Movie prime

ശാന്തിപഥത്തിലേക്കുള്ള വഴികള്‍ 

 

പരമമായ ശാന്തിയും സ്‌നേഹവും പുറംലോകത്തു നിന്നാണ് ലഭ്യമാകുക എന്ന തോന്നലാണ് മനുഷ്യനുള്ളത്. അതുതേടിയുള്ള യാത്രയാണ് ജീവിതം. പക്ഷേ സമാധാനം പുറമേ തേടുമ്പോള്‍ അത് ദുഃഖത്തിലേക്കു നയിക്കുന്ന അനുഭവമാണ് കണ്ടുവരുന്നത്. ഓരോ അന്വേഷണവും നടക്കുന്നത് ഉള്ളിലുള്ള വാസനകളുടെയും സംസ്‌കാരത്തിന്റെയും ഓര്‍മ്മകളുടെയും അതില്‍ നിന്നുണ്ടാകുന്ന ചിന്തകളുടെയും അടിസ്ഥാനത്തിലാണ്. സുഖമാണ് ആത്യന്തികലക്ഷ്യമെന്ന ധാരണയോടുകൂടിയാണ് അന്വേഷകന്‍ മുന്നോട്ടു നീങ്ങുന്നത്. പതഞ്ജലി തുടങ്ങിയ ജ്ഞാനികള്‍ പറയുന്നത് 'ദുഃഖമേവ സര്‍വ്വം വിവേകിനഃ' എന്നാണ്. സര്‍വ്വതും ദുഃഖഹേതുവാണെങ്കില്‍ പിന്നെ സുഖത്തിന്റെ സാദ്ധ്യത എവിടെയാണ്?

santhimanthramസുഖത്തിനുവേണ്ടി പുറമെയുള്ള അന്വേഷണം അവസാനിപ്പിച്ച് ഉള്ളിലേക്കു തിരിയുക. അവിടെ സുഖം തിരയുക. അതാണ് ആചാര്യന്മാര്‍ ഉപദേശിക്കുന്നത്. ആ മടക്കയാത്ര എവിടെത്തുടങ്ങണമെന്നും ഏതുമാര്‍ഗ്ഗത്തിലൂടെയാണ് മുന്നോട്ടു നീങ്ങേണ്ടതെന്നും അവര്‍ കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് ബാഹ്യലോകത്ത് അന്വേഷിച്ചാല്‍ ശാശ്വതമായ ആനന്ദം ലഭ്യമാകുകയില്ല എന്നു  മഹാനുഭവന്മാര്‍ പറയുന്നത്?
ബാഹ്യലോകവുമായി മനസ്സ് ബന്ധപ്പെടുന്നത് ഇന്ദ്രിയങ്ങള്‍ വഴിയാണല്ലോ. അപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങളെയും അനുഭൂതികളെയും മനസ്സ് വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ബുദ്ധി ശരിതെറ്റുകള്‍ വ്യവച്ഛേദിക്കുകയും ചെയ്യും. ആ അറിവുകളെ  താന്‍ എന്ന സങ്കല്‍പത്തിനു മുന്‍പില്‍ ബുദ്ധി കൊണ്ടുവന്നു നിര്‍ത്തും. താന്‍ എന്ന സങ്കല്‍പവുമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന അഹങ്കാരം നന്മയില്‍ സന്തോഷിക്കുകയും തിന്മയില്‍ ദുഃഖിക്കുകയും ചെയ്യും. അതുവഴിയാണ് ജീവിതം സുഖദുഃഖസമ്മിശ്രമാണെന്ന തിരിച്ചറിവുണ്ടാകുന്നത്. ഈ തിരിച്ചറിവുണ്ടായതില്‍ സന്തോഷിക്കാനും അത് ആഘോഷിക്കാനും ആ അറിവാണ് താനെന്നു ഉറപ്പിക്കുവാനും ഇത് കാരണമാകുന്നു.

