in

പി എച്ച് ഡി ഗുണനിലവാരത്തെപ്പറ്റി യു ജി സി പഠനം

രാജ്യത്തെ സർവകലാശാലകളിലെ പി എച്ച് ഡി തിസീസുകളുടെ ഗുണനിലവാരത്തെപ്പറ്റി യു ജി സി പഠനം നടത്തുന്നു. ഗവേഷണ താല്പര്യമുള്ളവരിൽ നിന്ന് കമ്മീഷൻ  ഇതിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. “ഇന്ത്യൻ സർവകലാശാലകളിലെ പി എച്ച് ഡി പ്രബന്ധങ്ങളുടെ ഗുണനിലവാരം” എന്ന വിഷയത്തിലാണ് പഠനം നടത്തേണ്ടത്. കഴിഞ്ഞ പത്തുവർഷക്കാലത്തിനിടയിൽ പി എച്ച് ഡി നേടുന്നതിനായി സമർപ്പിച്ച തിസീസുകളും ഡിസർട്ടേഷനുകളും ഗവേഷണ പരിധിയിൽ വരും. ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ കണക്കെടുക്കുമ്പോൾ ഇന്ത്യൻ യൂണിവേഴ്‌സിറ്റികൾ  ഇടം പിടിക്കാറില്ല. ഗവേഷണമേഖലയിലെ  മോശം നിലവാരമാണ് പിന്നാക്കാവസ്ഥക്കു കാരണമായി ചൂണ്ടിക്കാട്ടാറുള്ളത്.
അത് പരിഹരിക്കാനുള്ള ചുവടുവെപ്പായും യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷന്റെ ഈ നീക്കത്തെ കാണാം. 

കോപ്പിയടിയാണ് ഈ രംഗത്തെ പ്രധാന വില്ലനായി കരുതപ്പെടുന്നത്. വ്യാജ ഗവേഷണങ്ങളുമുണ്ട്.കാര്യമായ  ഗവേഷണം നടത്താതെ തന്നെ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന പ്രബന്ധങ്ങൾ, പണം നൽകി എഴുതിക്കുന്നവ, വ്യാജ ജേണലുകളിൽ  പ്രസിദ്ധപ്പെടുത്തുന്നവ തുടങ്ങി ഗവേഷണ മേഖലയിൽ കുറേക്കാലമായി നടന്നുവരുന്ന മറ്റു തട്ടിപ്പുകളും  പുറത്തു കൊണ്ടുവരലാണ് യു ജി സി യുടെ  ഉദ്ദേശ്യം. 

കേന്ദ്ര സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, സർക്കാർ ധനസഹായം കൈപ്പറ്റുന്ന സ്വകാര്യ സർവകലാശാലകൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ എന്നിവയെല്ലാം പഠനപരിധിയിൽ പെടും. കഴിഞ്ഞ പത്തുവർഷക്കാലയളവിൽ ഇവിടങ്ങളിൽ നിന്ന് പി എച്ച് ഡി നേടിയവരുടെ ഗവേഷണ പ്രബന്ധങ്ങൾ  പഠനവിധേയമാക്കണം. പ്ലാജിയറിസം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ പുറത്തുകൊണ്ടുവരണം. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യ എപ്പോഴും പുറകിലാക്കപ്പെടുന്നതിന്റെ വസ്തുതകൾ വെളിപ്പെടണം.  ഗവേഷകരുടെ മികവ് പരിശോധിക്കുന്നതിന് പുറമേ യുണിവേഴ്സിറ്റികളും അതിലെ വിവിധ വകുപ്പുകളും ഗവേഷണ മേഖലയ്ക്ക് നിലവിൽ നൽകിവരുന്ന പ്രോത്സാഹനങ്ങളും സംഭാവനകളും പരിശോധനാ വിധേയമാക്കും.

ഗവേഷണ രംഗത്തെ തട്ടിപ്പുകാരോട് അങ്ങേയറ്റം ഉദാരമായ സമീപനമാണ് ഇന്ത്യൻ സർവകലാശാലകൾ കൈക്കൊള്ളുന്നത് എന്ന ആരോപണമുണ്ട്. കോപ്പിയടി പിടിക്കപ്പെട്ടാലും തുടർ നടപടികൾ എടുക്കാറില്ല. ശിക്ഷാ നടപടികൾ സ്വീകരിക്കാത്തതാണ് ഈ രംഗത്തെ പ്രധാന ന്യൂനതയായി കണക്കാക്കപ്പെടുന്നത്.  പി എച്ച് ഡി പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യുന്നവരുടെ എണ്ണം വർഷം തോറും വർധിച്ചുവരുന്നതായി കണക്കുകൾ കാണിക്കുന്നു. രണ്ടായിരത്തിൽ  77,798 പേരാണ് എൻറോൾ ചെയ്തതെങ്കിൽ 2017 ൽ അവരുടെ എണ്ണം 1,61,412 ആയി ഇരട്ടിയിലേറെ  ഉയർന്നു. 

എന്നാൽ പോരായ്‌മകൾ നിലനിൽക്കുമ്പോഴും മികച്ച ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അവയുടെ യഥാർഥ എണ്ണം തിരിച്ചറിയാൻ പഠനം സഹായിക്കുമെന്നുമാണ് യു ജി സി അനുമാനിക്കുന്നത്.   

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കേരളത്തിലെ ആദ്യ സൈബര്‍ ഡിഫെന്‍സ് സെന്ററിന് തുടക്കമായി

ബ്ലോക്ക് ചെയിന്‍ : എ ബി സി ഡി കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു