Movie prime

മോദിയുടെ ആറാമത്തെ അഭിസംബോധനയും ബിജെപിയുടെ രാഷ്ട്രീയ അജണ്ടയും

narendra modi നിരവധി വെല്ലുവിളികൾ നേരിടുന്ന ഒരു രാജ്യത്തെ അഭിസംബോധന ചെയ്യാൻ പര്യാപ്തമായിരുന്നില്ല പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രസംഗം. സർക്കാരിൻ്റെ ഉത്തരവാദിത്തം നിറവേറ്റാനുള്ള നയപരമായ തീരുമാനങ്ങൾ സൗജന്യങ്ങളുടെ രൂപത്തിൽ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.narendra modi ലോക്ഡൗൺ നടപടികൾ ലഘൂകരിക്കുകയാണ്, അതിനാൽ ജനങ്ങൾ കരുതലോടെ പെരുമാറണം എന്ന് പതിവുപോലെ അദ്ദേഹം ആഹ്വാനം നല്കി. വൈറസിനെ പ്രതിരോധിക്കുന്നതിൽ നാം കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്ന് പതിവുപോലെ അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ അഞ്ച് അഭിസംബോധനകളുടെയും തനിയാവർത്തനമായിരുന്നു ആറാമത്തേതും. ദി വയറിൽ അജോയ് ആശിർവാദ് More
 
മോദിയുടെ ആറാമത്തെ  അഭിസംബോധനയും ബിജെപിയുടെ രാഷ്ട്രീയ അജണ്ടയും

narendra modi

നിരവധി വെല്ലുവിളികൾ നേരിടുന്ന ഒരു രാജ്യത്തെ അഭിസംബോധന ചെയ്യാൻ പര്യാപ്തമായിരുന്നില്ല പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രസംഗം. സർക്കാരിൻ്റെ ഉത്തരവാദിത്തം നിറവേറ്റാനുള്ള നയപരമായ തീരുമാനങ്ങൾ സൗജന്യങ്ങളുടെ രൂപത്തിൽ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.narendra modi

ലോക്ഡൗൺ നടപടികൾ ലഘൂകരിക്കുകയാണ്, അതിനാൽ ജനങ്ങൾ കരുതലോടെ പെരുമാറണം എന്ന് പതിവുപോലെ അദ്ദേഹം ആഹ്വാനം നല്കി. വൈറസിനെ പ്രതിരോധിക്കുന്നതിൽ നാം കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്ന് പതിവുപോലെ അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ അഞ്ച് അഭിസംബോധനകളുടെയും തനിയാവർത്തനമായിരുന്നു ആറാമത്തേതും.

ദി വയറിൽ അജോയ് ആശിർവാദ് മഹാപ്രശസ്ത എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ

………………….

ഗാൽവൻ താഴ്‌വരയിൽ സമീപനാളുകളിൽ നടന്ന ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ കൈകാര്യം ചെയ്തതിൽ സംഭവിച്ച വീഴ്ചയ്ക്കും, കോവിഡ് -19 പ്രതിസന്ധി നേരിടുന്നതിലുണ്ടായ കെടുകാര്യസ്ഥതയ്ക്കും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രാഷ്ട്രത്തോടുള്ള ആറാമത്തെ അഭിസംബോധന മാധ്യമ തലക്കെട്ടുകളിൽ നിറഞ്ഞു നില്ക്കാൻ കേന്ദ്ര സർക്കാരിന് മറ്റൊരു അവസരം കൂടി നല്കി.

കഴിഞ്ഞ ഒരാഴ്ചയായി, കേന്ദ്ര സർക്കാർ അതിനെതിരെ വിമർശനാത്മകമായി ഉയർന്നുവരുന്ന പ്രതിപക്ഷ ശബ്ദങ്ങൾ മൂടിവെയ്ക്കാനുള്ള സമ്മർദത്തിലായിരുന്നു.

തങ്ങൾക്കനുകൂലമായ ഒരു രാഷ്ട്രീയ ആഖ്യാനത്തെ മുന്നോട്ടുവെച്ചു കൊണ്ടുള്ള വിപുലമായ ഒരു പ്രചാരണ തന്ത്രത്തിനാണ് മോദി സർക്കാർ നേതൃത്വം നൽകിയത്.

തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രിയും, എ എൻ ഐക്ക് നൽകിയ അഭിമുഖത്തിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിച്ചത് ഇക്കാര്യത്തിൽ വർധിച്ചു വരുന്ന പ്രതിപക്ഷ പ്രചാരണത്തെ ദുർബലപ്പെടുത്താനാണ്.

ദേശീയ സുരക്ഷാ പ്രശ്നങ്ങളും ആരോഗ്യ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു എന്ന വിമർശനം പ്രതിപക്ഷം ഒന്നടങ്കം ഉന്നയിച്ചിരുന്നു.

ഇന്തോ-ചൈന ഏറ്റുമുട്ടലിനെത്തുടർന്ന് ചൈനീസ് സാധനങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ ഐടി സെൽ വലിയൊരു പ്രചാരണത്തിന് തുടക്കം കുറിച്ചത് ഈ ലക്ഷ്യം മനസ്സിൽ കണ്ടാണ്.

“43,000 കിലോമീറ്റർ” വരുന്ന ഇന്ത്യൻ ഭൂപ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തത് കോൺഗ്രസ്സാണ് എന്ന ആരോപണവുമായി പാർട്ടി പ്രസിഡണ്ട് ജെ പി നദ്ദ തന്നെ രംഗത്തെത്തി. മുൻ കോൺഗ്രസ് സർക്കാരുകളെ കുറ്റപ്പെടുത്താനുള്ള അദ്ദേഹത്തിൻ്റെ ശ്രമം വസ്തുതാപരമായി പിശകിയതിനാൽ അങ്ങേയറ്റം പരിഹാസ്യമായിപ്പോയി.

നദ്ദയുടെ “43,000 കിലോമീറ്റർ” ട്വീറ്റ് സോഷ്യൽ മീഡിയ വലിയ തമാശയായി ആഘോഷിച്ചു.

ഭൂമിയുടെ മൊത്തം ചുറ്റളവായ 40,075 കിലോമീറ്ററിനെക്കാൾ അധികമാണ് ഈ 43,000 കിലോമീറ്ററെന്ന് ട്വിറ്ററിൽ നദ്ദയ്ക്കെതിരെ ആക്ഷേപങ്ങളും പരിഹാസങ്ങളും നിറഞ്ഞു.

മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചപ്പോൾ മുതൽ, ഇതേപ്പറ്റി വേണ്ടത്ര ഹൈപ്പും, ഒച്ചപ്പാടും, പ്രചാരണ കോലാഹലവും സൃഷ്ടിക്കാൻ ബിജെപി പ്രവർത്തകർക്ക് കഴിഞ്ഞു. തിങ്കളാഴ്ച രാത്രി തന്നെ, ബിജെപിയുടെ ഐടി സെൽ ഒരു ഹൈപ്പർനാഷണലിസ്റ്റ് പിച്ചിലുള്ള പ്രചാരണ ക്യാമ്പെയ്നിന് തന്നെ തുടക്കമിട്ടു. തുടർന്നാണ് ടിക് ടോക്കും വിചാറ്റും ഉൾപ്പെടെ ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള 59 മൊബൈൽ ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിക്കുന്നത്.

മാധ്യമങ്ങളിലെ ബിജെപി അനുകൂലികൾ ഒരു “പുതിയ ഇന്ത്യ” യുടെ തുടക്കമായി ആപ്പ് നിരോധനത്തെ ആഘോഷമാക്കി മാറ്റി. എന്നാൽ സുരക്ഷാ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും ഈ നടപടി ചൈനയേക്കാൾ കൂടുതൽ ദോഷകരമായി ബാധിക്കുക ഇന്ത്യയെ ആണെന്ന് ചൂണ്ടിക്കാട്ടി. ആപ്പ് നിരോധനം ബിജെപിയുടെ ഒരു രാഷ്ട്രീയ സ്റ്റണ്ടല്ലാതെ മറ്റൊന്നുമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.