അങ്ങനെ തന്റെ സ്വത്വബോധം ഒരു മഹാവൃക്ഷമായി അനുനിമിഷം വളര്‍ന്നു പന്തലിക്കുന്നു. ഈ പ്രയാണത്തില്‍ എല്ലാം തനിക്കു മനസ്സിലായെന്ന തോന്നലുണ്ടാകുന്നു. അതാണു ശരിയായ താനെന്നു തെറ്റിദ്ധരിച്ച് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകും. പക്ഷേ ഓരോ ഘട്ടത്തിലും സമൂഹത്തില്‍ നിന്നോ മറ്റുചുറ്റുപാടുകളില്‍ നിന്നോ ഈ സ്വത്വത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭമുണ്ടാകും. അത് തന്റെ അസ്ഥിത്വത്തെ ബാധിക്കുന്നതായി അനുഭവപ്പെടാം. അത് അന്വേഷകനെ സ്വാഭാവികമായും ദുഃഖത്തിലേക്കാകും നയിക്കുക. അതുകൊണ്ടാണ് ബാഹ്യലോകത്തില്‍ നിന്നുണ്ടാകുന്ന സൗഖ്യം ഏറ്റക്കുറച്ചില്‍ ഉള്ളതും നിത്യമായി അനുഭവിക്കാന്‍ കഴിയാത്തതുമായി മാറുന്നത്. നിതാന്തമായ സൗഖ്യം മനസ്സിന്റെ സഹായത്തോടെ സാദ്ധ്യമല്ല എന്ന് ആത്മാന്വേഷികളായ ആചാര്യന്മാര്‍ പറയാനുള്ള കാരണവും അതാണ്. അതുകൊണ്ടാണ് മഹാശാന്തിയുടെ മാര്‍ഗ്ഗമായി ഉള്ളിലേക്കുള്ള മടക്കയാത്രയെ മനുഷ്യവര്‍ഗ്ഗത്തിനുമുന്നില്‍ അവര്‍ അവതരിപ്പിച്ചത്.

ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരും. ഈ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാനുള്ള അര്‍ഹത ആര്‍ക്കാണ്?

ഏതു മനുഷ്യനുമുണ്ട് ശാന്തിയും ആനന്ദവും അനുഭവിക്കാനുള്ള ജന്മാവകാശം. എന്നാല്‍ അതിനു സ്വയം ചില തയ്യാറെടുപ്പുകളും പരിപക്വപ്പെടുത്തലുകളും അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും വിശ്രാന്തിയുള്ള ഒരു വ്യക്തിക്ക് ഈ മാര്‍ഗത്തിലേക്ക് വളരെ എളുപ്പം പ്രവേശിക്കാം. എന്നാല്‍ അസ്വസ്ഥമായ ശരീരവും ക്രമരഹിതമായ ശ്വാസഗതിയും ഏകാഗ്രതയില്ലാത്ത മനസ്സും  അച്ചടക്കമില്ലായ്മയും മതിഭ്രമവും ഒക്കെയുള്ള വ്യക്തിക്ക് ഇവയുടെയെല്ലാം ചിട്ടപ്പെടുത്തലുകള്‍ അത്യാവശ്യമാണ്. അത് ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. എങ്ങനെയാണെന്നു പരിശോധിക്കാം.
ഹിംസാത്മകത, സത്യവിരുദ്ധത, അപഹരണമനോഭാവം, അമിതമായ കാമാവേശം, സ്വാര്‍ത്ഥത എന്നിവ സ്വന്തം ജീവിതത്തില്‍ വരുത്തുന്ന വിനാശങ്ങള്‍ നോക്കി മനസ്സിലാക്കി അത് പരിത്യജിക്കാന്‍ സന്നദ്ധനാകണം.

