in

PUBG യുടെ ഫുൾ ഫോം എന്താ ?

എന്താ ? അത് തന്നെയാണ് അമിതാഭ്‌ ബച്ചൻ ചോദിച്ചത്. അവിടെയാണ് മത്സരാർഥി വിവേക് ഭഗതിന് ഉത്തരം മുട്ടിയതും. മറ്റെല്ലാ ചോദ്യങ്ങൾക്കും അനായാസം ഉത്തരം പറഞ്ഞ വിവേക് പബ്ജി യിൽ എത്തിയപ്പോൾ വഴിമുട്ടിപ്പോയി. ചോദ്യശരങ്ങൾ തലങ്ങും വിലങ്ങും പായുന്ന കോൺ ബനേഗാ ക്രോർപതിയുടെ ബാറ്റിൽ ഗ്രൗണ്ടിലാണ് പബ്ജി കളി വിട്ട് കാര്യമാകുന്നത്. 

പബ്ജി എന്ന ഗെയിമിനെപ്പറ്റി കേൾക്കാത്തവരില്ല. ഇപ്പോഴത്തെ തലമുറയിൽ പബ്ജി കളിക്കാത്തവരുമില്ല. എന്നാൽ എന്താണ് പബ്ജി ?  പലർക്കും, എന്നല്ല മിക്കവർക്കും അതറിയില്ല. പബ്ജി യുടെ ഫുൾ ഫോം അഥവാ പൂർണ രൂപം ചോദിച്ചാൽ  തലചൊറിയും.  അതൊരു എക്രോനിം അഥവാ ഏതാനും വാക്കുകളുടെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്തുള്ള വാക്കാണ് എന്ന കാര്യം പോലും മിക്കവർക്കും അറിയില്ല.  


വിവേകിന്റെയും പ്രശ്‍നം അതായിരുന്നു.  ഒടുവിൽ ലൈഫ് ലൈനിലൂടെ കാണികളുടെ സഹായത്തോടെയാണ് വിവേക് രക്ഷപ്പെട്ടത്. ഓഡിയൻസ് പോളിൽ 92 ശതമാനം പേരും പബ്ജി എന്നാൽ പ്ളേയേഴ്‌സ് അൺനോൺ ബാറ്റിൽ ഗ്രൗണ്ട്സ് എന്ന് പറഞ്ഞപ്പോൾ വിവേകിന്റെ ഉള്ളിലും വിവേകമുദിച്ചു. 

ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂ ഹോളിന്റെ കീഴിലുള്ള പബ്ജി കോർപ്പറേഷനാണ് ലോകമെങ്ങും തരംഗമായി മാറിയ പബ്ജിയുടെ നിർമാതാക്കൾ. നൂറോളം കളിക്കാർ ഒരു പാരച്യൂട്ടിൽ ഒറ്റപ്പെട്ട ഒരു ദ്വീപിൽ ഇറങ്ങുന്നു. ആയുധങ്ങളും മറ്റുപകരണങ്ങളും കൈക്കലാക്കി അങ്ങോട്ടുമിങ്ങോട്ടും കൊന്നൊടുക്കാൻ തുടങ്ങുന്നു. യുദ്ധക്കളത്തിലെ ജീവന്മരണ പോരാട്ടത്തിനിടയിൽ അവശേഷിക്കുന്ന കളിക്കാരൻ അഥവാ ടീം ജേതാവാകുന്നു. 

2000 ത്തിൽ പുറത്തിറങ്ങിയ ജാപ്പനീസ് സിനിമയായ ബാറ്റിൽ റോയലേയുടെ ചുവടുപിടിച്ചാണ് പബ്ജിക്കു കമ്പനി രൂപം നൽകിയത്. ബ്രെണ്ടൻ ഗ്രീൻ ആണ് മൾട്ടി പ്ളേയർ മോഡിലുളള ഗെയിമിന്റെ ഡയറക്ർ. ഗോൾഡൻ ജോയ്‌സ്‌റ്റിക് അവാർഡ്, ഇറ്റാലിയൻ വീഡിയോ ഗെയിം അവാർഡ്, ന്യൂയോർക്ക് ഗെയിം അവാർഡ്, ഓസ്‌ത്രേലിയൻ ഗെയിം അവാർഡ്, ബി ബി സി അവാർഡ് ഉൾപ്പെടെ ഈ രംഗത്തെ ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷനുകൾ കരസ്ഥമാക്കിയ പബ്ജി  മിക്കതിലും ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ട്.   

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഫോക്‌സ്‌വാഗനുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി മഹീന്ദ്ര ലോജിസ്റ്റിക്‌സ്

പുതുക്കിയ മത്സര തീയതികളുമായി ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഓഗസ്റ്റ് 31 മുതല്‍