in

രാഹുൽ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംവദിക്കുന്ന വീഡിയോ ഡോക്യുമെൻ്ററി പുറത്തുവിട്ട് കോൺഗ്രസ്

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി നടത്തുന്ന ആശയ വിനിമയത്തിൻ്റെ വീഡിയോ കോൺഗ്രസ് പുറത്തുവിട്ടു. രാഹുൽ ഗാന്ധിയുടെ ആമുഖ സംഭാഷണത്തോടെ ആരംഭിച്ച്‌, അവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് അവസാനിക്കുന്ന വീഡിയോ തയ്യാറാക്കിയിട്ടുള്ളത് ഒരു ഡോക്യുമെൻ്ററി രൂപത്തിലാണ്. 

പതിനേഴ് മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം. ഈയിടെ ലോഞ്ച് ചെയ്ത രാഹുൽ ഗാന്ധിയുടെ ഒഫീഷ്യൽ യു ട്യൂബ് ചാനൽ വഴിയാണ് വീഡിയോ പുറത്തുവിട്ടത്.

ലോക്ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ തൊഴിലാളികൾ ഹരിയാനയിൽ നിന്ന് ഉത്തർപ്രദേശിലെ തങ്ങളുടെ ജന്മഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടയിൽ ഡൽഹിയിൽ വച്ച് രാഹുൽ ഗാന്ധി അവരുമായി സംവദിക്കുന്നതാണ് വീഡിയോയുടെ ഉളളടക്കം. ഡൽഹിയിലെ സുഖ്ദേവ് വിഹാർ ഫ്ലൈഓവറിന് സമീപമാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ഹരിയാനയിലെ അംബാലയിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള ഉത്തർപ്രദേശിലെ ജാൻസിയിലേക്കാണ് തൊഴിലാളികളുടെ പലായനം. മെയ് 16-നാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. നൂറു കിലോമീറ്ററിലേറെ നടന്നു കഴിഞ്ഞ് അല്പനേരം വിശ്രമിക്കുമ്പോഴാണ് ഗാന്ധി അവരെ കാണുന്നത്. 
“രാജ്യത്തിൻ്റെ യഥാർഥ സ്രഷ്ടാക്കളായ കുടിയേറ്റ തൊഴിലാളി സഹോദരങ്ങളുമായി ഞാൻ സംസാരിക്കുന്ന വീഡിയോ” എന്ന തലക്കെട്ടോടെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഒരു മണിക്കൂറോളം രാഹുൽ അവരുമായി സംസാരിച്ചെന്നും അവർക്ക് പറയാനുള്ളതെല്ലാം അദ്ദേഹം കേട്ടെന്നും കോൺഗ്രസ് വിശദീകരിച്ചു. തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വേദനകളും അവർ പങ്കുവെച്ചു. തങ്ങൾ നേരിടുന്ന വിവേചനത്തെപ്പറ്റി ഉള്ളുതുറന്ന് സംസാരിച്ചു. ജോലി സ്ഥലത്തുനിന്ന് ഇത്ര ദൂരെയുള്ള ജന്മഗ്രാമത്തിലേക്ക് കാൽനടയായി യാത്ര ചെയ്യാനുള്ള പ്രയാസങ്ങളെപ്പറ്റി വിശദീകരിച്ചു. തങ്ങളുടെ ഭയവും ആശങ്കയും സ്വപ്നങ്ങളും പ്രതിക്ഷകളുമാണ് ആ പാവങ്ങൾ പങ്കുവെയ്ക്കുന്നത്.
മെയ് 16-ന് നടത്തിയ കൂടിക്കാഴ്ചയ്ക്കു തൊട്ടുപിന്നാലെ ഡെൽഹി പൊലീസ് അവരെ തടഞ്ഞുവെച്ചതായി കോൺഗ്രസ് ആരോപിച്ചു. എന്നാൽ തങ്ങൾ ആരെയും തടഞ്ഞുവെച്ചിട്ടില്ലെന്നും രാഹുൽഗാന്ധി സംസാരിച്ചതിനു ശേഷം അദ്ദേഹത്തിൻ്റെ അനുയായികൾ വന്ന് വാഹനത്തിൽ അവരെ കൂട്ടിക്കൊണ്ടുപോയെന്നും സൗത്ത് ഈസ്റ്റ് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ആർ പി മീന പറഞ്ഞു. 
കോവിഡ്-19 രാജ്യത്തെ  ഒട്ടേറെ ജനവിഭാഗങ്ങളെ ബാധിച്ചെന്നും ഏറ്റവുമധികം ബാധിക്കപ്പെട്ടത് കുടിയേറ്റ തൊഴിലാളികളാണെന്നും 
രാഹുൽ ഗാന്ധി ആമുഖമായി വീഡിയോയിൽ പറയുന്നുണ്ട്. 
ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ് അവർ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത്. പലർക്കും ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല. സർക്കാരുകൾ അവരെ പലയിടത്തും തടഞ്ഞു നിർത്തുന്നു, ഭീഷണിപ്പെടുത്തുന്നു. എന്നാൽ അവർ നടത്തം തുടരുകയാണ്. അവരുടെ ചിന്തകളുടെ നേർകാഴ്ചകളാണ് താൻ ഇതിലൂടെ പങ്കുവെയ്ക്കുന്നത്. 