ദേഹശുദ്ധി, പരിസരശുദ്ധി, സംതൃപ്തി, മാനസ്സിക സംഘര്‍ഷത്തിനു കാരണമാകാവുന്ന ആഗ്രഹങ്ങള്‍  ത്യജിക്കുവാനുള്ള സന്നദ്ധത, ഉള്ളിലേക്കു നോക്കി സ്വയം അപഗ്രഥിച്ച് മനസ്സിലാക്കാനുള്ള തയ്യാറെടുപ്പ്, പരിപൂര്‍ണ്ണമായ സമര്‍പ്പണബുദ്ധിയോടുകൂടി ജീവിതം മുന്നോട്ടു നയിക്കാനുള്ള തീരുമാനം എന്നിവ ഉള്ളിലേക്കുള്ള സുഗമമായ മടക്കയാത്രയ്ക്കു് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്.

ഇതോടൊപ്പം ശരീരത്തെയും സജ്ജമാക്കണം. ക്രമവിരുദ്ധമായ ജീവിതചര്യയും ശൈലിയും കൊണ്ട് ശരീരത്തിന്റെ നൈസര്‍ഗ്ഗികതയ്ക്കു സംഭവിച്ച കോട്ടവും ക്ഷീണവും വഴക്കമില്ലായ്മയും പരിഹരിക്കേണ്ടത് അനിവാര്യമാണ്. അതിനു യോഗാസനമുറകളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ശാരീരികവും മാനസ്സികവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അവശ്യം വേണ്ട ഊര്‍ജ്ജം ലഭ്യമാകുന്നത് പ്രാണനില്‍ നിന്നാണ്. ആ ഊര്‍ജ്ജത്തെ അല്ലെങ്കില്‍ പ്രാണനെ ആന്തരികവും ബാഹ്യവുമായ അവയവങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെ പ്രധാനപ്പെട്ട പരിശീലനമാണ്. അതിനെ പ്രാണായാമം എന്നാണ് പറയുന്നത്.  പ്രാണനിലുള്ള നിയന്ത്രണം കൂടി സ്വയത്തമാക്കിക്കഴിഞ്ഞാല്‍ മനസ്സിലേക്കുള്ള യാത്രയ്ക്കു ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ സജ്ജമായെന്ന് ഉറപ്പിക്കാം.

Santhiprasadതുടര്‍ന്നു ചെയ്യേണ്ടത് ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കുകയാണ്. അതായത് ഇന്ദ്രിയങ്ങളെ വിവരശേഖരണം നടത്തുന്നതില്‍ നിന്ന് പിന്‍വലിക്കുക എന്നു ചുരുക്കം. ഇതിനെ പ്രത്യാഹാരം എന്നാണ് പറയുക. അകത്തേക്കു നേരിട്ടു കടക്കാനുള്ള വഴിയാണ് പ്രത്യാഹാരം. ഇവിടെ ബാഹ്യലോകവുമായി സദാ സംവദിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രിയങ്ങളെ പിന്‍വലിച്ച് ഉള്ളില്‍  എന്താണു നടക്കുന്നതെന്നു മനസ്സുകൊണ്ടു നോക്കാന്‍ തുടങ്ങുന്നു. അതോടുകൂടി അകത്തേക്കുള്ള മാര്‍ഗ്ഗം തുറക്കുകയായി. അപ്പോള്‍ മനോവ്യാപാരങ്ങളും മനോനിലയും വികാരവിചാരങ്ങളും വ്യക്തമായി കാണാന്‍ തുടങ്ങും. അത് വിശ്രാന്തിയോടെ സസൂക്ഷ്മം ഒരു സാക്ഷിയെപ്പോലെ കണ്ടുനില്‍ക്കുക മാത്രമാണ് സാധകന്‍ ചെയ്യേണ്ടത്. അപ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവരുന്ന ചിന്തകളുടെ ഉറവിടം ക്രമേണ സാധകനു വ്യക്തമാകും. ചിന്തകള്‍ ഓര്‍മ്മകളില്‍ നിന്നാണ് ഉദ്ഭവിക്കുന്നതെന്നു തിരിച്ചറിയും.

