Movie prime

Watch Video

 

ഗൂഗ്ൾ ഫോട്ടോസിൽ മാറ്റങ്ങൾ


നയാപ്പൈസ ചിലവില്ലാതെ
ഫോട്ടോകളും വീഡിയോകളുമെല്ലാം 
സൂക്ഷിച്ചു വെയ്ക്കാനും ആവശ്യം പോലെ എടുത്ത് ഉപയോഗിക്കാനും ഗൂഗ്ൾ ഫോട്ടോസ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അക്കൗണ്ട് ഇനി പഴയതുപോലെ തോന്നുംപടി ഇഷ്ടം പോലെ ഉപയോഗിക്കാനാവില്ല.
വേണ്ടതും വേണ്ടാത്തതുമെല്ലാം കൊണ്ടുചെന്ന് തള്ളാനുള്ള ഇടമായി അതിനെ ഇനിയും കണക്കാക്കാനാണ് ഭാവമെങ്കിൽ പണി കിട്ടും.
ജൂൺ 1 മുതൽ ഗൂഗ്ൾ അക്കൗണ്ടിലും ഗൂഗ്ൾ ഫോട്ടോസിലുമെല്ലാം ചില മാറ്റങ്ങൾ വരികയാണ്. 
അവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.  

പെയ്ഡ് ആകുമോ?

കൂടുതൽ പേരെ അലട്ടുന്നതും ഈ ചോദ്യമാണ്. ജൂൺ 1-ന് ശേഷം ഗൂഗ്ൾ ഫോട്ടോസ് പെയ്ഡ് ആകുമോ? ആ സംശയം വേണ്ട. പെയ്ഡ് ആകുന്നില്ല. എന്നാൽ, ഉപയോക്താക്കൾക്ക് പഴയതുപോലെ അവരുടെ ഹൈ ക്വാളിറ്റി ഫോട്ടോകൾക്കും വീഡിയോകൾക്കുമായി പരിധിയില്ലാത്ത സ്റ്റോറേജ് ലഭിക്കുകയില്ല. ജൂൺ 1-ന് ശേഷം, ഇവയെല്ലാം നിങ്ങളുടെ അക്കൗണ്ട് സ്റ്റോറേജിലേക്ക് കണക്കാക്കപ്പെടും.
അതായത് അക്കൗണ്ടിൽ സേവ് ചെയ്യുന്ന ഓരോ ഫോട്ടോയും വീഡിയോയും സ്റ്റോറേജിൽ കൗണ്ട് ചെയ്യപ്പെടും. സ്റ്റോറേജ് തീർന്നാൽ തുടർന്നും അതേ മട്ടിൽ ഉപയോഗിക്കണമെങ്കിൽ പണം കൊടുക്കേണ്ടതായും വരും.

ആപ്പിൽ സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റം എന്താണ്?

നിലവിൽ പരിധിയില്ലാത്ത ഹൈ ക്വാളിറ്റി സ്റ്റോറേജാണ് അക്കൗണ്ട് സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. ജൂൺ 1-ന് ശേഷമുള്ള ഗൂഗ്ൾ ഫോട്ടോ സംഭരണ ​​നയത്തിലെ ഏറ്റവും വലിയ മാറ്റമെന്നു പറയുന്നത്, അന്നുമുതൽ, 
ഉയർന്ന നിലവാരത്തിലോ എക്സ്പ്രസ് നിലവാരത്തിലോ ബാക്കപ്പുചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ഉപയോക്താക്കൾക്ക് അവരുടെ ഗൂഗ്ൾ എക്കൗണ്ടിനൊപ്പം സൗജന്യമായി ലഭിക്കുന്ന 15 ജി ബി സംഭരണത്തിൽ കണക്കാക്കപ്പെടും. പ്രത്യേകമായി ഓർക്കേണ്ട സുപ്രധാനമായ ഒരു കാര്യമുണ്ട്. ജി മെയ്ലും ഗൂഗ്ൾ ഡ്രൈവും ഉൾപ്പെടെയാണ് ഈ 15 ജി ബി.