ഒടുവിൽ മോദി സംസാരിച്ചപ്പോഴും, രാജ്യത്തിന് ഉണർവ് പകരാൻ തക്ക ഒന്നും തന്നെ അതിൽ ഉണ്ടായിരുന്നില്ല. മറ്റെന്തിനെക്കാളും പ്രധാനം ആഭ്യന്തര രാഷ്ട്രീയ പരിഗണനകളാണെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ലോക് ഡൗൺ കാലത്തെ ആറാമത്തെ അഭിസംബോധനയും.

ലോക്ഡൗൺ നടപടികൾ ലഘൂകരിക്കുകയാണ്, അതിനാൽ ജനങ്ങൾ കൂടുതൽ കരുതലോടെ പെരുമാറണം എന്ന് പതിവുപോലെ അദ്ദേഹം ആഹ്വാനം നല്കി. വൈറസിനെ പ്രതിരോധിക്കുന്നതിൽ നാം കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്ന് പതിവുപോലെ അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ അഞ്ച് അഭിസംബോധനകളുടെയും തനിയാവർത്തനമായിരുന്നു ആറാമത്തേതും.

ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചുള്ള രാജ്യത്തിൻ്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്ന് ഒരു വലിയ വിഭാഗം ആളുകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം അക്കാര്യം സ്പർശിച്ചതേയില്ല.

മറിച്ച്, എതിർശബ്ദങ്ങളും സർക്കാർ നടപടികൾക്കെതിരായ വിമർശനാത്മക പ്രതികരണങ്ങളും മുക്കിക്കളയാനാണ് അദ്ദേഹം ഈ അവസരവും ഉപയോഗിച്ചത്.

പൊതുവിതരണ സംവിധാനം (പിഡിഎസ്) വഴിയുള്ള ആനുകൂല്യങ്ങൾ നവംബർ വരെ നീട്ടുന്നതായി പ്രഖ്യാപിച്ചപ്പോൾ “മുഫ്ത്”(സൗജന്യം) എന്ന ഹിന്ദി പദത്തിന് ഒന്നിലധികം തവണ അദ്ദേഹം ഊന്നൽ നൽകി.

രാജ്യത്ത് മുഴുവൻ പേർക്കും ഭക്ഷണവും അതുവഴി അന്തസ്സോടെ ജീവിക്കാനുളള അവരുടെ അവകാശവും ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ സർക്കാർ ജനങ്ങൾക്കുവേണ്ടി എന്തോ വലിയ സൗജന്യങ്ങൾ നല്കുന്നു എന്ന നിലയിലായിരുന്നു അതേപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ അവതരണം.

പ്രധാൻമന്ത്രി ഗരിബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള റേഷൻ പദ്ധതി നവംബർ വരെ നീട്ടുമെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു. ലോകമെമ്പാടുമുള്ള സർക്കാരുകളെ സംബന്ധിച്ചിടത്തോളം, അത്തരമൊരു പ്രഖ്യാപനം ഒരു പ്രതിസന്ധി ഘട്ടത്തിൽ അടിയന്തരമായി സ്വീകരിക്കുന്ന ഭരണപരമായ തീരുമാനങ്ങളിലൊന്നാണ്. എന്നാൽ ഇവിടെ ഇത്തരം ദുരിതാശ്വാസ നടപടികൾ താൻ തന്നെ പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്ന് മോദി കരുതി. അതുവഴി അതിൽ നിന്ന് രാഷ്ട്രീയ മൂലധനം ഉണ്ടാക്കാനുള്ള അവസരം അദ്ദേഹം നഷ്‌ടപ്പെടുത്തിയില്ല.

കൊറോണ വൈറസുമായി പോരാടുന്നതിനിടയിൽ 80 കോടിയിലധികം ഇന്ത്യക്കാർക്ക് “സൗജന്യ” റേഷൻ നൽകിയതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. “പാഞ്ച് കിലോ ഗെയ്ഹു യാ ചാവൽ മുഫ്ത് ദിയ ഗയ. പ്രതി പരിവാർ കോ എക് കിലോ ദാൽ ഭി മില (‘അഞ്ച് കിലോ ഗോതമ്പ് അല്ലെങ്കിൽ അരി സൗജന്യമായി വിതരണം ചെയ്തു. ഓരോ കുടുംബത്തിനും ഒരു കിലോ പയറും ലഭിച്ചു)” , അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ഒരു കിലോ കടല അധികമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പാവപ്പെട്ടവർക്കുള്ള പിഡിഎസ് ആനുകൂല്യങ്ങൾ നവംബർ വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചെന്ന് പ്രത്യേകം എടുത്തു പറഞ്ഞ അദ്ദേഹം അതുകൊണ്ടും പോരാഞ്ഞ് ഇക്കാര്യം കൂടുതൽ വിശദീകരിക്കാൻ ശ്രമിച്ചു. ദീപാവലി, ഛാത്ത് പൂജ വരെ പ്രധാനമന്ത്രി കല്യാൺ ഭക്ഷ്യ പദ്ധതി നീട്ടില്ല. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ മാത്രമാണ് ഈ പദ്ധതി പ്രാബല്യത്തിൽ ഉണ്ടാവുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിശയോക്തികൾ നരേന്ദ്ര മോദിയുടെ പ്രസംഗത്തിൻ്റെ പ്രത്യേകതയാണ്. ഒരു ചെറിയ കാര്യം പോലും അതിശയിപ്പിക്കുന്ന എന്തോ സംഭവമായാണ് അദ്ദേഹം അവതരിപ്പിക്കുക. അക്കങ്ങൾക്ക് അനാവശ്യമായ ഊന്നൽ നൽകുന്ന മോദി കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദരിദ്രർക്ക് 2.75 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകിയതായി അടിവരയിട്ട് പറഞ്ഞു.

20 കോടി ജൻധൻ അക്കൗണ്ടുകളിലേക്ക് 31,000 കോടിയിലധികം രൂപ നേരിട്ട് നിക്ഷേപിച്ചതായും ഒൻപത് കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ സർക്കാർ 18,000 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് റോജ്ഗാർ യോജനയിൽ ഗ്രാമീണ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 50,000 കോടിരൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

ബഹുഭൂരിപക്ഷവും ദരിദ്രരായ, 130 കോടി ജനസംഖ്യയുള്ള ഇന്ത്യയെന്ന വികസ്വര രാജ്യത്തെ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവയുമായാണ് മോദി താരതമ്യപ്പെടുത്തിയത്. ഇന്ത്യയിലെ സൗജന്യ റേഷൻ പദ്ധതിയുടെ വലിപ്പം യുഎസിൻ്റെ 2.5 മടങ്ങ് വരുമെന്നും ബ്രിട്ടനെക്കാൾ 12 മടങ്ങ് കൂടുതലാണെന്നും മുഴുവൻ യൂറോപ്യൻ യൂണിയനെക്കാളും 2 മടങ്ങ് വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തന്റെ സർക്കാരിനെതിരായ വിമർശനങ്ങളിൽ ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളി പ്രശ്നം കൈകാര്യം ചെയ്തതിൽ സംഭവിച്ച വീഴ്ചകൾ ആയതിനാൽ ആവണം ‘ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് ‘ സംവിധാനം എത്രയും വേഗം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഈ പ്രഖ്യാപനങ്ങൾക്ക് ഒരു സാംസ്കാരിക മാനം നൽകാനുള്ള അവസരവും മോദി കൈവിട്ടില്ല. വരാനിരിക്കുന്ന ഹിന്ദു ഉത്സവ സീസണ് ആശ്വാസമായാണ് ഈ പിഡിഎസ് പദ്ധതികൾ എല്ലാം തന്നെ അദ്ദേഹം അവതരിപ്പിച്ചത്. പ്രസംഗത്തിൽ പരാമർശിച്ച ഉത്സവങ്ങളുടെ പട്ടികയിൽ നിന്ന് തന്ത്രപൂർവം മുസ്ലിങ്ങൾ ജൂലൈയിൽ ആഘോഷിക്കുന്ന ഈദ്-ഉൽ-അധയെയും, സിഖുകാർ നവംബർ അവസാനം ആചരിക്കുന്ന ഗുരു പുരബിനെയും ഒഴിവാക്കി.

ഉത്സവകാലം ഛാത്ത് പൂജയിൽ അവസാനിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഡിസംബറിൽ ആഘോഷിക്കുന്ന ക്രിസ്മസിനെയും ഈ പട്ടികയിൽ നിന്ന് ഒഴിവാക്കി. അതേസമയം, അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ വർഷം തോറും ആഘോഷിക്കുന്ന ജനപ്രിയ ഹിന്ദു ഉത്സവമായ ഛാത്ത് പൂജയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം എടുത്തു പറയേണ്ടതുമാണ്.