ഈ വേളയില്‍ ഇന്ദ്രിയങ്ങള്‍ ബാഹ്യലോകവുമായി ബന്ധപ്പെടാതെയിരിക്കുന്നതുകൊണ്ട് പുറമെ നിന്ന് മനസ്സിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ഒന്നും തന്നെ കടന്നു വരികയില്ല. അങ്ങനെ സാധകന്റെ ലോകം ബാഹ്യലോകമല്ലാതെയായിത്തീരുന്നു. അന്തര്‍മുഖത്വം സ്ഥായീഭാവമായി മാറുന്നു. അപ്പോള്‍ മനസ്സിന്റെ ആഴത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വെളിവാക്കപ്പെടുന്നു. എങ്ങനെയാണ് ജഢാവസ്ഥയിലുള്ള ഓര്‍മ്മകള്‍ ജീവന്‍ വച്ച് ചിന്തകളായി ചിറകടിച്ചുയരുന്നത് എന്ന് സാധകന്‍ തിരിച്ചറിയുന്നു. ചിന്തകളുടെ ഉറവിടമായ ഓര്‍മ്മകളില്‍ ശ്രദ്ധയര്‍പ്പിച്ചിരിക്കുന്നതുകൊണ്ട് ആ സന്ദര്‍ഭത്തില്‍ മനസ്സ് ഏകാഗ്രമായിരിക്കും. ഈ ഏകാഗ്രതെയെ ആചാര്യന്മാര്‍ ധാരണ എന്നാണു വിശേഷിപ്പിക്കുന്നത്.

ധാരണയുടെ ആരംഭവേളകളില്‍ ഏകാഗ്രത നഷ്ടപ്പെട്ടെന്നു വരാം. ക്രമവും ദീര്‍ഘകാലത്തെ പരിശ്രമവും കൊണ്ട് മനസ്സ് ഏകാഗ്രമാക്കപ്പെടും. അനായാസമായി മനസ്സ് ഒരു ബിന്ദുവിലേക്ക് നിരന്തരമായി ഒഴുകാന്‍ തുടങ്ങുമ്പോള്‍ ധാരണ ധ്യാനമായി മാറുന്നു. മനസ്സ് ധ്യാനനിരതമാകുമ്പോള്‍ ഏതാണോ ധ്യാനബിന്ദു അതുമായി അടുക്കുകയും ആ ധ്യാനബിന്ദുവല്ലാതെ മറ്റൊന്നും പ്രവര്‍ത്തനോന്മുഖമല്ലാതായി തീരുകയും ചെയ്യും. മനസ്സ് ഇത്തരമൊരു സവിശേഷ അവസ്ഥ കൈവരിക്കുമ്പോള്‍ ധ്യാനവിഷയവും ധ്യാനം ചെയ്യുന്ന വ്യക്തിയും ധ്യാനവും ഒന്നായി മാറും. ഈ അവസ്ഥ സമാധി എന്നാണ് അറിയപ്പെടുന്നത്. ധ്യാനവിഷയത്തിനും ധ്യാനിക്കുന്ന വ്യക്തിക്കുമിടയ്ക്കുള്ള സ്ഥലപരിമാണം ചുരുങ്ങി ഇല്ലാതെയാകുന്നു.

ധ്യാനവിഷയം ധ്യാതാവിന്റെ അനുഭവമായി മാറുന്നു. ഈ അനുഭവം വിശേഷജ്ഞാനമായി, അനുഭൂതിയായി പടര്‍ന്നു നിറയുന്നു. ഈ സന്ദര്‍ഭത്തില്‍ ധ്യാതാവിന്റെ പ്രകൃതിയും ബോധവും ധ്യാനവിഷയവുമായി ലയിക്കുന്നു. അപ്പോള്‍ സര്‍വ്വവും ഒന്നാണെന്ന ബോധം തെളിഞ്ഞു പ്രകാശിക്കുന്നു. ആ അനുഭൂതിയില്‍ പ്രപഞ്ചം ലയിച്ചു ചേരുന്നു. രണ്ടില്ലാത്ത ഈ ഉണ്മയുടെ ആനന്ദനിര്‍ഝരിയെ പരമപ്രേമമായി അനുഭവിച്ച് സാധകന്‍ ശാന്തിപഥം നേടുന്നു.