ഗൂഗ്ൾ അക്കൗണ്ട് സ്റ്റോറേജ്  തീർന്നുപോയാൽ എന്താണ് ചെയ്യേണ്ടത്?

2021 ജൂൺ-1 ന് ശേഷം നിങ്ങളുടെ ഗൂഗ്ൾ സ്റ്റോറേജ് തീർന്നു പോയാൽ ഗൂഗിളിൽനിന്ന് അധിക സ്റ്റോറേജ് പണം കൊടുത്ത് വാങ്ങണം. അങ്ങിനെ ചെയ്യുന്നില്ലെങ്കിൽ ജി മെയ്ൽ, ഗൂഗ്ൾ ഫോട്ടോസ് അല്ലെങ്കിൽ ഗൂഗ്ൾ ഡ്രൈവിൽ നിന്ന് നിങ്ങളുടെ പഴയ ഫയലുകളോ ആവശ്യമില്ലാത്ത  ഫോട്ടോകളോ വീഡിയോകളോ ഒക്കെ  ഡിലീറ്റ് ചെയ്യേണ്ടി വരും.15 ജി ബി എന്ന പരിധിക്കുള്ളിൽ നിർത്താനാണ് അങ്ങിനെ ചെയ്യുന്നത്. 
അല്ലെങ്കിൽ പുതിയ ഫോട്ടോകളും വീഡിയോകളും  ബാക്കപ്പ് ചെയ്യാൻ കഴിയില്ല.

ഗൂഗിളിൻ്റെ അൺ സപ്പോർട്ടഡ് വീഡിയോ സ്റ്റോറേജ് നയം എന്താണ്?

2020 ഫെബ്രുവരി 24-ന് ശേഷം അക്കൗണ്ടിലേക്ക് അപ്‌ലോഡുചെയ്യുന്ന അൺ സപ്പോർട്ടഡ് വീഡിയോകൾ നിങ്ങളുടെ സംഭരണ ​​ക്വാട്ടയിൽ കണക്കാക്കപ്പെടുന്നുണ്ട്.

ജൂൺ ഒന്നിന് മുമ്പായി എത്ര ഫോട്ടോകൾ ഗൂഗ്ൾ ഫോട്ടോസ് അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയും?

ജൂൺ 1-ന് മുമ്പ് ദിവസവും
15 ജിബി വരെ ഗൂഗ്ൾ ഫോട്ടോസ് അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയും.

ജൂൺ 1 വരെ ഫോട്ടോകൾ‌ ഒറിജിനൽ ക്വാളിറ്റിയിൽ സ്റ്റോർ ചെയ്യാൻ കഴിയുമോ?

ഇല്ല. ജൂൺ 1 വരെ  ഫോട്ടോകൾ ഒറിജിനൽ  ക്വാളിറ്റിയിൽ സ്റ്റോർ ചെയ്യാനാവില്ല.
ഹൈ ക്വാളിറ്റി ഓപ്ഷനാണ് ഉള്ളത്, അതും 16 മെഗാ പിക്സൽ വരെ.

ഗൂഗ്ൾ ഫോട്ടോസിലെ 
"ഹൈ ക്വാളിറ്റി" ഫോട്ടോസ്  ശരിക്കും എന്താണ്?

സ്പേസ് ലാഭിക്കാനായി കംപ്രസ് ചെയ്താണ് ഇവിടെ ഇമേജുകൾ സ്റ്റോർ ചെയ്യുന്നത്. ഒരു ഫോട്ടോ 16 എം പി യേക്കാൾ വലുതാണെങ്കിൽ, അതിൻ്റെ സൈസ് 16 എം പി യിലേക്ക്  റീസൈസ് ചെയ്യുകയാണ്. 16 മെഗാ പിക്സൽ ഇമേജുകളിൽ നിന്ന്
24 ഇഞ്ച് x 16 ഇഞ്ച്  വലുപ്പത്തിൽ നല്ല നിലവാരമുള്ള  ഫോട്ടോകൾ പ്രിൻ്റ് ചെയ്യാൻ കഴിയും.

