in ,

ജെന്‍ഡര്‍ പാര്‍ക്കിന് തുല്യ പങ്കാളിത്തവുമായി യുഎന്‍ വിമന്‍

വനിതാശാക്തീകരണത്തിനും ലിംഗസമത്വം ഉറപ്പാക്കുന്നതിനുമായി സാമൂഹിക നീതിവകുപ്പിനു കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച ജെന്‍ഡര്‍ പാര്‍ക്ക് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുഎന്‍ വിമന്‍-ന്‍റെ തുല്യപങ്കാളിത്തത്തില്‍ സംസ്ഥാനത്ത് ബൃഹത്തായ പദ്ധതികള്‍ക്ക് തുടക്കമിടുന്നു. 

യുഎന്‍ വിമന്‍-ന്‍റെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിയിലെത്തിയ ആരോഗ്യ, സാമൂഹികനീതി, വനിതാ ശിശുവികസന വകുപ്പുമന്ത്രി ശ്രീമതി കെകെ ശൈലജയുടെ നേത്വത്തില്‍ യുഎന്‍ ഹൗസില്‍വച്ച് കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതികളുടെ വിശദമായ രൂപരേഖ തയാറാക്കിവരികയാണ്. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനു മുന്നോടിയായി ഡിസംബറില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവയ്ക്കും.

മൂന്നു പ്രധാന മേഖലകളിലാണ് യുഎന്‍ വിമന്‍ ജെന്‍ഡര്‍  പാര്‍ക്കുമായി സഹകരിക്കുക. കോഴിക്കോട് ജെന്‍ഡര്‍  പാര്‍ക്ക് ക്യാമ്പസ് വികസനത്തിന്‍റെ ഭാഗമായി ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍  ആന്‍ഡ് ഡെവലപ്മെന്‍റില്‍ څജെന്‍ഡര്‍ ഡേറ്റ സെന്‍റര്‍چ സ്ഥാപിക്കാന്‍ യുഎന്‍ വിമന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 25-നു നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും സ്ത്രീകളുടെ ആഗോളസ്ഥിതിയെക്കുറിച്ചുള്ള കമ്മീഷന്‍റെ മാര്‍ച്ചില്‍ നടക്കുന്ന എഴുപത്തഞ്ചാമത് സമ്മേളനത്തിലും ജെന്‍ഡര്‍  പാര്‍ക്കുമായി സഹകരിച്ച് പരിപാടി നടത്തും. ലിംഗസമത്വവുമായി ബന്ധപ്പെട്ട് യുഎന്‍ വിമന്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ പത്തു വരെയുള്ള 16 ദിവസം അഖിലേന്ത്യാ വ്യാപകമായി സംഘടിപ്പിക്കുന്ന കര്‍മ്മപരിപാടികളും കേരളത്തില്‍ നടത്തും. 

ശ്രീലങ്ക, മാലി, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുഎന്‍ വിമന്‍ ഓഫീസുകളിലേയ്ക്ക് ജെന്‍ഡര്‍  പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് പാര്‍ക്കിനെ ആഗോളതലത്തില്‍ ഒരു څസൗത്ത് ഏഷ്യന്‍ ഹബ്ബ്’ ആക്കിമാറ്റാനാണ് യുഎന്‍ വിമന്‍ ലക്ഷ്യമിടുന്നത്. സാമൂഹിക സംരംഭങ്ങള്‍ നടപ്പാക്കുന്നതിനുള്ള കരടുനയത്തിനു രൂപം നല്‍കാനും യുഎന്‍ വിമന്‍ ജെന്‍ഡര്‍  പാര്‍ക്കിനെ സഹായിക്കും.

