുടെയും സംഘര്ഷത്തിന്റെയും ഭാഷയിലാകുന്ന ദുര്യോഗത്തെപ്പറ്റി ഡോ. ആസാദ് രോഗം നമ്മെ ശാന്തരാക്കിയിട്ടില്ല. സ്നേഹമോ സഹിഷ്ണുതയോ കാരുണ്യമോ പകര്ന്നില്ല. വാസ്തവത്തില് നാം സ്നേഹവും, അനുഭാവവുമുള്ളവരാണ്. അതു നമ്മുടെ സ്വന്തം ജാതിയിലോ മതത്തിലോ വര്ഗത്തിലോ രാഷ്ട്രീയ കക്ഷിയിലോ ഉള്ളവരോടു മാത്രമാണ്. പുറത്താരെയും സംശയത്തോടെ മാത്രമേ കാണൂ. പരദ്വേഷത്തിന്റെ തീയാണ് ആളുന്നത്. ഫെയ്സ്ബുക് പ്രതികരണങ്ങള് മുതല് ചാനല് ചര്ച്ചകള്വരെ പകയുടെയും സംഘര്ഷത്തിന്റെയും ഭാഷയിലാണ്. തേച്ചൊട്ടിക്കലും കണക്കു തീര്ക്കലും നിറഞ്ഞാടുന്നു. ഭാഷ സ്നേഹരഹിതമായി. മിക്കവാറും ഹിംസാത്മകമായി More
 
ഭാഷയില്‍ യുദ്ധമാരംഭിച്ചിരിക്കുന്നു

ഫേസ്ബുക്ക് പ്രതികരണങ്ങള്‍ മുതല്‍ ചാനല്‍ ചര്‍ച്ചകള്‍വരെ പകയുടെയും സംഘര്‍ഷത്തിന്റെയും ഭാഷയിലാകുന്ന ദുര്യോഗത്തെപ്പറ്റി ഡോ. ആസാദ്

രോഗം നമ്മെ ശാന്തരാക്കിയിട്ടില്ല. സ്നേഹമോ സഹിഷ്ണുതയോ കാരുണ്യമോ പകര്‍ന്നില്ല.

വാസ്തവത്തില്‍ നാം സ്നേഹവും, അനുഭാവവുമുള്ളവരാണ്. അതു നമ്മുടെ സ്വന്തം ജാതിയിലോ മതത്തിലോ വര്‍ഗത്തിലോ രാഷ്ട്രീയ കക്ഷിയിലോ ഉള്ളവരോടു മാത്രമാണ്. പുറത്താരെയും സംശയത്തോടെ മാത്രമേ കാണൂ. പരദ്വേഷത്തിന്റെ തീയാണ് ആളുന്നത്. ഫെയ്സ്ബുക് പ്രതികരണങ്ങള്‍ മുതല്‍ ചാനല്‍ ചര്‍ച്ചകള്‍വരെ പകയുടെയും സംഘര്‍ഷത്തിന്റെയും ഭാഷയിലാണ്.

തേച്ചൊട്ടിക്കലും കണക്കു തീര്‍ക്കലും നിറഞ്ഞാടുന്നു. ഭാഷ സ്നേഹരഹിതമായി. മിക്കവാറും ഹിംസാത്മകമായി എന്നു പറയണം. സംവാദത്തിന്റെ തീക്ഷ്ണവേളകളില്‍ പോലും അന്യോന്യാദരവിന്റെ അസാമാന്യമായ തിളക്കം പ്രകടമാവാറുണ്ടായിരുന്നു മുമ്പ്. സംവാദ ശേഷിയോ ആശയബലമോ ആവിഷ്ക്കാര ചാതുരിയോ അല്ല ഇന്നു പ്രതികരണങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. പകയോ അസഹിഷ്ണുതയോ ആണ്. സ്വന്തം ദൗര്‍ബല്യം മറയ്ക്കാനുള്ള വേഷംകെട്ടലാണ് ഈ ഹിംസാടനം.

ഞങ്ങളാവൂ, ഞങ്ങളോടൊപ്പം നില്‍ക്കൂ, ഞങ്ങള്‍ മാത്രം മതി എന്നൊക്കെയുള്ള തീരെ സങ്കുചിതമായ ബോധത്തിന്റെ ഹീനമായ പൊട്ടിത്തെറികളാണ് ചുറ്റും. ആദരണീയരായ ചില എഴുത്തുകാരിലേക്കും എത്ര വേഗമാണ് വിദ്വേഷത്തിന്റെ ഭാഷ കടന്നു കയറിയത്! മനുഷ്യോല്‍ക്കര്‍ഷത്തെ ലക്ഷ്യമാക്കേണ്ടവര്‍ സ്വന്തം കൂട്ടത്തിന്റെ മൗലികതാവാദികളായി വേഷമിടുന്നത് ഭയപ്പെടുത്തുന്നു.

അന്യോന്യ ശത്രുതയുടെ പാളയങ്ങളിലേക്കു നാം ആട്ടിത്തെളിക്കപ്പെടുന്നു. ഭാഷയില്‍ യുദ്ധമാരംഭിച്ചിരിക്കുന്നു. ഭാഷയാണ് ജീവിതം. (അതു വെറും വിനിമയോപാധിയാണ് എന്നത് പഴഞ്ചന്‍ ധാരണയാണ്). ഭാഷയാരംഭിച്ച യുദ്ധം ചോരയണിയാന്‍ ഏറെ വൈകില്ല. ലോകത്തെ ഭയത്തിലാഴ്ത്തിയ പകര്‍ച്ചവ്യാധിയുടെ തീവ്ര വ്യാപനത്തിനിടയിലും നമുക്കു മനുഷ്യരുടെ ഭാഷയില്‍ സംസാരിക്കാനാവുന്നില്ല! അനുതാപമോ കാരുണ്യമോ സ്നേഹമോ ആദരവോ ഭാഷയില്‍ നിറയുന്നില്ല. അക്രമോത്സുകമാണ് ഇടപെടലുകളെല്ലാം.

നാമെങ്ങോട്ടാണ് പോകുന്നതെന്ന്, ആരുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഒരു വീണ്ടുവിചാരം നല്ലതാണ്. പക്ഷെ, ആരോടാണ്, എങ്ങനെയാണ് ഇതു പറയേണ്ടത്? ധാര്‍മ്മിക മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയുള്ള യുദ്ധത്തില്‍ ആരെന്തു നേടാനാണ്?