‘ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് ‘ എന്ന ആശയം വളരെക്കാലമായി പ്രചാരത്തിലുണ്ട്. എന്നാൽ രാജ്യത്ത് ഏറ്റവുമധികം കുടിയേറ്റത്തൊഴിലാളികളുള്ള ബിഹാറിൽ അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മോദി ഈ വിഷയം വലിയ സംഭവമായി എടുത്ത് പയറ്റുന്നത് എന്നത് കാണാം.

പ്രസംഗത്തിൽ മോദി പരാമർശിച്ച മിക്ക കണക്കുകളും മനോഹരമായി കാണപ്പെടുന്നത് കടലാസിൽ മാത്രമാണ്. മോദിയെ കണക്കറ്റ് വിമർശിക്കുന്നതിനിടെ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ഈ കണക്കുകൾ പൊളിച്ചടക്കുന്നുണ്ട്. പിഡിഎസ് ആനുകൂല്യങ്ങൾ തീർത്തും അപര്യാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി വലിയ സംഭവമായി അവതരിപ്പിച്ച ഒറ്റത്തവണ പണം കൈമാറ്റത്തിലൂടെ ഒരു കുടുംബത്തിന് ആകെ കിട്ടിയത് 500 രൂപയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങൾക്കിടയിൽ വരുമാനത്തിൻ്റെ മുഴുവൻ സ്രോതസ്സുകളും നിലച്ചുപോയിട്ടുണ്ട്. എന്നിട്ടും അപര്യാപ്തമായ റേഷൻ കിറ്റുകളാണ് കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത്.

പിഡിഎസ് ആനുകൂല്യങ്ങൾ വിപുലീകരിക്കണമെന്നും വർധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങൾ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നേരത്തേ മുന്നോട്ടുവെച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. “പി‌എം കിസാൻ യോജന രണ്ട് വർഷം പഴക്കമുള്ള പദ്ധതിയാണ്. എന്നാൽ അത് വീണ്ടും വീണ്ടും പ്രഖ്യാപിക്കുകയാണ്. ‘ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് ‘ പദ്ധതിയെപ്പറ്റി പാർലമെന്റിൽ ഏതാണ്ട് 20 തവണയെങ്കിലും പ്രഖ്യാപിച്ചിട്ടുണ്ട്, ”എൻ‌ഡി‌ടി‌വി യുടെ ഒരു പരിപാടിക്കിടയിൽ അദ്ദേഹം വിമർശിച്ചു. ഓരോ പാവപ്പെട്ട കുടുംബത്തിനും 7,500 രൂപയെങ്കിലും ഉടൻ കൈമാറണമെന്ന് കോൺഗ്രസ് വക്താവ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

എന്നിട്ടും, ബിജെപി വക്താവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ, പിഡിഎസ് ക്ഷേമപദ്ധതിയിലെ “സൗജന്യ” വശത്തെക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ എടുത്തുപറഞ്ഞത്.

സർക്കാരിനും അതിനെ നയിക്കുന്ന ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിക്കും ഇടയ്ക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട അകലം പാലിക്കൽ കഴിഞ്ഞ ആറ് വർഷമായി തുടർച്ചയായി കുറഞ്ഞുവരുന്നുണ്ട്. ബിജെപിയുടെ രാഷ്ട്രീയ മുൻഗണനകൾ പലപ്പോഴും കേന്ദ്രസർക്കാരിന്റെ പ്രസ്താവനകളോ നിലപാടുകളോ ആയി അവതരിപ്പിക്കുകയാണ്.

ഉത്തർപ്രദേശിലെ പകർച്ചവ്യാധി സാഹചര്യം കൈകാര്യം ചെയ്തതിന് ആദിത്യനാഥ് സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ട്വീറ്റിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള മുൻകാല സർക്കാരുകളെ കടന്നാക്രമിക്കുന്നുണ്ട്.

ചൊവ്വാഴ്ചത്തെ മോദിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധനയും ഇത്തരത്തിലുള്ളതാണ്.