ജാൻസിയിൽ നിന്നുള്ള മഹേഷ് കുമാർ എന്ന തൊഴിലാളി, തൻ്റെ കാൽനട യാത്ര 120 കിലോമീറ്റർ പിന്നിട്ടതായി വീഡിയോയിൽ പറയുന്നുണ്ട്. തങ്ങൾ നിസ്സഹായരാണെന്നും നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും അയാൾ സങ്കടപ്പെടുന്നു. 
നിർമാണ മേഖലയിൽ പണി ചെയ്യുന്ന ഒരു തൊഴിലാളിയും അയാളുടെ കുടുംബാംഗങ്ങളും അവരുടെ പ്രയാസങ്ങൾ ഇത്തരത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. നാലു ദിവസം മുമ്പെങ്കിലും അറിയിപ്പ് തന്നിരുന്നെങ്കിൽ തങ്ങൾക്ക് ഈ ഗതി വരുമായിരുന്നില്ലെന്ന് അവർ പരിതപിക്കുന്നു. സർക്കാറിൽ നിന്ന് യാതൊരുവിധ സാമ്പത്തിക സഹായവും ലഭിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നുണ്ട്. കൊറോണ വൈറസിനേക്കാൾ തങ്ങൾ ഭയപ്പെടുന്നത് വിശപ്പിനെയാണെന്നും അതിനാൽ എന്തു പ്രയാസം സഹിക്കേണ്ടി വന്നാലും സ്വന്തം വീട്ടിൽ മടങ്ങിയെത്താനാണ് ഈ പെടാപ്പാട് പെടുന്നതെന്നും അവർ പറയുന്നു. 
കുടിയേറ്റ തൊഴിലാളികളോടുള്ള രാഹുലിൻ്റെ  സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ”എൻ്റെ സഹോദരീ സഹോദരന്മാരേ, നിങ്ങളാണ് ഈ രാജ്യത്തിന് കരുത്തു പകരുന്നത്. ഈ രാജ്യത്തിൻ്റെ ഭാരം നിങ്ങളാണ് ചുമക്കുന്നത്. നിങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് മുഴുവൻ ഇന്ത്യക്കാരുടെയും ആഗ്രഹം. “
13 കോടി തൊഴിലാളി കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 7500 രൂപ വീതം നേരിട്ട് നല്കണമെന്ന് രാഹുൽ സർക്കാറിനോട് അഭ്യർഥിക്കുന്ന ഭാഗവും ഡോക്യുമെൻ്ററിയിൽ കാണാം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

അരലക്ഷം പേർക്ക് ജോലി നൽകുമെന്ന് ആമസോൺ ഇന്ത്യ

പത്രത്തിൽ വന്ന ആദ്യ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ച് കെ ആർ മീര