സ്റ്റോറേജ് സ്പേസിൽ  ബാക്കി എത്രയുണ്ടെന്ന്  എങ്ങനെ കണ്ടെത്താനാകും?

നിങ്ങളുടെ ഗൂഗ്ൾ അക്കൗണ്ടിലെ ബാക്കപ്പ് രീതി അടിസ്ഥാനമാക്കി സ്റ്റോറേജ് എത്രത്തോളമുണ്ടെന്ന് കണക്കാക്കുന്ന ഒരു പുതിയ ടൂൾ ഗൂഗ്ൾ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റോറേജ് ക്ലീൻ അപ്പ് ചെയ്യാനും ഈ സ്റ്റോറേജ് മാനേജുമെന്റ് ടൂൾ നിങ്ങളെ സഹായിക്കും.

ജൂൺ 1-ന് മുമ്പായി 'ഒറിജിനൽ ക്വാളിറ്റി' ഫോട്ടോകളെ 'ഹൈ ക്വാളിറ്റി' ഫോട്ടോകളായി കൺവെർട്ട് ചെയ്യാൻ കഴിയുമോ?

കഴിയും. നിങ്ങളുടെ ഫോട്ടോകളുടെ അപ്‌ലോഡ് സൈസിൽ മാറ്റം വരുത്താം. ജൂൺ 1 വരെ 'ഒറിജിനൽ ക്വാളിറ്റി' ഫോട്ടോകളെ 'ഹൈ ക്വാളിറ്റി' ഫോട്ടോകളാക്കി കൺവെർട്ട് ചെയ്യാൻ കഴിയും. ഇതുവഴി, നിങ്ങളുടെ സ്റ്റോറേജ് ക്ലീൻ അപ്പ് ചെയ്യാനുമാവും. അഥവാ ഇനി
നിങ്ങളുടെ അപ്‌ലോഡ് സൈസ് മാറ്റാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ സ്റ്റോറേജ് പരിധിക്ക് പുറത്തായി എന്നാണ് അർഥം.

മങ്ങിയ ഫോട്ടോകളും സ്ക്രീൻഷോട്ടുകളും കണ്ടെത്താനും അവ ഇല്ലാതാക്കാനും വഴിയുണ്ടോ?

തീർച്ചയായും കഴിയും. ബ്ലർഡ് അഥവാ മങ്ങിയ ഫോട്ടോകൾ, സ്ക്രീൻഷോട്ടുകൾ, വലിയ വീഡിയോകൾ തുടങ്ങി നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം റിവ്യൂ ചെയ്യാനായി ഗൂഗ്ൾ ഫോട്ടോസ് ആപ്പിൽ പുതിയൊരു ടൂൾ കൊണ്ടുവന്നിട്ടുണ്ട്. 

അക്കൗണ്ടിലെ ചിത്രങ്ങൾ പേഴ്സണൽ കമ്പ്യൂട്ടറിലേക്ക് മാറ്റാൻ  കഴിയുമോ? 

കഴിയും. ഗൂഗ്ൾ ഫോട്ടോസിൽ സേവ് ചെയ്തിട്ടുള്ള ഫോട്ടോകളും വീഡിയോകളും സെലക്റ്റ് ചെയ്തോ അല്ലെങ്കിൽ മുഴുവനായോ പി സി യിലേക്ക് മാറ്റി സ്റ്റോർ ചെയ്യാനാവും.

ഗൂഗ്ൾ 
ഫോട്ടോസിൽനിന്ന് ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യാൻ എന്താണ് വേണ്ടത്?

നല്ലൊരു ഇന്റർനെറ്റ് കണക്ഷനും ബാക്കപ്പിന് ആവശ്യമായത്ര സ്റ്റോറേജ് സൈസുമാണ് ഇതിന് വേണ്ടത്.

ബാക്കപ്പ് ചെയ്യാൻ കഴിയുന്നതും കഴിയാത്തതുമായ ഫയൽ സൈസ് എത്രയാണ്?

200 എം ബി അഥവാ 150 മെഗാ പിക്സലിനേക്കാൾ വലിപ്പമുള്ള ഫോട്ടോകൾ, 
10 ജി ബി യിൽ കൂടുതലുള്ള വീഡിയോകൾ, 256 x 256 സൈസിൽ താഴെയുള്ള വീഡിയോകൾ എന്നിവ ബാക്ക് അപ്പ് ചെയ്യാനാവില്ല.

ഗൂഗ്ൾ ഫോട്ടോസ് സപ്പോർട്ട് ചെയ്യുന്ന ഫോർമാറ്റുകൾ ഏതെല്ലാമാണ്?

.jpg, .heic, .png, .webp, .gif എന്നീ ഫോർമാറ്റുകളും ചില റോ ഫയലുകളും ഗൂഗ്ൾ ഫോട്ടോസ് സപ്പോർട്ട് ചെയ്യുന്നുണ്ട്. ഐ ഫോണിലും ഐപാഡിലും ഗൂഗ്ൾ ഫോട്ടോസ് അപ്ലിക്കേഷൻ ഉപയോഗിക്കുകയാണെങ്കിൽ ലൈവ് ഫോട്ടോകൾ ബാക്കപ്പ് ചെയ്യാൻ കഴിയും. 
പിന്തുണയ്‌ക്കുന്ന വീഡിയോ ഫോർമാറ്റിൽ .mpg, .mod, .mmv, .tod, .wmv, .asf, .avi, .divx, .mov, .m4v, .3gp, .3g2, .mp4, .m2t, .m2ts, .mts, .mkv എന്നിവ ഉൾപ്പെടുന്നു.

ഗൂഗ്ൾ ഫോട്ടോസിന്  മാത്രമായി ഉള്ളതാണോ 15 ജി ബി സ്റ്റോറേജ് ?

ഒരിക്കലുമല്ല. ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതും അക്കാര്യമാണ്. ഗൂഗ്ൾ ഫോട്ടോസ്, ഗൂഗ്ൾ ഡ്രൈവ്, ജി മെയ്ൽ... അങ്ങിനെ ഒന്നിലധികം ഗൂഗ്ൾ പ്രൊഡക്റ്റുകൾക്ക് മൊത്തമായി അനുവദിച്ചിട്ടുള്ള സൗജന്യ സ്റ്റോറേജ് സ്പെയ്സ് ആണ് 15 ജി ബി. 

15 ജി ബി പരിധി മറികടന്നാൽ പിന്നീട് എന്താണ് സംഭവിക്കുന്നത്?

സ്റ്റോറേജ് പൂർണമായി  ഉപയോഗിച്ചു കഴിഞ്ഞാൽ 
ഡ്രൈവിൽ പുതിയ ഫയലുകൾ ബാക്കപ്പ് ചെയ്യാൻ കഴിയില്ല. ജൂൺ 1-ന് ശേഷം ഗൂഗ്ൾ ഫോട്ടോസിൽ ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്യാൻ കഴിയില്ല.  
ജി മെയ്ലിൽ സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയില്ല.  
അയച്ച സന്ദേശങ്ങൾ അയച്ചയാൾക്ക് തന്നെ തിരികെ ലഭിക്കും.

പണം നല്കി അഡീഷണൽ സ്റ്റോറേജ് വാങ്ങാതിരുന്നാൽ  ഡാറ്റയെല്ലാം നഷ്ടപ്പെടുമോ?

നിങ്ങളുടെ സ്റ്റോറേജ് ക്വാട്ട പൂർണമായും ഉപയോഗിച്ചു കഴിഞ്ഞാൽ, പുതിയ സ്റ്റോറേജ് വാങ്ങുകയോ ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റ് ചെയ്ത് സ്റ്റോറേജ്  വീണ്ടെടുക്കുകയോ ചെയ്യണം. അങ്ങിനെ ചെയ്യാത്തപക്ഷം  നിങ്ങളുടെ ഗൂഗ്ൾ അക്കൗണ്ട് തുടർന്നും ഉപയോഗിക്കാൻ കഴിയില്ല. ഗൂഗ്ൾ അക്കൗണ്ട് 2 വർഷമോ അതിൽ കൂടുതലോ നിഷ്‌ക്രിയമായി തുടരുകയാണെങ്കിൽ 
നിങ്ങളുടെ എല്ലാ ജി മെയിലുകളും ഗൂഗ്ൾ ഡ്രൈവ് ഫയലുകളും ഗൂഗ്ൾ ഫോട്ടോസിൽ സ്റ്റോർ ചെയ്തിട്ടുള്ള ഫോട്ടോകളും വീഡിയോകളും നഷ്ടമായേക്കാം.

സ്റ്റോറേജ്  തീർന്നാൽ എന്താണ് ചെയ്യേണ്ടത് ?

നിങ്ങളുടെ സ്റ്റോറേജ് അതിൻ്റെ ​​പരിധിയിലെത്തിക്കഴിഞ്ഞാൽ, ഗൂഗ്ൾ വൺ സബ്‌സ്‌ക്രൈബ് ചെയ്ത് അധിക സ്റ്റോറേജ് വാങ്ങാനാവും. IOS, Android, Windows ഡിവൈസുകളിലെല്ലാം ഗൂഗ്ൾ വൺ പ്ലാനുകൾ ഉപയോഗിക്കാൻ കഴിയും.

ഗൂഗ്ൾ വൺ പ്ലാനുകളുടെ കോസ്റ്റ് എത്രയാണ്

നമ്മുടെ രാജ്യത്ത് 3  പ്ലാനുകളാണ് ഗൂഗ്ൾ വൺ ഓഫർ ചെയ്യുന്നത്. ബേസിക് പ്ലാനിന് പ്രതിമാസം 130 രൂപ ഈടാക്കുന്നുണ്ട്. 100 ജി ബി സ്റ്റോറേജാണ് വാഗ്ദാനം ചെയ്യുന്നത്. 200 ജി ബി സ്റ്റോറേജ് പ്ലാനിന് 210 രൂപയാണ്. 2 ടി ബി പ്ലാനിന് പ്രതിമാസം 650 രൂപയാണ് വില.

ഗൂഗ്ൾ വൺ പ്ലാൻ മറ്റുള്ളവരുമായി പങ്കിടാൻ കഴിയുമോ?

അഞ്ചു പേർക്കുവരെ ഒന്നിച്ച് ഷെയർ ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഗൂഗ്ൾ വൺ പ്ലാനുകൾ ഉള്ളത്. 

ഗൂഗ്ൾ വൺ പ്ലാനിനൊപ്പം  എന്തെങ്കിലും അഡീഷണൽ പെർക്ക് ഓഫറുകളുണ്ടോ?

ഗൂഗിൾ വൺ പ്ലാനിനൊപ്പം എക്സ്ട്രാ പെർക്കായി ഗൂഗ്ൾ എക്സ്പർട്ടിലേക്കുള്ള ആക്സസ് കൂടി നൽകുന്നുണ്ട്. നിലവിൽ ആ ഓഫർ മാത്രമാണ് ഉള്ളതെങ്കിലും ജൂൺ ഒന്നിനുശേഷം ആകർഷകമായ കൂടുതൽ ഓഫറുകൾ പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് കാണുന്നത്. 

പിക്സൽ ഉപയോക്താക്കൾക്കുള്ള ഗൂഗ്ൾ സ്റ്റോറേജ് ​​പോളിസി എന്താണ്?

പിക്സൽ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് നിലവിലെ പരിധിയില്ലാത്ത ഹൈ ക്വാളിറ്റി സ്റ്റോറേജ് ഓഫറിൽ മാറ്റമില്ല.   
എന്നാൽ, മറ്റ് ഉപകരണങ്ങളിൽനിന്ന് ഹൈ ക്വാളിറ്റി ഫോട്ടോകളും വീഡിയോകളും 
പിക്സൽ ഡിവൈസുകളിലേക്ക്
അപ് ലോഡ് ചെയ്താൽ 2021 ജൂൺ 1-ന് ശേഷം അവ നിങ്ങളുടെ ഗൂഗ്ൾ അക്കൗണ്ട് സ്റ്റോറേജിലേക്ക് കൗണ്ട് ചെയ്യപ്പെടും