ചര്‍ച്ചകളില്‍ മന്ത്രിക്കു പുറമെ സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത്, ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പി.ടി.എം സുനീഷ് എന്നിവരും യുഎന്‍ വിമന്‍-ന്‍റെ ഡല്‍ഹിയിലെ ബഹുരാഷ്ട്ര ഓഫീസിനെ പ്രതിനിധീകരിച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജും ഡെപ്യൂട്ടി റെപ്രസെന്‍റേറ്റീവുമായ നിഷ്ത സത്യം, പ്രോഗ്രാം സ്പെഷ്യലിസ്റ്റ് അഞ്ജു പാണ്ഡേ, പ്രോഗ്രാം അനലിസ്റ്റ് സന്യ സേത്ത്, കമ്മ്യൂണിക്കേഷന്‍ അനലിസ്റ്റ് ജീവന്‍ കനകശേരി, കണ്‍സള്‍ട്ടന്‍റ് ഇഷിതാകൗള്‍, മോണിറ്ററിംഗ്-ഇവാല്യുവേഷന്‍-പാര്‍ട്ണര്‍ഷിപ്സ് കോര്‍ഡിനേറ്റര്‍ നൂപുര്‍ ജുനുന്‍വാല എന്നിവരും പങ്കെടുത്തു.

കേരളത്തിലെ ഈ മേഖലയില്‍ ഏറെക്കാലമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് യുഎന്‍ വിമന്‍റെ പങ്കാളിത്തമെന്നും നമ്മുടെ സംസ്ഥാനത്തെ അന്താരാഷ്ട്ര വേദികളിലെത്തിക്കുന്നതിന് ഈ പങ്കാളിത്തം ഉപകരിക്കുമെന്നും മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പറഞ്ഞു. 


ലിംഗനീതിക്കും വനിതാശാക്തീകരണത്തിനുമായി സാമൂഹിക നീതിവകുപ്പ് ജെന്‍ഡര്‍  പാര്‍ക്കിലൂടെ നടപ്പാക്കുന്ന നൂതനമായ സംരംഭങ്ങളെ വിപുലീകരിക്കുന്നതിന് ഈ സഹകരണം പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി ശ്രീമതി കെകെ ശൈലജ ചൂണ്ടിക്കാട്ടി.

ദീര്‍ഘകാല പങ്കാളിയെന്ന നിലയില്‍ ജെന്‍ഡര്‍പാര്‍ക്കുമായും സാമൂഹികനീതി വകുപ്പുമായും സഹകരിക്കുന്നതിലും ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായി കൈകോര്‍ക്കുന്നതിലും അഭിമാനമുണ്ടെന്ന് ഓഫീസര്‍ ഇന്‍ ചാര്‍ജും ഡെപ്യൂട്ടി റെപ്രസെന്‍റേറ്റീവുമായ നിഷ്ത സത്യം പറഞ്ഞു. എവിടെയുമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുംവേണ്ടി സുസ്ഥിരവും പ്രതിലോമപരവുമല്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ഏറ്റെടുക്കുമെന്ന് നിഷ്ത കൂട്ടിച്ചേര്‍ത്തു. 


ലിംഗനീതി നയം, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹികസംരംഭങ്ങള്‍ എന്നിവയില്‍ ജെന്‍ഡര്‍  പാര്‍ക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ശ്രീമതി കെകെ ശൈലജയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും യുഎന്‍ വിമന്‍ അധികൃതര്‍ക്ക് വിശദീകരിച്ചു കൊടുത്തുവെന്ന് ഡോ. സുനീഷ് വ്യക്തമാക്കി. 

ലിംഗനീതിക്കുവേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമാണ് ജെന്‍ഡര്‍  പാര്‍ക്ക്. ജെന്‍ഡര്‍  ലൈബ്രറി, മ്യൂസിയം, സുസ്ഥിര സംരംഭങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സഹായകമായ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ ജെന്‍ഡര്‍  പാര്‍ക്കിനുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായി സഹകരിച്ച് ലിംഗസമത്വത്തിനും വനിതകളുടെ അവകാശത്തിനുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് യുഎന്‍ വിമന്‍. ശ്രീലങ്ക, ഭൂട്ടാന്‍, മാലി എന്നീരാജ്യങ്ങള്‍ക്കു കൂടിയുള്ളതാണ് ഡല്‍ഹിയിലെ യുഎന്‍ വിമന്‍ ഓഫീസ്. ബജറ്റുകള്‍, ദേശീയാസൂത്രണം എന്നിവയടക്കം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരിക എന്നത് യുഎന്‍ വിമന്‍-ന്‍റെ  ലക്ഷ്യങ്ങളില്‍ പെടും.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കേരളം പുതിയ കാല്‍വയ്പ്പിലേക്ക്: നവംബര്‍ 15 നല്ലനടപ്പ് ദിനം

​ശബരിമല: ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു